ടെഹ്‌റാൻ: വീണ്ടും പശ്ചിേഷ്യൽ സംഘർഷം രൂക്ഷമാകും. കടൽയുദ്ധത്തിനും സാധ്യത കൂടുകയാണ്. സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റെവലൂഷണറി ഗാർഡിന്റെ മുതിർന്ന സൈനിക ജനറൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇത് സംഘർഷവും യുദ്ധവും കുടുതൽ ശക്തമാക്കും. ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സി(ഐആർജിസി)ന്റെ വിദേശവിഭാഗമായ ക്വാഡ്‌സ് ഫോഴ്‌സിന്റെ ഏറ്റവും കൂടുതൽ പ്രവൃത്തിപരിചയമുള്ള ഉപദേശകരിൽ ഒരാളായ റാസി മൗസവിയാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റാസിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, ഇസ്രയേൽ ഈ കുറ്റത്തിന് കനത്ത വില നൽകേണ്ടി വരുമെന്നു മുന്നറിയിപ്പ് നൽകി. ഇതോടെ ഇറാൻ നേരിട്ട് ഇസ്രയേലിനെതിരെ പോരിന് ഇറങ്ങുമെന്ന വിലയിരുത്തൽ സജീവമാകുന്നത്. 2020 ജനുവരിയിൽ യുഎസിന്റെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളിയാണ് റാസി മൗസവി. ഖാസിമിന്റെ നാലാം ചരമവാർഷികം ആചരിക്കാനിരിക്കെയാണ് മൗസവിയുടെ കൊലപാതകം. ഇതും കരുതി കൂട്ടിയുള്ള കൊലയാണെന്ന ഇറാന്റെ വിലയിരുത്തലിന് കാരണമാകുന്നു.

സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡമാസ്‌കസിന്റെ പ്രാന്തപ്രദേശമായ സെയ്‌നാബിയ ജില്ലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് ഇറാൻ സൈനിക ജനറൽ കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ. റാസി, മിസൈൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഐആർജിസി അറിയിച്ചു. സിറിയയിൽ ഇറാൻ സൈന്യത്തിന്റെ വിപുലീകരണം അനുവദിക്കില്ലെന്നാണ് ഇസ്രയേൽ നിലപാട്. മൂന്നു മിസൈലുകളാണ് മൗസവിയെ ലക്ഷ്യംവച്ചെത്തിയതെന്നാണ് ഇറാന്റെ വെളിപ്പെടുത്തൽ. ആക്രമണം അരങ്ങേറിയ സ്ഥലത്തെ ദൃശ്യം ഇറാൻ പുറത്തുവിട്ടു. പ്രദേശത്തുനിന്ന് വലിയ സ്‌ഫോടനശബ്ദം ഉയർന്നെന്നും കനത്ത പുക ഉയർന്നെന്നും പ്രദേശവാസികൾ അറിയിച്ചു.

അറേബ്യൻ പെനിസുലയേയും വടക്കൻ ആഫ്രിക്കയേയും വേർതിരിക്കുന്ന കടലിടുക്ക് ഇറാൻ ലക്ഷ്യമിടുമെന്നാണ് സൂചന. ആധുനിക കാലത്ത് ലോകത്തെ ഏറ്റവും തിരക്കേറിയ ചരക്കുനീക്ക പാതയായും ചെങ്കടലാണ്. ഇവിടെ ഹൂതികൾ ആക്രമണം നടത്തുന്നുണ്ട്. ഇതിന് ഇറാനും കൂടിയാൽ കടൽ യുദ്ധം സജീവമാകും. ഇത് മനസ്സിലാക്കിയാണ് ഇന്ത്യ മൂന്ന് യുദ്ധ കപ്പലുകളെ അറബിക്കടലിൽ നിയോഗിച്ചത്. ഈജിപ്തിന്റെ ഉടമസ്ഥതയിലാണ് സൂയസ് കനാൽ. അനേകം ദശകങ്ങൾ സംഘർഷത്തിലൂടെ കടന്നു പോയതാണ് സൂയസ് കനാലിന്റെ ചരിത്രവും. യൂറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഈ പാത വീണ്ടും സംഘർഷങ്ങളിൽ ഇടം നേടുകയാണ്.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്കു നേരെ ആക്രമണം നടത്തുന്നത് വലിയ പ്രതിസന്ധിയാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഒരു ആക്രമണത്തിൽ രക്ഷകരായത് ഇന്ത്യൻ നാവികസേനയും തീര സംരക്ഷണ സേനയുമായിരുന്നു. പിന്നീട് മുംബൈ തീരത്തെത്തിച്ച ലൈബീരിയൻ കപ്പൽ എംവികെം പ്ലൂട്ടോയ്ക്കു നേരെ ഡ്രോൺ ആക്രമണം നടന്നതായും സ്ഥിരീകരിച്ചു.

ആക്രമണത്തിനു പിന്നിൽ ഇറാന്റെ കൈകളാണെന്ന് യുഎസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അത് ഇറാൻ നിഷേധിക്കുകയും ചെയ്തു. എന്നാൽ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇറാനും ചെങ്കടൽ നോട്ടമിടുമെന്നാണ് സൂചന.