- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിയൊച്ചകൾ നിലച്ചു, നിലവിളികളുമില്ല! താൽകാലിക വെടിനിർത്തൽ പ്രാബല്യത്തിൽ; പ്രതീക്ഷയുടെ പുലരിയിലേക്ക് ഗസ്സ; ബന്ദികളെ വൈകുന്നേരം മോചിപ്പിക്കും; ഡീസലടക്കം എത്തിക്കാൻ സഹായ ട്രക്കുകൾ ഗസ്സയിലേക്ക്
ഗസ്സ: നാൽപ്പത്തിയെട്ടു ദിവസം നീണ്ട പോരാട്ടങ്ങൾക്കും ആക്രമങ്ങൾക്കും രക്തച്ചൊരിച്ചിലിനും താൽക്കാലിക വിരാമമിട്ട് ഗസ്സ സമാധാനത്തിലേക്ക്. ഇസ്രയേലും ഹമാസും പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിലായതിന്റെ ആശ്വാസത്തിലാണ് ലോകരാജ്യങ്ങൾ. നാലുദിവസത്തേക്കുള്ള വെടിനിർത്തൽ തീരുമാനത്തെ തുടർന്ന് വെള്ളിയാഴ്ച ഗസ്സ മുനമ്പിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പ്രാദേശിക സമയം ഏഴുമണിയോടെ (ഇന്ത്യൻ സമയം രാവിലെ 10.30)തന്നെ ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
ഗസ്സയിൽ നിന്ന് ഇന്ന് ബോംബാക്രമണത്തിന്റെ ശബ്ദങ്ങളുണ്ടായില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം ഏഴിന് ഇസ്രയേലിൽ നിന്നു ഹമാസ് ബന്ദികളാക്കിയവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരെ വൈകുന്നേരം നാലോടെ മോചിപ്പിക്കും. ഇതിനു പകരമായി, ഇസ്രയേലിലെ ജയിലുകളിലുള്ള ഫലസ്തീൻ തടവുകാരിൽ ചിലരെയും വിട്ടയയ്ക്കും. എവിടെവച്ചു കൈമാറുമെന്നതു രഹസ്യമാണ്. വെടിനിർത്തൽ നടപ്പായി നാലാം ദിവസത്തോടെ ബാക്കി ബന്ദികളുടെ മോചനം സംബന്ധിച്ചു ധാരണയുണ്ടാക്കാനാണു ശ്രമം.
വെടിനിർത്തലോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും നാല് ഇന്ധന ട്രക്കുകളും പ്രതിദിനം ഗസ്സയിലെത്തും. ഏതൊക്കെ ബന്ദികളെയാണു വിട്ടയയ്ക്കുന്നതെന്ന വിശദാംശം കൈമാറാൻ താമസമുണ്ടായതു മൂലമാണു വെടിനിർത്തൽ നടപ്പാക്കാൻ അവസാന നിമിഷം തടസ്സമായതെന്ന് റിപ്പോർട്ടുകളുണ്ട്. റെഡ്‌ക്രോസിന് ഗസ്സയിൽ പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും വെടിനിർത്തൽ വൈകിച്ചു.
നാല് ദിവസത്തെ താൽകാലിക വെടിനിർത്തലിന് പിന്നാലെ സഹായ ഹസ്തവുമായി ഈജിപ്ത് ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു. റഫ അതിർത്തി കടന്ന ട്രക്കുകൾ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചതായി റോയിട്ടേഴ്‌സ് ടി.വി റിപ്പോർട്ട് ചെയ്തു. 'മനുഷ്യത്വത്തിനായി ഒരുമിച്ച്', 'ഗസ്സയിലെ നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി' എന്നിങ്ങനെ ബാനറുകളെഴുതി രണ്ട് സംഘടനകളെ പ്രതിനിധീകരിച്ച് രണ്ടുട്രക്കുകളാണ് ഗസ്സയിലേക്ക് നീങ്ങിയത്.
ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസുമുൾപ്പെടെ ദിവസേന 200 ട്രക്ക് സഹായങ്ങൾ ഗസ്സയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ഇന്ധനക്ഷാമമാണ് പ്രധാന വെല്ലുവിളികളിലൊന്ന്. ഫലസ്തീൻ പെട്രോളിയം പബ്ലിക് കമീഷന്റെ കണക്ക് പ്രകാരം ഗസ്സ മുനമ്പിന് പ്രതിമാസം 12 മില്യൺ ലിറ്റർ ഡീസൽ വേണം. ഇതിനൊപ്പം ഗസ്സയിലെ പവർ പ്ലാന്റുകൾക്കും ആശുപത്രികൾക്കുമായും വേറെ ഇന്ധനവും വേണം.
ഫലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് താൽകാല വിരാമം നൽകി നാല് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതലാണ് പ്രാബല്യത്തിലായത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ വൈകുന്നേരം നാല് മണിയോടുകൂടി ഹമാസ് മോചിപ്പിക്കുമെന്ന് മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി വ്യക്തമാക്കിയിരുന്നു. ഇസ്രയേൽ 39 തടവുകാരെ ഇന്ന് കൈമാറും. നാല് ദിവസത്തിനുള്ളിൽ കരാർ പ്രകാരമുള്ള ബന്ദികളെ പരസ്പരം കൈമാറിയേക്കും.
ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രയേലും ഹമാസും ധാരണയിലായത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ.
മറുനാടന് ഡെസ്ക്