- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2021 ജനുവരി 6 നുണ്ടായ സംഭവങ്ങൾ പുറത്തുപോകുന്ന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും മെയ്ൻ സ്റ്റേറ്റ് സെക്രട്ടറിയുടെ വിധിന്യായം; പ്രസിഡന്റാകാൻ മോഹിക്കുന്ന ട്രംപിന് തിരിച്ചടി; വീണ്ടും ഒരു അയോഗ്യത കൂടി
ന്യുയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് പ്രൈമറി തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ സ്റ്റേറ്റ് ബാലറ്റിൽ നിന്ന് അയോഗ്യനാക്കി യുഎസ് സംസ്ഥാനമായ മെയ്ൻ. 2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ ക്യാപിറ്റലിനു നേരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച സംസ്ഥാനം നടപടി. ഇതോടെ കൊളറാഡോയ്ക്ക് ശേഷം ട്രംപിനെതിരെ നടപടിയെടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മെയ്ൻ മാറി. മെയ്നിന്റെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.
സത്യപ്രതിജ്ഞയ്ക്കുശേഷം കലാപത്തിൽ ഏർപ്പെടുകയോ കലാപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ അധികാര സ്ഥാനത്തുനിന്ന് വിലക്കുന്ന അമേരിക്കൻ ഭരണഘടന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ട്രംപിനെ അയോഗ്യനാക്കണമെന്ന് മെയ്‌നിലെ നിയമനിർമ്മാതാക്കളുടെ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഡൊണാൾഡ് ട്രംപിനെ സ്റ്റേറ്റ് ബാലറ്റിൽ നിന്ന് അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു സംസ്ഥാന കോടതിയിൽ അപ്പീൽ നൽകാവുന്ന വിധിയാണെങ്കിലും ഇത് മാർച്ചിലെ പ്രൈമറി തിരഞ്ഞെടുപ്പിന് മാത്രമേ ബാധകമാകുകയുള്ളു.
2024 ലെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയാകുന്നവരിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ മുൻനിരക്കാരനായിരുന്നു ട്രംപ്. എന്നാൽ 2020 ലെ തിരഞ്ഞെടുപ്പിൽ വോട്ടർ തട്ടിപ്പുമായി ബന്ധപ്പെട്ട തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിച്ച് രാജ്യത്ത് ഒരു കലാപം സൃഷ്ടിക്കാൻ ട്രംപ് പ്രേരിപ്പിച്ചതായി മെയിൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസ് ചൂണ്ടിക്കാട്ടി. വോട്ട് തടസ്സപ്പെടുത്താൻ ക്യാപിറ്റോളിലേക്ക് മാർച്ച് ചെയ്യാൻ ട്രംപ് തന്റെ അനുയായികളോട് അഭ്യർത്ഥിച്ചുവെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിലക്ക്.
ഡിസംബർ 19 ന്, കൊളറാഡോയിലെ സുപ്രീം കോടതി ട്രംപിനെ സ്റ്റേറ്റ് പ്രൈമറി ബാലറ്റിൽ നിന്ന് അയോഗ്യനാക്കിയിരുന്നു. ഇതോടെ കലാപത്തിൽ ഏർപ്പെട്ടതിന് പ്രസിഡന്റ് സ്ഥാനത്തേക്ക് അയോഗ്യനായി കണക്കാക്കപ്പെടുന്ന യുഎസ് ചരിത്രത്തിലെ ആദ്യത്തെ സ്ഥാനാർത്ഥിയായി ട്രംപ് മാറി. അതേസമയം, കൊളറാഡോ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വെല്ലുവിളികളെ ജനാധിപത്യവിരുദ്ധം എന്നാണ് അദ്ദേഹം വിമർശിച്ചത്.
2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചതിന് ട്രംപിനെതിരെ ജോർജിയയിൽ ഒരു ഫെഡറൽ കേസുണ്ട്. എന്നാൽ കലാപ ശ്രമങ്ങൾക്ക് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. 2024 ലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ അഭിപ്രായ വോട്ടെടുപ്പിൽ ഡൊണാൾഡോ ട്രംപ് വലിയ മാർജിനിൽ ലീഡ് ചെയ്തു വരവേയാണ് പുതിയ തിരിച്ചടികൾ.
2021 ജനുവരി 6 നുണ്ടായ സംഭവങ്ങൾ 'പുറത്തുപോകുന്ന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും' മെയ്ൻ സ്റ്റേറ്റ് സെക്രട്ടറി ഷെന്ന ബെല്ലോസിന്റെ വിധിയിൽ പറയുന്നു. നമ്മുടെ സർക്കാരിന്റെ അടിത്തറ ഇളക്കുന്ന തരത്തിലുള്ള ആക്രമണം യുഎസ് ഭരണഘടന സഹിക്കില്ലെന്നും വിധിന്യായത്തിൽ പറയുന്നു. അതേസമയം, മെയിൻ സ്റ്റേറ്റ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ ട്രംപ് അപ്പീൽ നൽകുമെന്ന് ക്യാംപെയ്ൻ വക്താവ് സ്റ്റീവൻ ച്യൂങ് പറഞ്ഞു.
പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി 5 ആണ്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി അഭിപ്രായ സർവ്വേകൾ വരുന്നുണ്ട്. പ്രസിഡന്റ് ബൈഡനേക്കാൾ അൽപ്പം ജനപ്രീതി കൂടുതലാണ് ട്രംപിന് എന്നാണ് വിലയിരുത്തൽ. ഇതിനിടെയാണ് കോടതി ഉത്തരവ്. ഇതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ ട്രംപിന്റെ സാധ്യതകൾ സുപ്രീംകോടതിയിലെ അപ്പീൽ വിധി തീരുമാനിക്കും. കൊളറാഡോ സ്റ്റേറ്റിൽ മാത്രമാകും ഈ വിധിക്ക് സാധ്യതയെങ്കിലും അവിടെ മത്സരിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ട്രംപിന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശം നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടെന്നതാണ് വസ്തുത.
മറുനാടന് ഡെസ്ക്