ന്യൂയോർക്ക്: ഇസ്രയേലിന് പിന്തുണ കുറയുന്നുവോ? അമേരിക്കയും ഇസ്രയേലിനെ തള്ളി പറയുകയാണ്. ഇതിനിടെ വെടി നിർത്തലിന് അനുകൂലമായി യുഎൻ പ്രമേയത്തിൽ ഇന്ത്യയും വോട്ട് ചെയ്തു. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളിൽ ആദ്യമായി രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത് വന്നു. ഇതോടെ ഇസ്രയേലിൽ സമ്മർദ്ദം കൂടുകയാണ്.

ഐക്യരാഷ്ട്ര സഭ വെടിനർത്തൽ അടിയന്തരമായി വേണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 153 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. പത്ത് പേർ മാത്രമാണ് എതിർത്തത്. 23 രാജ്യങ്ങൾ വോട്ട് ചെയ്തില്ല. ഇതും ഇസ്രയേലിന് പിന്തുണ കുറയുന്നതിന് തെളിവാണ്. ഇന്ത്യയും വെടിനിർത്തലിനോട് യോജിച്ച നിലപാട് എടുത്തു. ഇതെല്ലാം ഇസ്രയേലിന് സമ്മർദ്ദമാകും. ഇതിനൊപ്പമാണ് അമേരിക്കയുടെ പരസ്യ വിമർശനം. ഇതും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

ഗസ്സയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയിൽനിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡൻ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്. ഇസ്രയേലിലെ ബെഞ്ചമിൻ നെതന്യാഹു സർക്കാറിന്റെ നിലപാടുകൾ മാറണമെന്നും വാഷിങ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കുറ്റപ്പെടുത്തി.

മനുഷ്യാവകാശസംഘടനകളും അറബ്‌രാഷ്ട്രങ്ങളും വെടിനിർത്തലിന് സമ്മർദം ചെലുത്തുമ്പോഴും മാസങ്ങളോ ആഴ്ചകളോ എടുത്താലും ഹമാസിനെ ഉന്മൂലനംചെയ്യാതെ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഇപ്പോൾ തുടരുന്ന കരയുദ്ധവും വ്യോമാക്രമണങ്ങളും അതേപടി തുടരുമെന്നും അടുത്തഘട്ടത്തിൽ ആക്രമണങ്ങൾക്ക് അയവുവരുത്തുമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. യു.എൻ. ചാർട്ടറിന്റെ അനുച്ഛേദം 99 പ്രകാരം പ്രത്യേകാധികാരമുപയോഗിച്ച് ഗസ്സയിൽ വെടിനിർത്താൻ ഇടപെടണമെന്ന് രക്ഷാസമിതിയോട് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടിരുന്നു.

വെടിനിർത്തൽ പ്രഖ്യാപിച്ചാൽ അത് ഹമാസ് വിജയിക്കുന്നതിന് തുല്യമാണെന്നും ഗസ്സയുടെ ചെറിയ കോണിലെങ്കിലും അവർ തിരിച്ചുവരുന്നതിനുകാരണമാകുമെന്നും ഇസ്രയേൽ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ വാദം യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്നും ഗസ്സയിൽ മാത്രമല്ല വെസ്റ്റ്ബാങ്കിലും ഹമാസിന് ശക്തമായ വേരുകളും പിന്തുണയുമുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. ഇതിനോട് അമേരിക്കയും യോജിക്കുന്നുവെന്നതാണ് ബൈഡന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.

അതിനിടെ, തെക്കൻ ഗസ്സയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഭയാർഥിക്യാമ്പിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ അൽ അവ്ദ ആശുപത്രിയും ആക്രമിച്ചു. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18,000 കടന്നു.