ന്യുയോർക്ക്; വീണ്ടും പ്രസിഡന്റാകാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിന് തിരിച്ചടി. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി ഉത്തരവിട്ടു. യുസ് പാർലമെന്റ് സമുച്ചയമായ ക്യാപിറ്റോളിൽ 2021ൽ കലാപ സമാനമായ പ്രതിഷേധം നടന്നതിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക ഇടപെടൽ.

കൊളറാഡോ സ്റ്റേറ്റിൽ മാത്രമാകും ഈ വിധിക്ക് സാധുത. മറ്റ് സ്റ്റേറ്റുകളിൽ ട്രംപിന് നിലവിൽ വിലക്കില്ല. ഇത്തരത്തിൽ വിലക്ക് നേരിടുന്ന ആദ്യ പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ട്രംപ്. കൊളറാഡോ സുപ്രീം കോടതി വിധി തികച്ചും അന്യായമാണെന്നും യു.സ്. സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നും ട്രംപിന്റെ പ്രചാരണ വിഭാഗം വക്താവ് പ്രതികരിച്ചു. പ്രതിഭാഗത്തിന് അപ്പീലിന് പോകാനായി ജനുവരി നാല് വരെ വിധി സ്റ്റേ ചെയ്യുകയും ചെയ്തു. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി 5 ആണ്.

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി അഭിപ്രായ സർവ്വേകൾ വരുന്നുണ്ട്. പ്രസിഡന്റ് ബൈഡനേക്കാൾ അൽപ്പം ജനപ്രീതി കൂടുതലാണ് ട്രംപിന് എന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കോടതി ഉത്തരവ്. ഇതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപിന്റെ സാധ്യതകൾ സുപ്രീംകോടതിയിലെ അപ്പീൽ വിധി തീരുമാനിക്കും. കൊളറാഡോ സ്റ്റേറ്റിൽ മാത്രമാകും ഈ വിധിക്ക് സാധ്യതയെങ്കിലും അവിടെ മത്സരിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ട്രംപിന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നതാണ് വസ്തുത.

കാപ്പിറ്റോൾ ആക്രമണത്തിൽ ട്രംപ് സംഘർഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതോടെ യുഎസിന്റെ ചരിത്രത്തിൽ തന്നെ അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ഡോണൾഡ് ട്രംപ്. 2020 ലെ തെരഞ്ഞെടുപ്പിന് പിന്നാലെ ബൈഡൻ അധികാരത്തിലേറുന്നത് ചെറുക്കാൻ ക്യാപിറ്റോളിൽ വലിയ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നിൽ ട്രംപാണെന്ന് ആരോപിച്ച് സിറ്റിസൺസ് ഫോർ റെസ്പോൺസിബിളിറ്റി ആൻഡ് എത്തിക്സിന്റെ പിന്തുണയോടെ കോളറാഡോയിലെ ചില വോട്ടർമാരാണ് ട്രംപിനെതിരെ കേസ് നൽകിയത്.

ക്യാപിറ്റോളിൽ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ഡോണൾഡ് ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. എന്നാൽ 14-ാം അമൻഡ്മെന്റിലെ 3-ാം വകുപ്പ് പ്രകാരം ഡോണൾഡ് ട്രംപിനെ അയോഗ്യനാക്കി കോളറാഡോ കോടതി വിധി പുറപ്പെടുവിച്ചു.

2020ലെ യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ജനുവരി 6ന് ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.