- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൽഷിഫ ആശുപത്രിയിൽ ഹമാസിന്റെ തുരങ്ക കവാടം കണ്ടെത്തിയെന്ന് ഇസ്രയേൽ സേന; രണ്ടു ബന്ദികളുടെ മൃതദേഹം കണ്ടെടുത്തു; ആശുപത്രിക്ക് അടിയിൽ ഹമാസിന്റെ കമാൻഡ് കേന്ദ്രം ഉണ്ടെന്ന് തെളിയിക്കാൻ ശ്രമം തുടരുന്നു
യെരുശലേം: ഗസ്സയിലെ അൽഷിഫ ആശുപത്രിക്ക് നേരേ നടത്തിയ ആക്രമണങ്ങളുടെ പേരിൽ വിമർശനം ഉയരുമ്പോൾ, ആശുപത്രിയിൽ ഹമാസിന്റെ തുരങ്ക കവാടം കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം. ഇതിന് അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നും രണ്ടു ബന്ദികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു. അൽഷിഫ ആശുപത്രിയുടെ പുറത്തുള്ള ഭാഗത്താണ് തുരങ്കത്തിന്റെ പ്രവേശന കവാടം. ആശുപത്രിക്ക് അടിയിൽ ഹമാസിന്റെ കമാൻഡ് കേന്ദ്രമുണ്ടെന്ന് ആരോപിച്ചാണ് രണ്ടുദിവസം മുമ്പ് ഇസ്രയേൽ പ്രതിരോധ സേന ആശുപത്രിയിൽ പ്രവേശിച്ചത്.
യെഹുദിത് വീസ്(64), ഇസ്രയേൽ വനിതാ സൈനിക ഉദ്യോഗസ്ഥ നോവ മർസിയാനോ(19) എന്നീ ബന്ദികളുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ബന്ദികളാക്കിയവരെ അൽ ഷിഫ ആശുപത്രിയിലാണു ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന 'ശക്തമായ സൂചന' കിട്ടിയിരുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു.
അതുകൊണ്ടാണ് ആശുപത്രിയിൽ സൈന്യം പ്രവേശിച്ചത്. ഈയാഴ്ചയാദ്യം ഇസ്രയേൽ സേനയുടെ ഓപ്പറേഷനു പിന്നാലെ ഹമാസ് ഇവിടെനിന്നു മാറിയിരിക്കാം'' യുഎസ് മാധ്യമമായ സിബിഎസ് ഈവനിങ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ നെതന്യാഹു വ്യക്തമാക്കി.
തുരങ്കത്തിന്റെ പ്രവേശന കവാടം കൂടാതെ ഒരു ട്രക്ക് നിറയെ ആയുധങ്ങളും ആശുപത്രി വളപ്പിൽ നിന്ന് കണ്ടെടുത്തതായി ഐഡിഎഫ് അവകാശപ്പെടുന്നു. ആശുപത്രി കെട്ടിടത്തിന് അടിയിൽ ഹമാസ് കമാൻഡ് കേന്ദ്രമുണ്ടെന്ന അവകാശവാദം ഇസ്രയേൽ സേനയ്ക്ക് തെളിയിക്കാൻ ആയിട്ടില്ല. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിലെ ജീവനക്കാരും, ഹമാസും ഇസ്രയേലിന്റെ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
തുരങ്ക താവളത്തിന് തെളിവുകൾ കണ്ടെത്തിയെങ്കിലും, ഹമാസ് ആസ്ഥാനത്തിന്റെ തെളിവുകൾ കണ്ടെത്താനാകാത്തത് ഇസ്രയേൽ സേനയ്ക്ക് തിരിച്ചടിയായി. ഹമാസ് ബന്ദിയാക്കിയ 19 കാരിയായ നോവ മർസിയാനോ കൊല്ലപ്പെട്ടുവെന്ന് സൈന്യം ഈയാഴ്ച ആദ്യം സ്ഥിരീകരിച്ചിരുന്നു.
സൈനിക ഉദ്യോഗസ്ഥ ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറയുന്നത്. മറ്റൊരു ബന്ദിയായ യെഹുദിത് വീസിനെ ബീരിയിലെ കിബുത്സിലെ വസതിയിൽ നിന്നാണ് ഹമാസ് തട്ടിയെടുത്ത് ബന്ദിയാക്കിയത്.
ഇവരുടെ ഭർത്താവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഹമാസ് ബന്ദിയാക്കുമ്പോൾ വീസ് കാൻസറിന് ചികിത്സിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ മരണകാരണം അർബുദമാണോ എന്ന് വ്യക്തമല്ല.
ഏകദേശം 240 പേരെയാണ് ഹമാസിന്റെ കടന്നുകയറ്റത്തിൽ ബന്ദികളാക്കിയത്. അതേസമയം, വൈദ്യുതിയില്ലാത്തതിനാൽ അടിസ്ഥാന ഉപകരണങ്ങളുടെ വരെ പ്രവർത്തനം നിലച്ച അൽഷിഫ ആശുപത്രിയിൽ കുടുങ്ങിയ നൂറുകണക്കിനു രോഗികളുടെയും, ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നു. വൈദ്യസഹായം കിട്ടാതെ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മരിക്കുകയാണ്.
അൽഷിഫയിൽ ഇസ്രയേലി കമാൻഡോകൾ പരിശോധന തുടരുകയാണ്. ഹമാസിന്റെ ആസ്ഥാന കേന്ദ്രം കണ്ടെത്താൻ ആഴ്ചകൾ എടുത്തേക്കുമെന്നും ഐഡിഎഫ് പറയുന്നു. ആശുപത്രിയിലെ കമ്പ്യൂട്ടറുകളിൽ ഹമാസ് ബന്ദികളാക്കിയവരുടെ വിവരങ്ങൾ കണ്ടെത്തിയെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.
അതേസമയം, ആശുപത്രി ഒഴിപ്പിച്ചെടുക്കുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നിലെ വെല്ലുവിളി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സാധ്യതകൾ പരിമിതമാണ്. സാധാരണക്കാരുടെ ജീവഹാനി ഒഴിവാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ലെന്ന നെതൻയ്യാഹു തന്നെ സമ്മതിച്ചിട്ടുണ്ട്. ഹമാസ് അവരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ആവർത്തിക്കുന്നു.
മറുനാടന് ഡെസ്ക്