ജിദ്ദ: ഇന്ത്യ-സൗദി ഹജ്ജ് കരാർ ഒപ്പുവെച്ച ശേഷം ഇസ്‌ലാമിക പുണ്യനഗരമായ മദീനയിൽ സന്ദർശനം നടത്തി കേന്ദ്ര വനിതാ-ശിശു വികസന, ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി സുബിൻ ഇറാനിയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും. ഇസ്ലാമിന്റെ ഏറ്റവും പുണ്യനഗരങ്ങളിലൊന്നായ പ്രവാചകന്റെ പള്ളി, അൽ മസ്ജിദ് അൽ നബ്വി, ഉഹുദ് പർവതം, ഇസ്ലാമിന്റെ ആദ്യ മസ്ജിദ് ഖുബ പള്ളിയുടെ ചുറ്റളവ് എന്നിവിടങ്ങൾ സന്ദർശിച്ചു. ഹജ് കരാർ ഒപ്പിടുന്നതിനായുള്ള ഔദ്യോഗിക സൗദി സന്ദർശനത്തിന്റെ രണ്ടാംദിനമാണ് മന്ത്രിമാർ മദീനയിൽ എത്തിയത്.

ആദ്യകാല ഇസ്ലാമിക ചരിത്രവുമായി ഇഴചേർന്ന സൗദി ഉദ്യോഗസ്ഥരുടെ ഈ സ്ഥലത്തേക്കുള്ള സന്ദർശനത്തിന്റെ പ്രാധാന്യം നമ്മുടെ സാംസ്‌കാരികവും ആത്മീയവുമായ ഇടപെടലിന്റെ ആഴം കൂട്ടുന്നുവെന്നും സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.

ഇസ്‌ലാമിക പുണ്യനഗരമായ മദീന സന്ദർശിച്ചുവെന്നും മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരവും അനുഗ്രഹീതവുമാണെന്നും വി. മുരളീധരൻ പറഞ്ഞു. ഇസ്ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് നയിച്ച സൗദി ഭരണകൂടത്തിന്റെ നിലപാട്, ഭാരതത്തിന്റെ സാംസ്‌കാരിക- ആധ്യാത്മിക സമഭാവനയ്ക്കുള്ള അംഗീകാരമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും മദീനയിലെത്തിയത്. ലോകത്തിലെ ആദ്യ മസ്ജിദായ ഖുബയും ഉഹ്ദ് പർവതവും പുണ്യകാഴ്ചകളായതായും മന്ത്രി പറഞ്ഞു.



ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഔദ്യോഗികമായി ഒപ്പുവെച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.


2024ൽ ഇന്ത്യൻ തീർത്ഥാടകർക്ക് സുഖപ്രദമായ ഹജ്ജ് ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ച് അറിയുന്നതിന് സന്ദർശനം സഹായിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ- സൗദി ഹജ്ജ് കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് ഇത്തവണ 1,75,025 തീർത്ഥാടകർക്ക് ഹജ്ജ് ചെയ്യാനാകും. ജിദ്ദയിലെത്തിയ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സൗദി മന്ത്രി തൗഫീഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹജ്ജുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മികച്ച ഡിജിറ്റൽ സേവനങ്ങൾക്ക് സൗദി പ്രതിനിധികൾ അഭിനന്ദനമറിയിച്ചിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം ജിദ്ദയിലെ സൗദി ഹജ്ജ്-ഉംറ ഓഫീസിൽ നടന്ന പ്രത്യേക ചടങ്ങിൽ ഈ വർഷത്തെ ഹജ്ജ് കരാർ പരസ്പരം കൈമാറുകും ചെയ്തു. മെഹ്റം ഇല്ലാതെ ഹജ്ജിനെത്തുന്ന സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മന്ത്രിതല കൂടിക്കാഴ്ചയിൽ ചർച്ചയായി. ഹജ്ജ് തീർത്ഥാടനത്തിൽ മഹ്റം (ആൺ തുണ) ഇല്ലാതെ സ്ത്രീകൾക്ക് വരാനുള്ള അവസാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം നൽകിയതായി സ്മൃതി ഇറാനി പറഞ്ഞു. മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.



കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, കോൺസുലർ ജനറൽ ഷാഹിദ് ആലം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ഇന്നലെ വൈകീട്ടാണ് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി. മുരളീധരനും ജിദ്ദയിലെത്തിയത്.

ജിദ്ദയിൽ ഹജ് വോളന്റിയർമാരുമായും കേന്ദ്രമന്ത്രിമാർ കൂടിക്കാഴ്ച നടത്തി. പ്രവാസി സമൂഹത്തിന്റെ പ്രതിനിധികളും കൂടിക്കാഴ്ചയുടെ ഭാഗമായി. സൗദി - ഇന്തോ ബിസിനസ് മീറ്റിനെയും കേന്ദ്രമന്ത്രിമാർ അഭിസംബോധന ചെയ്തു. തീർത്ഥാടകരുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കിയുള്ള ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തു.