- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടീഷ് ഹൈ കമ്മീഷണർ പാക് അധിന കശ്മീരിലെത്തിയതിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണർ ജെയ്ൻ മാരിയറ്റ് പാക് അധിന കശ്മീർ സന്ദർശിച്ചതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. വിദേശ കാര്യ സെക്രട്ടറി ഇന്ത്യയിലെ ബ്രിട്ടീഷ ഹൈ കമ്മീഷണറെയാണ് ശക്തമായ പ്രതിഷേധം അറയിച്ചത്. മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമാണെന്നും പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമെന്നും സന്ദർശനം ഇന്ത്യയുടെ പരമാധികാരത്തിന് എതിരായ നടപടിയാണെന്നും വിദേശ കാര്യ സെക്രട്ടറി വ്യക്തമാക്കി.
ജനുവരി 10 നാണ് ഇസ്ലാമാബാദിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറും യു കെ വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥനും പാക് അധീന കശ്മീരിൽ സന്ദർശനം നടത്തിയത്. ഈ നടപടി വളരെ പ്രതിഷേധാർഹമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
ബ്രിട്ടീഷ് പ്രതിനിധിയുടെ സന്ദർശനത്തിൽ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർക്ക് ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീർ സന്ദർശിച്ച ശേഷം, ജെയ്ൻ മാരിയറ്റ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, 70 ശതമാനം ബ്രിട്ടീഷ്- പാക്കിസ്ഥാൻ വേരുകളും മിർപൂരിൽ നിന്നുള്ളതാണെന്ന് മാരിയറ്റ് സന്ദർശനത്തോടനുബന്ധിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. 'യുകെയിലേയും പാക്കിസ്ഥാനിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ മികച്ച ഉദാഹരണമായി നിലകൊള്ളുന്ന ഇടമാണ് മിർപൂർ. 70 ശതമാനം ബ്രിട്ടീഷ് പാക്കിസ്ഥാൻ വേരുകളും മിർപൂരിൽ നിന്നാണ്, പ്രവാസി താൽപ്പര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ആതിഥ്യത്തിന് നന്ദി!' മാരിയറ്റ് പറഞ്ഞു.
പാക്കിസ്ഥാനിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷന്റെ എക്സ് അക്കൗണ്ടിൽ ജെയ്ൻ മാരിയറ്റ് പ്രദേശം സന്ദർശിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിരുന്നു. അവർ ഒരു ബേക്കറിയിൽ പോകുന്നതും ജില്ലാ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതും വിഡിയോയിൽ കാണാം.
അതേസമയം മാരിയറ്റിന്റെ സന്ദർശനത്തിനു പിന്നാലെ സമൂഹമാധ്യമ ഉപയോക്താക്കൾ ബ്രിട്ടീഷ് പ്രതിനിധിക്കെതിരെ ട്രോളുകളുമായി രംഗത്തെത്തി. യുകെ സർക്കാർ പാക് അധിനിവേശ കശ്മീരിലേക്ക് അവരുടെ പ്രതിനിധികളെ അയച്ചത് ലജ്ജാകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ജെയ്ൻ മാരിയറ്റിനെതിരെ നടപടിയെടുക്കണമെന്ന് ചില സമൂഹമാധ്യമ ഉപയോക്താക്കൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനോട് ആവശ്യപ്പെട്ടു.
2023 ഒക്ടോബറിൽ പാക്കിസ്ഥാനിലെ യുഎസ് പ്രതിനിധി ഡേവിഡ് ബ്ലോം പാക് അധീന കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാനിൽ സന്ദർശനം നടത്തിയിരുന്നു. അന്നും ആ സന്ദർശനം എതിർപ്പിന് കാരണമായി. കേന്ദ്ര സർക്കാർ യുഎസ് അധികാരികളോട് വിഷയം ഉന്നയിക്കുകയും ജമ്മു കശ്മീരിലെ മുഴുവൻ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു.
യുഎസ് അംബാസഡർ 2022ലും പാക് അധിനിവേശ കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാക് അധിനിവേശ കശ്മീർ നമ്മുടേതാണെന്ന് ഊന്നിപ്പറയുകയും, ജമ്മു കശ്മീർ നിയമസഭയിൽ പാക് അധിനിവേശ കശ്മീരിനായി 24 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.