- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കയിലും മദീനയിലും ഫലസ്തീനിനുവേണ്ടി പ്രാർത്ഥിച്ചാൽ വിവരം അറിയും; ഗസ്സക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാൽ അകത്താവും; ഫലസ്തീനുവേണ്ടി പ്രാർത്ഥിച്ച ബ്രിട്ടീഷ് നടൻ തടങ്കലിലായത് മണിക്കൂറുകൾ; സൗദി അറേബ്യയിൽ സംഭവിക്കുന്നത് ഇതാണ്!
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഫലസ്തീൻ ഐക്യദാർഢ്യറാലി നടന്നത് കേരളത്തിലാണെന്നാണ് പറയുക. ഗസ്സയിലും വെസ്റ്റ്ബാങ്കിലും പോലുമില്ലാത്ത ഹമാസ് അനുഭാവികളെ നമുക്ക് കേരളത്തിൽ കാണാം. ഈയിടെ നടന്ന സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യറാലിയിൽ, പ്രസംഗം നടക്കുന്നതിനിടെ സമസ്ത നേതാവ്, ഉമ്മർ ഫൈസി മുക്കം നിസ്ക്കരിച്ചതും വാർത്തയായിരുന്നു. എന്നാൽ ഇതേ നിസ്ക്കാരവും കൂട്ട പ്രാർത്ഥനയും ഫലസ്തീൻ ഐക്യദാർഢ്യറാലിയും നിങ്ങൾക്ക് ഇസ്ലാമിന്റെ ഏറ്റവും പ്രധാന കേന്ദ്രങ്ങളായ മക്കയിലും മദീനയിലും വെച്ച് നടത്താൻ കഴിയില്ല. ഫലസ്തീനിനുവേണ്ടി പ്രാർത്ഥിക്കുകയും, ഗസ്സക്ക് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന തീർത്ഥാടകരെ സൗദി അറേബ്യ തടങ്കലിലാക്കുകയാണ്. ആരാധനാലയങ്ങളിൽ ഇത്തരം കാര്യമൊന്നും അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്.
കഴിഞ്ഞ ദിവസം, കുടുംബത്തോടൊപ്പം മക്കയിൽ തീർത്ഥാടനത്തിന് എത്തിയ ബ്രിട്ടീഷ് നടൻ ഇസ്ലാഹ് അബുദ്റഹിമാനെ സൗദി അധികൃതർ തടഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. 'പരമ്പരാഗത വേഷവിതാനമായ കഫയയും, കൈയിൽ ഫലസ്തീനിയൻ രീതിയിലുള്ള തസ്ഹീബും ( ജപമാല) ധരിച്ചതിന് നാല് സൈനികൾ എന്നെ തടഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു എന്ന സംശയിക്കുന്ന ആളുകളെ പാർപ്പിക്കുന്ന ഒരു സ്ഥലത്തേക്ക് അവർ എന്നെ കൊണ്ടുപോയി. വേറെ ചില സൈനികർ ചേർന്ന് ഞാൻ ഏത് രാജ്യത്തുനിന്നാണ് വന്നത്, എത്രകാലത്തേക്കാണ് എന്നൊക്കെ ചോദിച്ചു. എങ്ങനെയാണ് കഫയ ധരിച്ചത് എന്ന് ഒന്നുകൂടെ കാണിക്കാനും സൈനികർ ആവശ്യപ്പെട്ടു. എന്റെ കഫയ തന്നെ ആയിരുന്നു അവരുടെ പ്രശ്നം. അറബിയിൽ സംസാരിക്കുമ്പോൾ ഫലസ്തീനിയൻ കഫിയ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരന്നു. എന്നെ മോചിപ്പിക്കാൻ നേരം കഫിയ വാങ്ങിവെച്ചു. ഇത് ധരിക്കരുതെന്ന് സൈനികൾ പറഞ്ഞു''-തനിക്കുണ്ടായ അനുഭവം നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഇങ്ങനെയാണ്. പിന്നാലെ സൗദി അറ്യേബ്യൻ പൗരന്മാരിൽ നിന്ന്, വിദ്വേഷ കമന്റുകൾ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആരാധനാ കേന്ദ്രങ്ങളിൽ, പതാകകളും ചിഹ്നങ്ങളും പതിക്കാൻ പാടില്ല എന്നാണ് സൗദി നിയമമെന്നാണ് ഇൻസ്റ്റഗ്രാം കമന്റുകൾ.
