ബ്രിട്ടനിൽ അഭയം തേടിയെത്തി, ബിബ്ബി സ്റ്റോക്ക്ഹോം ബാർജിൽ താമസിപ്പിച്ചിരുന്ന ഒരു അഭയാർത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഡോർസെറ്റ്, പോർട്ട്ലാൻഡിലെ കപ്പലിൽ നടന്ന പെട്ടെന്നുള്ള മരണത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനായിരുന്നു അഭയാർത്ഥികളെ താമസിപ്പിക്കുന്നതിനായി ഈ കപ്പൽ ലീസിനെടുത്തത്.

ബാർജിലെ പരിതാപകരമായ സാഹചര്യത്തിൽ അത്തരമൊരു മരണം സംഭവിക്കുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നതായി മരണപ്പെട്ട വ്യക്തിക്കൊപ്പമുള്ള മറ്റൊരു അഭയാർത്ഥി പറഞ്ഞതായി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾക്ക് ആർക്കും ഈ മരണം ഒരു അദ്ഭുതമായി തോന്നുന്നില്ല എന്നും അഭയം തേടിയെത്തുന്നവരെ ബാർജിൽ താമസിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഏറെ ദുരിതങ്ങൾ സൃഷ്ടിക്കുമെന്നും അയാൾ പറഞ്ഞു.

കപ്പലിൽ താമസിക്കുന്ന എല്ലാവരുടെയും മാനസിക ആരോഗ്യം തകർന്ന് കൊണ്ടിരിക്കുന്നതിനായി, അതിനകത്തുള്ള ഒരു അഭയാർത്ഥിയെ ഉദ്ധരിച്ചുകൊണ്ട് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളെ കൂടുതൽ കാലം ഇതിൽ താമസിപ്പിച്ചാൽ മാനസിക നിലതന്നെ തെറ്റിയേക്കുമെനൂം അഭയാർത്ഥികൾ പറയുന്നു. ബാർജിൽ വിളമ്പുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷണത്തിനെതിരെയും മറ്റ് മോശം പരിസ്ഥിതികൾക്കെതിരെയും ചില അഭയാർത്ഥികൾ നിരാഹാര സമരം നടത്തിയതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

കൂടുതൽ അഭയാർത്ഥികളെ ബാർജിലേക്ക് മാറ്റി താമസിപ്പിക്കാൻ തുടങ്ങിയതോടെ അതിനകത്ത് സംഘർഷാവസ്ഥ ഉരുണ്ടു കൂടുന്നതായും മറ്റു ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ബാർജിനകത്ത് നടന്ന ഒരു സംഭവത്തിന് ഈ മരണവുമായി ബന്ധമുണ്ടോ എന്ന കാര്യവും അധികൃതർ അന്വേഷിക്കുന്നുണ്ട്. മരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പാർലമെന്റിൽ പറയുകയും ചെയ്തിട്ടുണ്ട്.

ഏകദേശം 500 പേരെ ഉൾക്കൊള്ളാനാകും എന്ന് സർക്കാർ അവകാശപ്പെടുന്ന ഈ ബാർജിൽ ഇപ്പോൾ 300 പുരുഷ അഭയാർത്ഥികളാണ് താമസിക്കുന്നത്. അത് പോർട്ട്ലാൻഡിൽ ഡോക്ക് ചെയ്തപ്പോൾ മുതൽ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ തുടങ്ങിയിരുന്നു.

അതിലെ അന്തേവാസികളുടെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും ഏറെ ആശങ്കകൾ ഉയർത്തിയിരുന്നു. തിരക്ക് വർദ്ധിക്കുന്നതും അനുയോജ്യമായ ഫയർ എക്സിറ്റുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് ആക്കം കൂട്ടുമെന്ന് ഫയർ ബ്രിഗേഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.