- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്ന് ഖത്തർ; അൽഷിഫ ആശുപത്രിയിൽ നിന്നും 31 നവജാത ശിശുക്കളെ ഒഴിപ്പിച്ചു; വെടിനിർത്തലിന് പകരമായി 70ഓളം ബന്ദികളെ മോചിപ്പിക്കുന്നതിനായി ചർച്ചകൾ
ഗസ്സ സിറ്റി: ഇസ്രയേലും ഹമാസും തമ്മിലുള്ള താത്കാലിക വെടിനിർത്തൽ ചർച്ചകൾ ഫലപ്രാപ്തിയിലേക്കെന്ന് ഖത്തർ. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് വാഷിങ്ടൺ പോസ്റ്റും റിപോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഗസ്സയിലെ അൽശിഫ ആശുപത്രിയിൽ നിന്നും 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലേക്ക് മാറ്റി.
അഞ്ചുദിവസത്തെ വെടിനിർത്തലിന് പകരമായി 70ഓളം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഹമാസ്-ഇസ്രയേൽ കരാർ ചർച്ചൾ അന്തിമഘട്ടത്തിലാണെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപോർട്ട് ചെയ്തു. ഖത്തറിന്റെ മധ്യസ്ഥതയിൽ സിഐ.എയുടെ നേതൃത്വത്തിൽ ഇതിനായി ആറ് പേജുള്ള രേഖാമൂലമുള്ള കരാർ തയ്യാറാണെന്നും റിപോർട്ടുണ്ട്.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനിയും ചർച്ചകളിൽ ശുഭപ്രതീക്ഷ പങ്കുവെച്ചു. ചർച്ചകളിൽ ഇനി അവശേഷിക്കുന്ന വെല്ലുവിളികൾ വളരെ ചെറുതാണെന്നും കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്നും യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറലുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എന്നാൽ ഇസ്രയേലും അമേരിക്കയും വെടിനിർത്തൽ കരാറിലെത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം, ഇസ്രയേൽ ഭീഷണിയെ തുടർന്ന് ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ 31 നവജാത ശിശുക്കളെ തെക്കൻ ഗസ്സയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ള 120 രോഗികൾ ഇപ്പോഴും അൽശിഫ ആശുപത്രിയിലുണ്ടെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അടിസ്ഥാനസൗകര്യങ്ങളെല്ലാം നിലച്ചതിനാൽ ഈ മാസം 11-ന് അൽ ശിഫ ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന എട്ടുകുഞ്ഞുങ്ങൾ മരിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിൽ ശനിയാഴ്ച ആശുപത്രി സന്ദർശിച്ച ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) സംഘം 'മരണ മേഖല' എന്നാണ് അൽ ശിഫയെ വിളിച്ചത്.
ഡബ്ല്യു.എച്ച്.ഒ. ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭാ (യു.എൻ.) ഏജൻസികളുടെ സഹകരണത്തോടെയാണ് കുഞ്ഞുങ്ങളെ ഒഴിപ്പിച്ചതെന്ന് ജീവകാരുണ്യസംഘടനയായ ഫലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി (പി.സി.ആർ.എസ്.) അറിയിച്ചു. പി.സി.ആർ.എസിന്റെ ആംബുലൻസുകളിലാണ് കുഞ്ഞുങ്ങളെ കൊണ്ടുപോയതെന്ന് ഡബ്ല്യു.എച്ച്.ഒ. സെക്രട്ടറി ജനറൽ ടെഡ്രോസ് അഥനോം ഗെബ്രെയേസുസ് ട്വീറ്റ് ചെയ്തു.
ഹമാസിന്റെ താവളങ്ങളിലൊന്നാണ് അൽ ശിഫയെന്നുപറഞ്ഞ് ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. എന്നാൽ, ഇതിന് അവർ വ്യക്തമായ തെളിവുനൽകിയിട്ടില്ല. ആരോപണം ഹമാസ് നിഷേധിക്കുകയുംചെയ്തു. ഇസ്രയേൽസേന ഉള്ളിൽക്കടന്നതോടെ രോഗികളും പരിക്കേറ്റവരും വരെ ആശുപത്രി വിട്ടുപോയി. 120 രോഗികൾ മെഡിറ്ററേനിയൻ കടലോരത്തേക്കു നടന്നുപോകുന്നതു കണ്ടുവെന്ന് എ.എഫ്.പി. റിപ്പോർട്ടുചെയ്തു. ആശുപത്രി ഒഴിയാൻ നിർദേശിച്ചുവെന്ന വാർത്ത ഇസ്രയേൽസൈന്യം നിഷേധിച്ചു.
291 രോഗികളും 25 ആരോഗ്യപ്രവർത്തകരും ഇപ്പോഴും അൽ ശിഫയ്ക്കുള്ളിലുണ്ടെന്ന് സന്ദർശനശേഷം ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു. ഈ അറിയിപ്പുവന്ന് മണിക്കൂറുകൾക്കകമാണ് 31 കുഞ്ഞുങ്ങളെ ഒഴിപ്പിച്ചത്.
മറുനാടന് ഡെസ്ക്