ബുസാൻ: ദക്ഷിണകൊറിയയിൽ പ്രതിപക്ഷ നേതാവിനെ കുത്തി പരിക്കേൽപ്പിച്ചു. ബുസാൻ സന്ദർശനത്തിനിടയിൽ ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജേ-മ്യുങ്ങിനു നേരെ ആക്രമണം ഉണ്ടാവുകയാണ്. ദക്ഷിണ കൊറിയയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ദി ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് ലീ ജേ-മ്യൂങ്. ബുസാനിലെ ഗാദിയോക്ക് ദ്വീപിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ലീ ജേ-മ്യൂങ്ങിന്റെ കഴുത്തിൽ ഇടതു വശത്താണ് കുത്തേറ്റത്. പ്രതിപക്ഷ നേതാവിന്റെ നില അതീവ ഗുരുതരമാണ്.

അക്രമിയെ സംഭവ സ്ഥലത്തു വെച്ചു തന്നെ അറസ്റ്റ് ചെയ്തു. ബുസാനിലെ ഗാദിയോക് ദ്വീപിലെ പുതിയ വിമാനത്താവളത്തിന്റെ നിർമ്മാണ സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. അക്രമി ലീയുടെ നേരെ കുതിച്ചു ചാടി ആയുധം കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് കൊറിയൻ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യുകായണ് പൊലീസ്. ദക്ഷിണ കൊറിയയിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് ലീ.

കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് യൂൻ സുക് യോളിനോട് മത്സരിച്ച വ്യക്തിയാണ് ലീ. നേരിയ മാർജിനിലായിരുന്നു പരാജയം. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ലീ മത്സരിക്കുമെന്ന ഉറപ്പാണ്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മുൻനിരയിലുമുണ്ടായിരുന്നു. പ്രധാന പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കൊറിയ തലവനാണ് ലീ. അക്രമിയെ സംഭവസ്ഥലത്തുവച്ചു തന്നെ അറസ്റ്റ് ചെയ്തു.

ബൂസാനിലെ നിർദിഷ്ട വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് നടത്തിയ സന്ദർശനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലീ. ഇതിനിടെ അനുയായിയെന്ന വ്യാജേന ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടാണ് അക്രമി എത്തിയത്. തുടർന്ന് കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. രക്തംവാർന്നു നിലത്തു വീണ ലീ മ്യൂങ്ങിനെ മിനിറ്റുകളെടുത്താണ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിന്റെ ഇടത്തേ ഭാഗത്ത് ഒരു സെന്റി മീറ്റർ ആഴത്തിൽ മുറിവുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

50നും 60നും ഇടയിൽ പ്രായം തോന്നിക്കുന്നയാളാണ് അക്രമി. ലീയുടെ ചിത്രം അടങ്ങിയ പേപ്പർ കൊണ്ടുള്ള കിരീടം അണിഞ്ഞായിരുന്നു ഇയാൾ എത്തിയത്. മാധ്യമപ്രവർത്തകർക്കിടയിൽ നിലയുറപ്പിച്ചിരുന്ന ഇയാൾ മുന്നിൽനിന്നാണു കുത്തിയത്. അക്രമിയെ ഉടൻ തന്നെ കീഴടക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. 2022ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തലനാരിഴയ്ക്കാണ് ലീ ജേ മ്യൂങ് തോറ്റത്. 0.73 ശതമാനം വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ വിജയം.

ഇത്രയും ഇഞ്ചോടിഞ്ചു പോരാട്ടം രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായായിരുന്നു. 2027ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ലീ മത്സരിക്കുമെന്നായിരുന്നു വിലയിരുത്തൽ.