എന്നാൽ മക്കയെ മോശമായി കാണിക്കയല്ല തന്റെ ഉദ്ദേശമെന്നം, ഫലസ്തീനികൾക്ക് അവരുടെ ശബ്ദം ഉയർത്താൻ, യാതൊരു മാർഗവും ഇല്ല എന്ന് കാണിക്കക മാത്രമായിരുന്നുവെന്നും അബ്ദുറഹിമാൻ പറഞ്ഞു. പക്ഷേ തങ്ങളുടെ രാജ്യത്ത് ഗസ്സ അനുകൂല പരിപാടികൾ ഒന്നും വേണ്ട എന്നാണ് സൗദിയുടെ നിലപാട്. ഗസ്സയിൽ കൊല്ലപ്പെടുന്ന കുട്ടികളോടും സാധാരണക്കാരോടും, ഐക്യദാർഢ്യം ഉണ്ടെങ്കിലും, പരസ്യമായ ഹമാസ് അനുകൂല പരിപാടികൾ ഒന്നും സൗദി അനുവദിക്കാറില്ല. ഹമാസിനെ ഒരു തീവ്രവാദ സംഘടനയായാണ് സൗദി വിലയിരുത്തുന്നതും. മാത്രമല്ല, യമനിലെ ഹൂതി വിമതർക്കെതിരെ ശക്തമായ പോരാട്ടമാണ് സൗദി നടത്തുന്നത്. അതുപോലെ ഇപ്പോൾ ഇസ്രയേലിനെ ആക്രമിക്കുന്ന ലബനലിലെ ഹിസ്ബുല്ലയും തങ്ങൾക്ക് ഭീഷണിയായി സൗദി കരുതുന്നു. മാത്രമല്ല അടുത്തകാലത്തായി നല്ല ബന്ധത്തിലേക്ക് നീങ്ങുകയാണ് സൗദിയും ഇസ്രയേലും. ഇവർ തമ്മിൽ കരാർ ഒപ്പിടാൻ വരെവെയാണ് ഹമാസ് ആക്രമണം ഉണ്ടാവുന്നതും.
സൗദി മാത്രമല്ല, തൊട്ടടുത്തുള്ള ഈജിപ്തും, ജോർദാനും, സിറിയയും, ലബനനും അടക്കമുള്ള രാജ്യങ്ങൾ ഇപ്പോൾ പഴയതുപോലെ ഫലസ്തീനിന്റെ വിഷയത്തിൽ ഇടപെടാറില്ല. ഒഐസി ഓർഗനൈസഷേൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ഇസ്രയേലിന് എണ്ണ കൊടുക്കില്ല എന്ന് പ്രഖ്യാപിച്ചെങ്കിലും വൈകാതെ അത് തിരുത്തേണ്ടി വന്നു. നൂപൂർ ശർമ്മ പ്രവാചക നിന്ദനടത്തിയെന്ന് പറഞ്ഞ് അവർക്കെതിരെപോലും നടപടി ആവശ്യപ്പെട്ട സംഘടനയാണ് ഒഐസി.
സമാനമായ അനുഭവങ്ങൾ നിരവധി
നടൻ അബ്ദുറഹ്മാന്റെ കഥ ഓൺലൈനിൽ വൈറലായതോടെ പലരും സൗദിയിൽ വെച്ചുണ്ടായ സമാനമായ അനുഭവങ്ങൾ പറയുന്നുണ്ട്. നവംബർ 10 ന് സൗദി അറേബ്യയിൽ തീർത്ഥാടനത്തിൽ പങ്കെടുത്ത ഒരു അൾജീരിയക്കാരൻ ഇങ്ങനെ പറയുന്നു.-'ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥിച്ചതിന് സൗദി അധികാരികൾ എന്നെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി അപേക്ഷിച്ചതിന് എന്നെ ആറ് മണിക്കൂറിലധികം തടവിലാക്കി,''- അദ്ദേഹം വീഡിയോയിൽ പറയുന്നു.
