ലണ്ടൻ: ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ വിസ നിയമം കുടുംബ ബന്ധങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി മുന്നറിയിപ്പ് നൽകുന്നു. കുടിയേറ്റത്തിനെ കുറിച്ചുള്ള സർക്കാരിന്റെ ആശങ്ക സ്വാഭാവികമാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ് പക്ഷെ അതിന്റെ ഭാഗമായി, കുടുംബത്തെ കൂടെ കൊണ്ടുവരുന്നതിനുള്ള കുറഞ്ഞ വേതന പരിധി വർദ്ധിപ്പിക്കുന്നത് വിപരീതഫലമെ ഉണ്ടാക്കൂ എന്നും പറഞ്ഞു. അടുത്ത വസന്തകാലം മുതൽ ബ്രിട്ടനിലേക്ക് കുടുംബത്തെയോ പങ്കാളിയെയോ കൂടെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന വിദേശ തൊഴിലാളികൾക്ക് യു കെയിൽ ചുരുങ്ങിയത് 38,700 പൗണ്ട് ശമ്പളമെങ്കിലും ആവശ്യമാണ്.

നേരത്തെ ഉണ്ടായിരുന്ന 18,600 പൗണ്ട് എന്ന പരിധി ഉയർത്തുന്നതിന് കാരണമായി സർക്കാർ പറഞ്ഞത്, ബ്രിട്ടനിൽ തൊഴിൽ ചെയ്യാനും ജീവിക്കാനും ആഗ്രഹിക്കുന്നവർക്ക് സ്വന്തം കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള സാമ്പത്തിക ശേഷി ഉണ്ടാകണം എന്നാണ്. എന്നാൽ, ഈ പുതുക്കി നിശ്ചയിച്ച പരിധി, 2023 ഏപ്രിൽ പ്രകാരമുള്ള, ബ്രിട്ടനിലെ ഒരു ശരാശരി പൂർണ്ണ സമയ ജോലിക്കാരന്റെ വാർഷിക വരുമാനത്തേക്കാൾ കൂടുതലാണ്. നിലവിൽ, പൂർണ്ണ സമയം ജോലിയെടുക്കുന്ന തൊഴിലാളിയുടെ ശരാശരി വാർഷിക വരുമാനം34,963 പൗണ്ട് ആണ്.

ഈ പുതിയ നിയമം നിലവിൽ വരുന്നതോടെ വിദേശത്തു നിന്നുള്ള കെയർ വർക്കർമാർക്കും കുടുംബാംഗങ്ങളെയോ പങ്കാളിയേയോ ആശ്രിത വിസയിൽ യു കെയിലേക്ക് കൊണ്ടുവരാൻ കഴിയില്ല. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈയാഴ്‌ച്ച ആദ്യമായിരുന്നു സർക്കാർ പുതിയ നയം പ്രഖ്യാപിച്ചത്. നെറ്റ് ഇമിഗ്രേഷൻ നിരക്ക് 7,45,000 ആയതിനെ തുടർന്നാണ് സർക്കാർ ഇക്കാര്യത്തിൽ ത്വരിത നടപടികൾക്ക് മുതിർന്നത്.

പ്രഭു സഭയിൽ സംസാരിക്കവെയാണ് ആർച്ച് ബിഷപ്പ് സർക്കാർ നയത്തിന് നേരെ വിമർശനം ഉയർത്തിയത്. കുടിയേറ്റം നിയന്ത്രിക്കുവാനുള്ള തീരുമാനത്തോട് യോജിക്കുമ്പോൾ തന്നെ പുതിയ നയം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷ് സമൂഹത്തിന്, പ്രത്യേകിച്ച് സാമൂഹ്യ ക്ഷേമ മേഖലയിൽ വിദേശ തൊഴിലാളികൾ നൽകുന്ന സംഭാവനകൾ ഓർക്കണമെന്നും അവർ പറഞ്ഞു. ശക്തമായ കുടുംബ ബന്ധങ്ങൾ നിലനിന്നാൽ മാത്രമെ സുസ്ഥിരതയുള്ള ഒരു സമൂഹം ഉണ്ടാകു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതിനിടെ മുൻ ടോറി മിനിസ്റ്റർ ഗവിൻ ബാർവെല്ലും പുതിയ നയത്തിനെതിരെ ശക്തമായി രംഗത്ത് വന്നു. തികച്ചും അധാർമ്മികവും, കൺസർവേറ്റീവ് നയങ്ങൾക്ക് വിരുദ്ധവുമാണ് പുതിയ തീരുമാനം എന്ന് അദ്ദേഹം തുറന്നടിച്ചു. ധനികർ മാത്രമെ പ്രണയിക്കാവൂ എന്നും വിവാഹം കഴിക്കാവൂ എന്നും അനുശാസിക്കുന്നതിന് തുല്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നും കുടുംബ മൂല്യങ്ങളെ ഉയർത്തി പിടിക്കുന്ന പാർട്ടിയാണ് കൺസർവേറ്റീവ് പാർട്ടി എന്ന് പറഞ്ഞ മറ്റൊരു പാർട്ടി എം പി അലിസിയ കീൻസ്, പുതിയ നയം തീർത്തും അസൗകര്യകരമാണെന്നും പറഞ്ഞു.