ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തിൽ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. മാലദ്വീപ് ഹൈക്കമ്മീഷണർ ഇബ്രാഹിം ഷഹീബ് ആണ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശങ്ങൾ വിവാദമാകുന്നതിനിടെ മാലദ്വീപ് പ്രസിഡന്റ് ഇന്ന് ചൈനയിലെത്തും. ചൈനയുടെ അടുത്ത സുഹൃത്താണ് മാലദ്വീപ്.

പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ മാലദ്വീപ് ഹൈക്കമ്മീഷണറെ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. തുടർന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈക്കമ്മീഷണർ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. മിനിറ്റുകൾക്കകം മാലദ്വീപ് ഹൈക്കമ്മീഷണർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മടങ്ങി. തൽക്കാലം പരസ്യ പ്രസ്താവന വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിക്കുന്നത്. കൂടുതൽ പ്രകോപനമുണ്ടായാൽ പരസ്യ പ്രസ്താവന നടത്തും. മാലദ്വീപിലെ മന്ത്രിമാർ നടത്തിയത് വംശീയ അധിക്ഷേപമാണെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്.

മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചത് മാലദ്വീപിനെതിരായ നീക്കമായി തീവ്രനിലപാടുള്ള ചിലർ ചിത്രീകരിച്ചതാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. വിവാദങ്ങൾക്കിടെ സാമൂഹിക മാധ്യമങ്ങളിൽ മാലദ്വീപ് ബഹിഷ്‌കരണാഹ്വാനങ്ങളും സജീവമാണ്. അതിപ്പോഴും തുടരുന്നുണ്ട്. ഇതിനൊപ്പം മാലദ്വീപിന്റെ പ്രസിഡന്റിന്റ് ചൈനീസ് സന്ദർശനത്തേയും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. പ്രസിഡന്റ് ഷി ജിൻ പിങിന്റെ ക്ഷണം സ്വീകരിച്ചാണ് മൊഹമ്മദ് മൊയ്‌സുവിന്റെ ചൈന പര്യടനം. ഇരു രാജ്യങ്ങളും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് ചൈന അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദർശനമെങ്കിലും നേരത്തെ നിശ്ചയിച്ചതാണ് ഇരുനേതാക്കളുടേയും സന്ദർശനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേത് സർക്കാരിന്റെ അഭിപ്രായമല്ലെന്ന് മാലദ്വീപ് പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ മന്ത്രിമാരെ പുറത്താക്കി തലയൂരുകയായിരുന്നു മാലദ്വീപ്. മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുന ആണ് മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്.

സഹമന്ത്രിമാരായ മാൽഷ, ഹസൻ സിഹാൻ എന്നിവരും ഇതേറ്റുപിടിച്ച് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ലക്ഷദ്വീപിനെ മാലദ്വീപിനോട് ഉപമിക്കുന്നതിനെതിരായ പോസ്റ്റുകളും ഇവർ പങ്കുവച്ചിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനു പിന്നാലെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലദ്വീപിൽ നിന്ന് ശ്രദ്ധ മാറ്റുകയാണെന്ന മന്ത്രി അബ്ദുല്ല മഹ്‌സൂം മജീദിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് തുടക്കം. പിന്നാലെ, മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് മന്ത്രി മറിയം ഷിയുനയും രംഗത്തെത്തി. നരേന്ദ്ര മോദിയെ 'കോമാളി'യെന്നും 'ഇസ്രയേലിന്റെ പാവ'യെന്നും വിളിച്ചായിരുന്നു അധിക്ഷേപം.

ഇതോടെ, സോഷ്യൽമീഡിയയിൽ പ്രതിഷേധവുമായി ഇന്ത്യക്കാരുമെത്തി. മാലദ്വീപിലേക്കുള്ള യാത്രകളും ബുക്കിങ്ങുകളും റദ്ദാക്കിയായിരുന്നു ഇന്ത്യക്കാരുടെ പ്രതിഷേധം. തുടർന്ന് വിശദീകരണവുമായി മാലദ്വീപ് സർക്കാർ രംഗത്തെത്തുകയായിരുന്നു.