'ഞാൻ ഇത് ഷെയർ ചെയ്യുന്നത്, വെറുതെയല്ല, എല്ലായിടത്തും ഉള്ള ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലേക്ക് വരുന്നവർക്ക്. ഞാൻ രാഷ്ട്രീയത്തെക്കുറിച്ചോ ഭരണത്തെക്കുറിച്ചോ സംസാരിച്ചില്ല. മദീനയിൽ, ഞാൻ എന്റെ പ്രാർത്ഥനകൾ നടത്തി, ഫലസ്തീനിലെ കുട്ടികൾക്കും ഇരകൾക്കും വേണ്ടി അപേക്ഷിക്കാൻ ഞാൻ അവസരം കണ്ടെത്തി.. അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് കുറ്റമാണോ? പുണ്യസ്ഥലങ്ങളിൽ ഇത് നിഷിദ്ധമാണെന്ന് എനിക്കറിയില്ലായിരുന്നു. സൈനികർ വന്ന് എന്റെ ഫോൺ എടുക്കുന്നതിന് മുമ്പ് ഞാൻ എന്റെ പ്രാർത്ഥന പോലും പൂർത്തിയാക്കിയിരുന്നില്ല, കൂടാതെ ഞാൻ ഗസ്സയിലെ ആളുകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. ''- അൾജീരിയൻ സ്വദേശി തന്റെ അനുഭവം അങ്ങനെയാണ് പറയുന്നത്.
استمع لقصة المعتمر الجزائري الذي يحكي قصة اعتقاله من قبل السلطات السعودية وقصص معتقلين آخرين بتهمة : التعاطف مع الفلسطينيين والدعاء لهم.#السعودية المتصهينة في خدمة إسرائيل. pic.twitter.com/IzYFCuUNE0
- عبدالله الغامدي (@Alghamdi_AA) November 10, 2023
തന്നെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയെന്നും താൻ പ്രാർത്ഥിക്കുകയായിരുന്നെന്ന് വിശദീകരിക്കാൻ ശ്രമിച്ചെന്നും ഇദ്ദേഹം പറയുന്നു. 'എനിക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ട്, പ്രമേഹമുണ്ട്, പക്ഷേ ആറ് മണിക്കൂർ തടവിൽ കിടന്നു. ഒരു കുറ്റവാളിയെ പോലെയാണ് പെരുമാറിയത്. എന്റെ വിരലടയാളം എടുത്തശേഷമാണ് വിട്ടയച്ചത്'- അദ്ദേഹം പറയുന്നു. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയാണ് അയാൾ വീഡിയോ അവസാനിപ്പിക്കുന്നത്. തന്നെ മോചിപ്പിച്ചത് ഭാഗ്യമാണെന്നും മറ്റുള്ളവരെ കൂടുതൽ കാലം തടവിലാക്കിയതായി താൻ കേട്ടിട്ടുണ്ടെന്നും ഈ അൾജീരിയക്കാരൻ പറയുന്നു. ഹിജാബിൽ ഫലസ്തീൻ പതാക ധരിച്ച ഒരു ഇന്തോനേഷ്യൻ വനിതയെയും കസ്റ്റഡിയിലെടുത്തതായും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.
ഗസ്സയിൽ നടക്കുന്ന കാര്യങ്ങളിൽ ആളുകൾ ഇടപെടുകയോ ഇടപെടുകയോ ചെയ്യരുതെന്ന് നവംബർ 10 ന് ഗ്രാൻഡ് മോസ്കിലെ സൗദി അറേബ്യയുടെ മതകാര്യ മേധാവി അബ്ദുൾ റഹ്മാൻ അൽ സുദൈസ് നിർദ്ദേശിച്ചിട്ടുണ്ട്. 'ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ട്, അവർക്കുവേണ്ടി പ്രാർത്ഥിക്കുകയല്ലാതെ മറ്റെന്താണ് ഞങ്ങൾ അവരോട് ചെയ്യേണ്ടത്.'മുസ്ലിംകൾ ഈ പ്രകോപനങ്ങൾക്ക് വഴങ്ങരുത്, സംഭവങ്ങൾ അവരെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. അവർ തങ്ങളുടെ രക്ഷിതാക്കളിലേക്കും അധികാരികളിലേക്കും അവരുടെ പണ്ഡിതന്മാരിലേക്കും മടങ്ങണം, അവർക്ക് ഏർപ്പെടാൻ അവകാശമില്ലാത്ത കാര്യങ്ങളിൽ ഏർപ്പെടരുത്.''-അബ്ദുൾ റഹ്മാൻ അൽ സുദൈസ് പറഞ്ഞു.
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്റെ ഓർമ്മയിൽ സൗദിയിൽപോയി കൂട്ട പ്രാർത്ഥനയും, കാമ്പയിനും നടത്താൽ കുടുങ്ങുമെന്ന് ഉറപ്പാണ്. മലയാളികളും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