മേരിക്കയിലേക്ക് കാനഡയിൽ നിന്നും വരികയായിരുന്ന ഒരു വാഹനം അതിർത്തിയിലെ റെയിൻബോ ബ്രിഡ്ജിൽ വെച്ച് പൊട്ടിത്തെറിച്ചു. സ്ഫോടനത്തെ തുടർന്ന് വായുവിൽ ഉയർന്ന് പൊങ്ങിയ വാഹനം ഒരു ഇമിഗ്രേഷൻ ചെക്ക് പോയിന്റിന് സമീപം വീണ് എരിഞ്ഞടങ്ങുകയായിരുന്നു.

ഇത് അപകടമാണോ തീവ്രവാദി ആക്രമണമാണോ എന്ന് സ്ഥിരീകരിച്ചട്ടില്ല. എഫ് ബി ഐ യുടെ ടെററിസം ടാസ്‌ക് ഈ വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്ന് ഫോക്സ് ന്യുസ് അറിയിച്ചു. ചില സ്രോതസ്സുകളെ ഉദ്ധരിച്ച്, വലിയൊരു ആക്രമണമായിരുന്നു വാഹനത്തിൽ ഉള്ളവരുടെ ലക്ഷ്യം എന്ന് റിപ്പോർട്ട് ചെയ്ത ഫോക്സ് ന്യുസ് പക്ഷെ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും പറയുന്നു.

കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അവർ ആരൊക്കെയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മറ്റാർക്കും പരിക്കേറ്റതായും റിപ്പോർട്ടില്ല. കാറിനകത്തു നിന്നും ഒരു സ്യുട്ട് കേസ് കണ്ടെടുത്തെങ്കിലും, അതിനകത്ത് ഏതെങ്കിലും തരത്തിലുള്ള സ്ഫോടക വസ്തുക്കൾ ഉണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചട്ടില്ല. ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥന് നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്. ആർക്കും ഗുരുതരമായ പരിക്കുകളില്ല.

സ്ഫോടനം നടന്ന വാഹനം കാനഡയിൽ നിന്നും അമേരിക്കയിലേക്ക് തെറ്റായ ലെയ്നിലൂടെയായിരുന്നു വന്നിരുന്നതെന്ന് പൊലീസും ദൃക്സാക്ഷികളും പറയുന്നു. വായുവിൽ പറന്നു പൊങ്ങിയതിനു ശേഷമായിരുന്നു മറ്റൊരു ചെക്പോയിന്റിന്റെ മുന്നിൽ വീഴുകയും സ്ഫോടനം ഉണ്ടാവുകയും ചെയ്തതെന്നും അവർ പറയുന്നു.അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിലെ ഏറ്റവും തിരക്കേറിയ കരമാർഗ്ഗമുള്ള സഞ്ചാരപാതയാണ് റെയിൻബോ ബ്രിഡ്ജ്. താങ്ക്സ് ഗിവിങ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ധാരാളം പേർ ഇരു രാജ്യങ്ങൾക്കും ഇടയിൽ സഞ്ചരിക്കുന്നതിനാൽ ബുധനാഴ്‌ച്ച തിരക്ക് പതിവിലും കൂടുതലുമായിരുന്നു.

സംഭവം നടന്നതോടെ ബഫല്ലോ എയർപോർട്ട് അടച്ചിട്ടു. ഏതാണ്ട് രണ്ടു ദിവസം മുൻപായിരുന്നു ന്യുയോർക്ക് നഗരത്തിൽ ഒരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നത്. ഇസ്രയേൽ - ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ലോകമാകെയുള്ള സംഘർഷം നിറഞ്ഞ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ തന്നെ അമേരിക്കൻ പൊലീസ് കൂടുതൽ ജാഗരൂകരാണ്. സ്ഫോടനത്തിനു ശേഷം അമേരിക്കയിലേക്ക് വന്ന കാറുകൾ തടഞ്ഞു നിർത്തുകയും, ആളുകളെ പുറത്തിറക്കി കാർ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.