ചെങ്കടലിലെ സംഘർഷങ്ങൾക്ക് അയവ് വന്നില്ലെങ്കിൽ ബ്രിട്ടനടക്കമുള്ള പല രാജ്യങ്ങളിലും വിലക്കയറ്റവുംപണപ്പെരുപ്പവും അനുഭവപ്പെടുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇറാൻ പിന്തുണയുള്ള, യമൻ ആസ്ഥനമാക്കി പ്രവർത്തിക്കുന്ന ഹൂത്തികൾ നടത്തുന്ന ആക്രമണമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. യെമനും ജിബൗട്ടിക്കും ഇടയിലുള്ള ബാബെൽ മാൻഡെപ് കടലിടുക്ക് വഴി പോകുന്ന ചരക്കു കപ്പലുകൾ ലക്ഷ്യം വച്ചാണ് ഹൂത്തികൾ ആക്രമണം നടത്തുന്നത്.

ഏതായാലും കോവിഡിന് ശേഷം, പല ബിസിനസ്സ് സ്ഥാപനങ്ങളും ചെങ്കടൽ പ്രതിസന്ധി പോലെയുള്ള ഹ്രസ്വകാല പ്രതിസന്ധികൾ തരണം ചെയ്യുന്നതിൽ വിജയം കണ്ടെത്തുന്നുണ്ട് എന്ന് ബേയൻസ് ബിസിനസ്സിലെ സപ്ലൈ ചെയിൻ മാനേജ്മെന്റ് റീഡർ ഡോക്ടർ ഫ്ളോരിയൻ ലക്കർ പറയുന്നു. എന്നാൽ, ഈ ഹ്രസ്വകാല പ്രതിസന്ധികൾ ദീർഘകാല പ്രതിസന്ധികളായി മാറുമ്പോഴാണ് പ്രശ്നം എന്നും അദ്ദേഹം പറയുന്നു.

ദീർഘകാലത്തേക്ക് പ്രതിസന്ധി തുടർന്നാൽ കാര്യങ്ങൾ മാറിമറയുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെ വന്നാൽ, ചരക്കു കപ്പലുകൾ ചെങ്കടൽ ഉപേക്ഷിച്ച് മറ്റു മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കേണ്ടതായി വരും. ഇത് ചരക്ക് ഗതാഗത കൂലി വർദ്ധിക്കുന്നതിന് ഇടവരുത്തും. അങ്ങനെ വന്നാൽ സ്വാഭാവികമായും വിലക്കയറ്റവും ഉണ്ടാകും. വിലക്കയറ്റത്തിന് പുറമെ സാധനങ്ങൾക്ക് ക്ഷാമം അനുഭവപ്പെടാനും ഇടയുണ്ട്. ചരക്കുകൾ എത്താൻ കൂടുതൽ വൈകും എന്നതിനാലാണിത്.

ഇതെല്ലാം പണപ്പെരുപ്പത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്. ഈ സംഘർഷം തുടർന്നാൽ അധികം വൈകാതെ പണപ്പെരുപ്പം വർദ്ധിക്കും. അത് കേന്ദ്ര ബാങ്കുകൾക്ക്‌മേൽ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാതിരിക്കാൻ സമ്മർദ്ദം ചെലുത്തും. അത് ഉയർന്ന മോർട്ട്ഗേജ് നിരക്കുകൾ തുടരുന്നതിന് കാരണമാവുകയും ചെയ്യും.

കണ്ണുനീരിന്റെ കവാടം എന്നറിയപ്പെടുന്ന ഈ കടലിടുക്ക് ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഒരു സുപ്രധാന കപ്പൽ ഗതാഗത മാർഗ്ഗമാണ്. ആഗോള സമുദ്രവ്യാപാരത്തിന്റെ 10 മുതൽ 12 ശതമാനം വരെ നടക്കുന്നത് ഇതുവഴിയാണ്. ചെങ്കടലിലെ സുരക്ഷാ ഭീഷണി ഇതിനോടകം തന്നെ എണ്ണ വ്യാപാര രംഗത്തെ ഭീമന്മാരായ ബി പി യേയും പ്രമുഖ ഷിപ്പിങ് കമ്പനി മയേഴ്സ്‌ക് തുടങ്ങിയവരെയൊക്കെ ഈ മേഖല ഒഴിവാക്കുന്നതിന് പ്രേരിപ്പിച്ചിട്ടുണ്ട്.

ഇത് ചെലവും യാത്ര സമയവും വർദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല, ഇന്ധന ഉപയോഗവും വർദ്ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഇന്ധന വിലവർദ്ധനയ്ക്കും ഇത് കാരണമായേക്കാം. നിയമവിരുദ്ധമായ ഇത്തരം ആക്രമണങ്ങൾ സമ്മതിച്ചു കൊടുക്കാനാവില്ലെന്നും അത് ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയാണെന്നും ഡിഫൻസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു. ഇത് ഇന്ധന വില വർദ്ധനവിനും കാരണമായേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്ന അമേരിക്കൻ, ഫ്രഞ്ച് യുദ്ധക്കപ്പലുകൾക്കൊപ്പം കഴിഞ്ഞ വാരാന്ത്യത്തിൽ ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച് എം എസ് ഡയമണ്ടും ചേർന്നിട്ടുണ്ട്. ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ എന്ന പേരിലുള്ള സൈനിക നീക്കത്തിനാണ് ബ്രിട്ടീഷ് നാവിക കപ്പലും എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 18 ന് ആയിരുന്നു അമേരിക്കൻ ഡിഫൻസ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയൻ പ്രഖ്യാപിച്ചത്. ബഹറിൻ, കാനഡ, ഇറ്റലി, നെതർലാൻഡ്സ്, നോർവേ, സ്പെയിൻ, സീഷെൽസ് എന്നിവരും ബ്രിട്ടനും, അമേരിക്കയ്ക്കും, ഫ്രാൻസിനുമൊപ്പം ഇതിൽ പങ്കെടുക്കുന്നുണ്ട്.