ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്ര ബന്ധവും ഇനി കൂടുതൽ മെച്ചപ്പെടും. ഇസ്രേയേലിന്റെ ഗസ്സ യുദ്ധത്തിൽ ഇന്ത്യയുടെ തുടക്കത്തിലെ നിലപാട് ഖത്തർ അംഗീകരിച്ചിരുന്നില്ല. ഇതിനിടെയാണ് എട്ട് ഇന്ത്യക്കാർ ചാരവൃത്തിയിൽ ഖത്തറിൽ വധശിക്ഷയ്ക്ക് വിധേയരാകുന്നത്. അതുകൊണ്ട് തന്നെ ഈ നാവികരുടെ കാര്യത്തിൽ ആശങ്കയും ഉർന്നു. എന്നാൽ മോദിക്കുള്ള ലോക നേതാവിന്റെ ഇമേജ് ഇവർക്ക് ഗുണകരമായി മാറി. ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഈ നാവികരുടെ വധശിക്ഷ ജീവപര്യന്തമാക്കി.

ചാരവൃത്തി ആരോപിച്ച് പിടികൂടിയ ഉയർന്ന നാവികോദ്യോഗസ്ഥരെ രഹസ്യവിചാരണയ്ക്ക് വിധേയമാക്കി അതിവേഗം വധശിക്ഷ വിധിച്ച ഖത്തർ നടപടി ഇന്ത്യയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. വിദേശകാര്യമന്ത്രാലയം നയതന്ത്ര നീക്കങ്ങളുമായി സജീവമായപ്പോൾ രണ്ടാം മാസം വധശിക്ഷ ഒഴിവാക്കി ഖത്തർ മേൽക്കോടതിയുടെ ഉത്തരവ് വരികയാണ്. കോടതി മുതൽ ഖത്തർ ഭരണാധികാരി തലത്തിൽ വരെ നയതന്ത്ര സമ്മർദം ഇന്ത്യ ശക്തമാക്കി. ഇതിന്റെ വിജയമാണ് ഈ ശിക്ഷ കുറവ് ചെയ്യൽ. ചില അറബ് രാജ്യങ്ങളും ഇന്ത്യയ്ക്കായി ഇടപെടൽ നടത്തി.

വധശിക്ഷ ജയിൽ ശിക്ഷയാക്കി കുറച്ചെങ്കിലും നാവികരുടെ മോചനം പൂർത്തിയാകും വരെ ദൗത്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ദുബായ്യിലെ കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും ഖത്തർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചകൾ നിർണായകമായെന്നാണ് സൂചനകൾ. ഇന്നലെ കോടതി വിധി പ്രസ്താവിക്കുമ്പോൾ കോടതി മുറിയിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽനാഥുമുണ്ടായിരുന്നു. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട ദൗത്യങ്ങളിൽ മുൻ ദുബായ് അംബാസഡർ കൂടിയായ വിപുൽനാഥിന്റെ മികവ് ഏറെ ശ്രദ്ധേയമാണ്. വിപുൽനാഥിന്റെ അറബ് ബന്ധങ്ങളും ഇതിൽ നിർണ്ണായകമായി.

എന്താണ് നാവികർക്കെതിരെ ചുമത്തിയ കുറ്റമെന്ന് ഖത്തറോ ഇന്ത്യയോ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നതാണ് കുറ്റമെന്ന് ചില വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു സ്ഥിരീകരണമില്ലെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് വധശിക്ഷ എന്നതിൽ സംശയമില്ലായിരുന്നു. രാജ്യദ്രോഹക്കുറ്റത്തിനു കടുത്ത ശിക്ഷ നൽകുന്ന ഗൾഫ് രാജ്യങ്ങളിലൊന്ന് അതിൽനിന്നു പിന്നാക്കം പോകുന്നത് അപൂർവങ്ങളിൽ അപൂർവമായ നടപടിയാണ്.

ലക്ഷക്കണക്കിനു പ്രവാസി ഇന്ത്യക്കാർ ഖത്തറിൽ ഉള്ളതുകൊണ്ടുതന്നെ കരുതലോടെയായിരുന്നു ഇന്ത്യയുടെ നീക്കം. വധശിക്ഷ വിധിക്കപ്പെട്ടവർക്ക് മേൽക്കോടതിയിൽ അപ്പീലിന് ഇന്ത്യ നിയമസഹായം നൽകിയിരുന്നു. നവംബർ 23, 30, ഡിസംബർ 7 തീയതികളിൽ അപ്പീലിൽ വിചാരണ നടന്നു. കുറഞ്ഞത് 4 തവണ തടവുകാരുമായി സംവദിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഖത്തർ അനുവദിച്ചു. ഏകാന്ത തടവിലായിരുന്ന ഉദ്യോഗസ്ഥരെ 2 പേർ വീതമുള്ള തടവറയിലേക്കു മാറ്റുകയും ചെയ്തു.

'അൽ ദഹ്‌റ ഗ്ലോബൽ കേസിലെ വധശിക്ഷ ഇളവു ചെയ്ത ഖത്തറിലെ അപ്പീൽക്കോടതിവിധിയുടെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു. അംബാസഡറും മറ്റുദ്യോഗസ്ഥരും നാവികരുടെ കുടുംബാംഗങ്ങളും കോടതിയിലുണ്ടായിരുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും നാവികരുടെ കുടുംബാംഗങ്ങൾക്കൊപ്പം മന്ത്രാലയമുണ്ട്. എല്ലാവിധ കോൺസുൽ സഹായങ്ങളും നിയമ സഹായങ്ങളും തുടർന്നും ലഭ്യമാക്കും. ഖത്തർ അധികൃതരുമായുള്ള ചർച്ചയും തുടരും, കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഖത്തർ വധശിക്ഷയ്ക്കു വിധിച്ച നാവികരെ തിരികെ രാജ്യത്തെത്തിക്കുമെന്നും വിഷയം കേന്ദ്രസർക്കാരിന്റെ ഏറ്റവും പ്രധാന കാര്യമാണന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ പാർലമെന്റിൽ പ്രഖ്യാപിച്ചിരുന്നു. നാവികരുടെ കേസ് നടത്തിപ്പ് അടക്കം കേന്ദ്രസർക്കാർ ഏറ്റെടുത്തതോടെയാണ് വധശിക്ഷയിൽ നിന്നുള്ള ഇളവ് സാധ്യമായത്. ഇത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണെന്ന് ഏവരും തിരിച്ചറിയുന്നുണ്ട്.

ഒക്ടോബർ 26-നാണ് ചാരപ്രവർത്തനം ആരോപിച്ച് ഖത്തറിലെ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. നാവികസേനയിൽനിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അൽ ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൽട്ടിങ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്. മുങ്ങിക്കപ്പൽ നിർമ്മാണരഹസ്യങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.

ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്രകുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാകേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. രാഗേഷ് തിരുവനന്തപുരം സ്വദേശിയാണ്.