ഗസ്സ: വടക്കൻ ഗസ്സയിലെ അഭയാർഥി ക്യാംപിലുണ്ടായ രണ്ട് ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്. ഗസ്സയിലെ ജബലിയ അഭയാർഥി ക്യാംപിലെ ഒരു കെട്ടിടത്തിനു നേരയും ഇസ്രയേൽ ഹമാസ് യുദ്ധത്തെതുടർന്നു കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന സ്‌കൂളിനു നേരെയുമാണ് ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള അൽ ഫഖൂര സ്‌കൂൾ ക്യാംപിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹമാസ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 12,300പേർ ഇതുവരെ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 5000ത്തിൽ അധികം കുട്ടികളാണ്.

യുഎന്നിനു നേരെയുള്ള ബോധപൂർവമായ അധിക്ഷേപമെന്നാണ് സ്‌കൂളിനു നേരെയുണ്ടായ ആക്രമണത്ത ഈജിപ്ത് വിശേഷിപ്പിച്ചത്. ജബലിയ ക്യാംപിലെ കെട്ടിടത്തിനു നേരയുണ്ടായ ആക്രമണത്തിൽ 32 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ 19 പേർ കുട്ടികളാണെന്നും ഹമാസ് സ്ഥിരീകരിച്ചു. ജബലിയ മേഖലയിലുണ്ടായ സംഭവം പരിശോധിക്കുകയാണെന്ന് ആക്രമണത്തെക്കുറിച്ച് പരാമർശിക്കാതെ ഇസ്രയേൽ സൈന്യം പറഞ്ഞു. ഗസ്സ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽനിന്നും ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗികളും കുടിയൊഴിപ്പിക്കപ്പെട്ടവരും ആരോഗ്യപ്രവർത്തകരും ആശുപത്രി വിട്ടെന്ന് ഉറപ്പുവരുത്താൻ ആശുപത്രി ഡയറക്ടർ മഹ്‌മൂദ് അബു സാൽമിയയോട് സൈന്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുദ്ധം കടക്കുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ഇസ്രേലി സൈനികർ തെരച്ചിൽ വ്യാപിപ്പിച്ചതോടെ ഗസ്സ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്നു രോഗികളുൾപ്പെടെ പലായനം തുടങ്ങിയിരുന്നു. വെള്ളക്കൊടികളുയർത്തി കാൽനടയായി ഫലസ്തീനികൾ നീങ്ങുന്ന കാഴ്ചയാണു ഗസ്സ സിറ്റിയിലെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആശുപത്രി വളപ്പ് ഇസ്രേലി സേന ബുൾഡോസറുകൾ കൊണ്ട് കിളച്ചുമറിച്ചു. പലയിടത്തും വൻ കുഴികളുണ്ടാക്കി. രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം ഉത്തരവിട്ടെന്ന് ആശുപത്രി ഡയറക്റ്റർ അവകാശപ്പെട്ടു. എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു.

120 രോഗികൾ മാത്രമാണ് ആശുപത്രിയിൽ ഇനിയുള്ളതെന്നാണ് ഹമാസിന്റെ വാദം. ഇവരിൽ മാസം തികയാതെ ജനിച്ച കുട്ടികളുമുണ്ടെന്നും പറയുന്നു. എന്നാൽ, ആശുപത്രിയെ മറയാക്കി ഹമാസ് ആക്രമണം നടത്തുകയാണെന്ന് ഇസ്രയേൽ പറഞ്ഞു. ആശുപത്രിയിൽ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിച്ചിരുന്നു. ഇതിനടിയിൽ ഹമാസ് തുരങ്കങ്ങൾ തീർത്തുവെന്നു പറഞ്ഞ ഇസ്രയേൽ ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. ആശുപത്രിയിൽ ഹമാസ് ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ ചിത്രവും പുറത്തുവിട്ടവയിലുണ്ട്. നഴ്‌സറി സ്‌കൂളുകളും ഹമാസ് ആയുധ സംഭരണത്തിന് ഉപയോഗിച്ചെന്ന് ഇസ്രയേൽ വെളിപ്പെടുത്തി. യുദ്ധത്തിൽ 12000 പേർ മരിച്ചെന്നാണ് ഹമാസിന്റെ വാദം.

അതിനിടെ ഇന്ധന ദൗർലഭ്യം മൂലം രണ്ടു ദിവസമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വടക്കൻ ഗസ്സയിൽ ഇന്ധനമെത്തിത്തുടങ്ങിയിരുന്നു. ഇതോടെ വാർത്താവിനിമയ ബന്ധം ഭാഗികമായി പുനഃസ്ഥാപിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഈജിപ്ത് അതിർത്തിയായ റാഫ വഴി ഇന്ധനവുമായി രണ്ട് ട്രക്കുകളെത്തുകയായിരുന്നു. വെള്ളിയാഴ്ച ചേർന്ന ഇസ്രയേലിന്റെ യുദ്ധകാര്യകാബിനറ്റ് ഗസ്സയിലേക്ക് പ്രതിദിനം 1,40,000 ലിറ്റർ ഇന്ധനമെത്തിക്കാൻ അനുമതി നൽകുകയായിരുന്നു. യുഎസിന്റെ സമ്മർദത്തെത്തുടർന്നാണ് തീരുമാനമെന്നാണ് വിവരം. ഇതിനിടെയാണ് പുതിയ ആക്രമണങ്ങൾ തുടരുന്നത്. ഇത് പശ്ചിമേഷ്യയെ അനിശ്ചിതത്വത്തിലാക്കുകയാണ്.

ഓരോ 48 മണിക്കൂറുകൂടുമ്പോഴുമാണ് റാഫ വഴി ഇന്ധന ട്രക്കുകളെത്തുക. മൊബൈൽ ശൃംഖല പുനഃസ്ഥാപിക്കുന്നതിനുള്ള ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനായി 17,000 ലിറ്റർ ഡീസൽ ഫലസ്തീൻ വാർത്താവിനിമയ കമ്പനിയായ പാൽട്ടെലിനു നൽകും. ഇന്ധനമില്ലാത്തതിനാൽ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഗസ്സയിലെ ഫലസ്തീൻ വാർത്താവിനിമയ കമ്പനിയായ പാൽട്ടെൽ അറിയിച്ചിരുന്നു. സാംക്രമിക രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളുടെയും മാലിന്യസംസ്‌കരണപ്ലാന്റുകളുടെയും പ്രവർത്തനത്തിനാണ് ഇന്ധനം നൽകുന്നതെന്ന് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാചി ഹനെഗ്‌ബി പറഞ്ഞു. യുഎൻ വാഹനങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നാണ് ഇസ്രയേൽ നിലപാട്.

ഇന്ധനവിതരണം പുനഃസ്ഥാപിച്ചാൽ അത് ഹമാസിന്റെ കൈകളിലെത്തുമെന്ന ആശങ്കയാണ് ഇന്ധനം നൽകാനുള്ള അനുമതി വൈകിപ്പിക്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. ഗസ്സയിൽ വെടിനിർത്തണമെന്ന ആവശ്യം ഉന്നയിച്ച് യുഎൻ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇതു തള്ളി കളഞ്ഞാണ് ക്യാമ്പുകളിലെ ബോംബാക്രമണം.