ഗസ്സ: ആരോഗ്യ മേഖല താറുമാറായ ഗസ്സയിൽ എകദേശം 50,000 ഗർഭിണികൾ ഐക്യരാഷ്ട്ര സഭ കണക്കുകൾ പുറത്തുവിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 180 പ്രസവങ്ങൾ വരെ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യു എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീനിയൻ റെഫ്യുജീസ് (യു എൻ ആർ ഡബ്ല്യൂ എ) ആണ് ഏക ആശ്വാസം. നഴ്സുമാരും മിഡ്വൈഫുമാരും പ്രസവാനന്തര ശുശ്രൂഷകൾ നടത്തുന്നതിനും മറ്റുമായി കഠിന പ്രയത്നം ചെയ്യുകയാണ്.

നിലവിൽ യു എൻ ആർ ഡബ്ല്യൂ എ ഏഴ് കേന്ദ്രങ്ങളാണ് ഇതിനായി തുറന്നിരിക്കുന്നത്. കഴിഞ്ഞ 22 ലെ ഇസ്രയേൽ ആക്രമണത്തിന് മുൻപ് ഇവിടെ ഇത്തരത്തിലുള്ള 22 ഓളം കേന്ദ്രങ്ങൾ അന്താരാഷ്ട്ര ഏജൻസിക്ക് ഉണ്ടായിരുന്നു. ഗസ്സയിലെ ആരോഗ്യ മേഖല ആകെ തകർന്ന അവസ്ഥയിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയും ഞായറാഴ്‌ച്ച പറഞ്ഞിരുന്നു. മാത്രമല്ല, ഇത്രയും പ്രതികൂല സാഹചര്യങ്ങളിലും, രോഗികൾക്ക് സേവനം ലഭ്യമാക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഏക്സ് പ്ലാറ്റ്ഫോമിൽ കൂടിയാണ് ടെഡ്രോസ് അഡ്നോം ഗെബ്രെയേസൂസ് ഇക്കാര്യം പറഞ്ഞത്. കനത്ത അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോഴും, മുറിവേറ്റ രോഗികളുടെ പ്രവാഹം തുടരുമ്പോഴും ഡോക്ടർമാരും നഴ്സുമാരും ആംബുലൻസ് ഡ്രൈവർ മാരും അടങ്ങുന്ന ആരോഗ്യ മേഖലയിലെ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. യുദ്ധത്തിനു മുൻപുണ്ടായിരുന്നതിന്റെ 38 ശതമാനം കിടക്കകൾ മാത്രമെ ഇപ്പോൾ ലഭ്യമുള്ളു എന്നും ലോകാരോഗ്യ സ്മഘടന വക്താവ് ചൂണ്ടിക്കാണിച്ചു. അതുപോലെ നേരത്തെ ഫലസ്തീനിലുണ്ടായിരുന്നതിന്റെ 30 ശതമാനം ആരോഗ്യ പ്രവർത്തകർ മാത്രമെ ഇപ്പോൾ ജോലി ചെയ്യുന്നുള്ളു.

അതേസമയം, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ആശുപത്രികൾ ഇസ്രയേൽ തകർത്തുകൊണ്ടിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 20 പ്രകാരമുള്ള, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഗസ്സയിലെ ആരോഗ്യ മേഖലയിലെ കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ 246 ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി ആംബുലൻസുകൾക്ക് നേരെയും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

വഴിയിൽ ഉപേക്ഷിക്കപ്പെട്ട രോഗികൾ ഭക്ഷണത്തിനായി യാചിക്കുന്ന കാഴ്‌ച്ചകൾ വരെ കാണാൻ കഴിയുന്നു എന്ന് കഴിഞ്ഞയാഴ്‌ച്ച ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. യുദ്ധം നടക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്ന 36 ആശുപത്രികളിൽ വെറും ഒൻപതെണ്ണം മാത്രമാണ് ഭാഗികമായിട്ടാണെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നത്.

അതേസമയം വടക്കൻ ഗസ്സയിൽ ഒന്നുപോലും പ്രവർത്തിക്കുന്നുമില്ല. ഗസ്സയിലെ 80 ശതമാനത്തോളം ജനങ്ങളെയും തെക്കൻ ഗസ്സയിലേക്ക് മാറ്റി പാർപ്പിച്ചു കഴിഞ്ഞു.