ലണ്ടൻ: യഹൂദ വിരുദ്ധത ബ്രിട്ടീഷ് ക്യാമ്പസ്സുകളിൽ അലയടിക്കുകയാണെന്ന സൂചന നൽകുകയാണ് ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറിയൂടെ കൗമാരക്കാരിയായ മകൾ. യൂണിവേഴ്സിറ്റി ക്യാമ്പസ്സുകളിൽ യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് ശബ്ദം കൂടാൻ തുടങ്ങിയതോടെ ഇസ്രയേൽ- ഫലസ്തീൻ മോഡ്യുൾ ഉപേക്ഷിക്കേണ്ടിവന്നതായി ടബിത ഷാപ്സ് പറയുന്നു. ഒരു യഹൂദവംശജ എന്ന നിലയിൽ അത് സുരക്ഷിതമല്ല എന്ന തോന്നലാണത്രെ അതിന് പ്രേരിപ്പിച്ചത്.

വിവാദമായ 'നദി മുതൽ സമുദ്രം വരെ' എന്ന മുദ്രാവാക്യവും 'ഇസ്രയേലിന്റെ ഭരണകൂട ഭീകരത അവസാനിപ്പിക്കുക' എന്ന് ആഹ്വാനം ചെയ്യുന്ന പ്ലക്കാർഡുകളും തീർത്തും അസ്വസ്ഥമാക്കുന്നു എന്നും ആ 18 കാരി പറയുന്നു. സഹപാഠികളെല്ലാവരും ഇസ്രയേലിന്റേത് അപാർത്തീഡ് നയമെന്നും, ഒരു വംശഹത്യയാണ് ഇസ്രയേലിന്റെ അജണ്ട എന്നുമൊക്കെ പറയുന്നു. അത് തന്നെ തീർത്തും അസ്വസ്ഥമാക്കുന്നതിനാലാണ് ആ മോഡ്യുൾ വേണ്ടെന്ന് വെച്ചതെന്ന് രണ്ടാംവർഷ പൊളിറ്റിക്സ്- എക്കണോമിക്സ് വിദ്യാർത്ഥിനിയായ ടബിത ഷാപ്സ് പറയുന്നു.

ഇസ്രയേൽ ഹമാസിനെ ആക്രമിച്ചതിനു ശേഷം ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ യഹൂദ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് പല വിദ്യാർത്ഥികളെയും അവരുടെ മതം വെളിപ്പെടുത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. പല പുരുഷ വിദ്യാർത്ഥികളും അവർ മതാചാര പ്രകാരം ധരിക്കേണ്ട കിപ്പാ (ഒരു തരം തൊപ്പി) ഒളിച്ചു വയ്ക്കുകയാണ്. അതുപോലെ സ്റ്റാർ ഓഫ് ഡേവിഡ് നെക്ക്ലേസും ഒളിപ്പിച്ചു വയ്ക്കുകയാണ്.

യഹൂദ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുന്ന യൂണിവേഴ്സിറ്റികളിൽ യഹൂദ വിദ്യാർത്ഥികൾക്ക് എപ്രകാരം സുരക്ഷിതരായിരിക്കൻ കഴിയുമെന്ന് അറിയില്ലെന്ന് ഡിഫൻസ് സെക്രട്ടറിയുടെ മകൾ ദി ടെലെഗ്രാഫിനോട് പറഞ്ഞു. ഈ പ്രശനത്തെ കുറിച്ച് താൻ പഠിക്കുന്ന യൂണിവേഴ്സിറ്റിക്ക് ഒരു വ്യക്തതയുമില്ലെന്നും, യഹൂദ വിദ്യാർത്ഥികൾ തീർത്തും ഭയാശങ്കയിലാണെന്നും അവർ പറഞ്ഞു. ലീഡ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ ടബിത ഷാപ്സ് പക്ഷെ ഫലസ്തീൻ അനുകൂല പ്രകടനം നടത്തുന്നതിനെ എതിർക്കുന്നില്ല.

എന്നാൽ, അത് യഹൂദ വിരുദ്ധമാകുന്നത് എന്തിന് എന്നാണ് ടബിത ചോദിക്കുന്നത്. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുക എന്നത് യൂണിവേഴ്സിറ്റിയുടെ നയവും നിയമപരമായ ബാദ്ധ്യതയുമാണെന്നാണ് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്. അതുപോലെ എല്ലാ തരത്തിലുള്ള യഹൂദവിരുദ്ധതയും, ഇസ്ലാമികവിരുദ്ധതയും തടയാനും യൂണിവേഴ്സിറ്റികൾക്ക് നിയമപരമായ ബാദ്ധ്യതയുണ്ട്.

അതുകൊണ്ടു തന്നെ മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുന്ന നടപടികൾ എടുക്കുന്നവരെ ഒരു കാരണവശാലും പിന്തുണക്കില്ല എന്നും വക്താവ് അറിയിച്ചു.