ലണ്ടൻ: കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ വിദേശിയ തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വരുമാന പരിധി ഉയർത്തിയതിനെതിരെ നിരവധി വിദേശ തൊഴിലാളി കുടുംബങ്ങൾ നിയമനടപടികൾക്ക് ഒരുങ്ങുന്നു. ഒരുമിച്ച് ജീവിക്കുന്നതിനുള്ള അവകാശത്തെ ഹനിക്കുന്ന ക്രൂരവും മനുഷ്യത്വ രഹിതവുമായ നിയമം എന്നാണ് അവർ അതിനെ വിശേഷിപ്പിക്കുന്നത്. പങ്കാളികളിൽ ഒരാൾ വിദേശിയും ഒരാൾ ബ്രിട്ടീഷ് പൗരനുമായുള്ള കുടുംബങ്ങളെയും ഇത് ബാധിക്കും.

വരുന്ന വസന്തകാലം മുതൽ 38,700 പൗണ്ടോ അതിൽ കൂടുതലോ ഉള്ളവർക്ക് മാത്രമായിരിക്കും വിദേശ പങ്കാളികളെ ബ്രിട്ടനിലേക്ക് കൊണ്ടുവരാനും ഒപ്പം താമസിപ്പിക്കാനും കഴിയുക. നേരത്തെ ഇത് 18,600 പൗണ്ട് ആയിരുന്നു. ഈ വൻ വർദ്ധനവ് വന്നതോടെ പലരും പരസ്പരം വേർപെട്ട് താമസിക്കുവാനോ അല്ലെങ്കിൽ ബ്രിട്ടൻ വിട്ട് പോകാനോ നിർബന്ധിതരായിരിക്കുകയാണ്.

പുതിയ കുടിയേറ്റ നിയമങ്ങൾ ബാധിക്കുന്ന കുടുംബങ്ങളെ സഹായിക്കുവാനും, അവരുടെ പ്രശ്നങ്ങൾ പൊതുജന മധ്യത്തിൽ എത്തിക്കുവാനും ശ്രമിക്കുന്ന റീയുണൈറ്റ് ഫാമിലീസ് എന്ന സംഘടനയാണ് ഇപ്പോൾ പുതിയ നിയമത്തിനെതിരെ നിയമനടപടികൾക്ക് മുതിരുന്നത്. ലെയ്ഗ് ഡേ എന്ന നിയമസ്ഥാപനത്തോട് ഇതിനായുള്ള സാധ്യതകൾ പരിശോധിക്കാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. ഡിസംബർ 4 ന് ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പ്രഖ്യാപിച്ച പുതിയ നയം, പ്രണയിച്ചു പോയതിന്റെ പേരിൽ ശിക്ഷിക്കുന്നതിന് തുല്യമാണെന്ന് സംഘടനാ പ്രതിനിധികൾ പറയുന്നു.

ഈ നിയമം പ്രതികൂലമായി ബാധിക്കുന്ന നൂറു കണക്കിന്പേർ തങ്ങളേയും ബന്ധപ്പെട്ടുവെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പലരുടെയും കുടുംബ ജീവിതം തന്നെ താളം തെറ്റും. പങ്കാളീയുമായി ഒത്തു ചേർന്ന് ജീവിക്കണമെങ്കിൽ ബ്രിട്ടൻ വിട്ടു പോകേണ്ട അവസ്ഥയാണ് പലർക്കുമെന്നും ഗാർഡിയൻ എഴുതുന്നു. ഇവരിൽ പലരും, തൊഴിലാളി ക്ഷാമം നേരിടുന്ന കെയർ, സോഷ്യൽ വർക്ക് പോലുള്ള മേഖലകളിൽ ജോലി ചെയ്യുന്നവരുമാണ്.

അതിനിടയിൽ, യു കെയിൽ നടത്തിയ ഒരു പഠനം പറയുന്നത്, പങ്കാളിയുമൊത്ത് താമസിക്കുന്നതിനുള്ള വേതന പരിധി ഇരട്ടിയോളമാക്കിയത് ബ്രിട്ടന്റെ പല മേഖ്കലകളിലും തൊഴിൽ ചെയ്യുന്നവർക്ക് താങ്ങാവുന്ന ഒന്നല്ല എന്നാണ്. ഇത് തെക്ക്- വടക്ക് ബ്രിട്ടനുകൾ തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുമെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ബ്രിട്ടനിൽ ജോലി എടുക്കുന്നവരിൽ മുക്കാൽ പങ്ക് പേർക്കും വിദേശ പങ്കാളിക്കൊപ്പം താമസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, പുതിയ നിയമം നിലവിൽ വന്നാൽ 60 ശതമാനം പേർക്കും അതിന് കഴിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വടക്ക് കിഴക്ക്ൻ ഇംഗ്ലണ്ടിൽ ഇത് 75 ശതമാനം വരെയാകും.

വടക്ക് - കിഴക്കൻ ഇംഗ്ലണ്ട്, യോർക്ക്ഷയർ, ഹമ്പർ, വടക്ക്- പടിഞ്ഞാറൻ മിഡ്ലാൻഡ്സ്, കിഴക്കൻ മിഡ്ലാൻഡ്സ്, വെയ്ൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലുള്ളവരെയായിരിക്കും ഇത് കൂടുതൽ ബാധിക്കുക. അതേ സമയം തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലുള്ളവരെ ഇത് കാര്യമായി ബാധിക്കുകയുമില്ല എന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നിലവിൽ ബ്രിട്ടനിൽ താമസിക്കുന്ന വിദേശ പങ്കാളികൾ ഉള്ള കുടുംബങ്ങൾക്ക് പ്രത്യെക ഇളവുകൾ നൽകാൻ സാധ്യതയുള്ളതായി ഹോം സെക്രട്ടറി കഴിഞ്ഞ ദിവസം ചില സൂചനകൾ നൽകിയിരുന്നു.