- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളിൽ ബോംബ് വർഷം
ലണ്ടൻ: വീണ്ടും ലോകമഹായുദ്ധത്തിന്റെ ആശങ്ക ഉയരുന്നു. യെമനിൽ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും നിലപാട് കടുപ്പിക്കുകയാണ്. ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് എതിരായ ഹൂതി ആക്രമണത്തിന് തിരിച്ചടി. ചരക്കുകപ്പലുകൾ സംരക്ഷിക്കാനുള്ള നടപടികൾക്ക് പിന്തുണയറിയിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. ഇതോടെ കടലാക്രമണത്തിൽ പുതിയൊരു സഖ്യം രൂപപ്പെടുകയാണ്.
യെമനിലെ ഹൂതി വിമത കേന്ദ്രങ്ങൾക്കെതിരെ വ്യോമാക്രമണം പ്രഖ്യാപിച്ച് യുഎസ്യുകെ സൈന്യം രംഗത്ത് വരികയായിരുന്നു. ചെങ്കടലിൽ ഹൂതി ഭീകരുടെ ആക്രമണം പതിവായ സാഹചര്യത്തിലാണ് അമേരിക്കയുടേയും ബ്രിട്ടന്റേയും നടപടി. 27 കപ്പലുകൾക്കെതിരെയാണ് ഹൂതി ഭീകരർ ആക്രമണം നടത്തിയത്. തുർക്കിയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന ട്രക്ക് കാരിയറും ഹൂതി ഭീകരർ പിടിച്ചെടുത്തിരുന്നു. ഇതിനി അനുവദിക്കില്ലെന്നാണ് അമേരിക്കയുടെ പക്ഷം. ഗസ്സയിലെ ഇസ്രയേൽ ആക്രമണ പശ്ചാത്തലത്തിലാണ് ഹൂതികൾ കടൽ ആക്രമണത്തിന് ഇറങ്ങിയത്. ഇതിനെ പശ്ചാത്യ ലോകം എതിർക്കുന്നത് പുതിയ യുദ്ധ സാഹചര്യം സൃഷ്ടിക്കാൻ ഇടയുണ്ട്.
യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണമാണ് പ്രധാനമായും നടത്തുന്നത്. അമേരിക്കയും ബ്രിട്ടനുമാണ് ആക്രമണം നടത്തിയത്. തലസ്ഥാനമായ സനായിലും, ചെങ്കടൽ തുറമുഖം ഹുദെദയിലുമാണ് കനത്ത ആക്രമണം നടത്തിയത്. ധമർ നഗരം, ഹൂത്തി ശക്തി കേന്ദ്രമായ സാദ എന്നിവിടങ്ങളിലും ആക്രമണം നടത്തി. പിന്നീട് വ്യോമാക്രമണത്തിനു പുറമെ കപ്പലുകൾ, അന്തർവാഹിനി എന്നിവ ഉപയോഗിച്ചും ആക്രമണം കടുപ്പിച്ചു. ഇതോടെ ഹൂതികൾ വൻ പ്രതിസന്ധിയിലായി. കൂടുതൽ രാജ്യങ്ങൾ ഈ സൈനിക നടപടിക്ക് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ പിന്തുണയും നിർണ്ണായകമായി.
യുദ്ധകപ്പലുകളും അന്തർവാഹികളും കപ്പലുകളും ഉപയോഗിച്ചാണ് അമേരിക്കയും ബ്രിട്ടണും ആക്രമണം നടത്തുന്നത്. സനായിലും ചെങ്കടലിനോട് ചേർന്നുള്ള ഹൂതി ശക്തി കേന്ദ്രത്തിലും അതിശക്തമായ ആക്രമണമാണ് നടത്തുന്നത്. അതിനിടെ ചെങ്കടലിൽ കപ്പലുകൾക്കുനേരെ യമനിലെ ഹൂതികൾ നടത്തുന്ന ആക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാസമിതിയും പ്രമേയം പാസാക്കി. 15 അംഗ രക്ഷാസമിതിയിൽ അൽജീരിയ, ചൈന, മൊസാംബീക്, റഷ്യ എന്നിവ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അതായത് റഷ്യയും മറ്റും അമേരിക്കയേയും ബ്രിട്ടണേയും പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തം.
അമേരിക്കയും ജപ്പാനും ചേർന്ന് അവതരിപ്പിച്ച പ്രമേയത്തെ 11 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ആരും എതിർത്ത് വോട്ടുചെയ്തില്ല. റഷ്യ ഭേദഗതി നിർദ്ദേശിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. ഗസ്സയിൽ 23000ത്തിലേറെ സാധാരണക്കാരെ കൊലപ്പെടുത്തിയതിനെ മറന്നുള്ള പ്രമേയത്തോടൊപ്പം നിൽക്കാൻ കഴിയില്ലെന്ന് അൽജീരിയൻ അംബാസഡർ അമർ ബിൻത്ജമ പറഞ്ഞു. ആഗോള വ്യാപാരത്തെ ബാധിക്കുന്ന ആക്രമണം ഹൂതികൾ ഉടൻ അവസാനിപ്പിക്കണമെന്നും സംഘർഷം വ്യാപിക്കുന്നത് തടയാൻ നയതന്ത്ര ശ്രമം തുടരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന ഭീഷണി മുൻനിർത്തി ഹൂതികൾക്കെതിരെ സൈനികനീക്കം ശക്തമാക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനും. അക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഹൂതികളും വ്യക്തമാക്കി. ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്.
ഇന്നലെ അർധരാത്രി ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തിൽ ഹൂതികൾക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഹുദൈദക്കും ഹജ്ജാക്കും ഇടയിൽ ഹൂതികൾ ഡ്രോണുകൾ അയക്കുന്ന കേന്ദ്രങ്ങൾ അക്രമിക്കാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം ചെങ്കടലിലെ നാവിക സുരക്ഷാ സേന ഗൗരവത്തിൽ കാണുമെന്ന് പെന്റഗണും അറിയിച്ചു. അതേസമയം, രക്ഷാസമിതി പ്രമേയം അപഹാസ്യവും ഇസ്രയേലിനെ പിന്തുണക്കുന്നതുമാണെന്ന് ഹൂതികൾ പ്രതികരിച്ചു. ഇസ്രയേൽ കപ്പലുകളുടെ സഹായത്തിന് ആരുതന്നെ വന്നാലും തിരിച്ചടിക്കുമെന്നും ഹൂതികളുടെ മുന്നറിയിപ്പ് നൽകി. ഒമാൻ സമുദ്രത്തിൽ തങ്ങളുടെ എണ്ണ ടാങ്കർ പിടിച്ചെടുത്ത ഇറാൻ നടപടി നിയമവിരുദ്ധമെന്ന് പെന്റഗൺ കുറ്റപ്പെടുത്തി. നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണന്നും പെന്റഗൺ പറയുന്നു.