- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കടലിൽ അമേരിക്കൻ ചരക്ക് കപ്പലിന് നേരേ ഹൂതി വിമതരുടെ മിസൈൽ ആക്രമണം
ദുബായ്: അമേരിക്കൻ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിന് നേരേ ഹൂതി വിമതരുടെ മിസൈലാക്രണം. എം വി ജിബ്രാൾട്ടർ ഈഗിൾ കണ്ടെയ്നർ കപ്പലിന് നേരേയാണ് ആക്രമണം ഉണ്ടായത്. ബാലിസ്റ്റിക് മിസൈലാണ് തൊടുത്തുവിട്ടതെന്ന് യുഎസ് കേന്ദ്ര കമാൻഡ് അറിയിച്ചു. ആർക്കും പരുക്കേറ്റിട്ടില്ല. കപ്പലിന് സാരമായ തകരാറുകൾ ഉണ്ടായോ എന്ന് അറിവായിട്ടില്ല.
കപ്പലിന്റെ ഉടമകളായ ഈഗിൾ ബൾക്ക് ഷിപ്പിങ് സംഭവത്തോട് പ്രതികരിച്ചില്ല. യെമനിലെ ചെങ്കടൽ തീരം നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികൾ മേഖലയിലെ വാണിജ്യ കപ്പലകുൾക്ക് നേരേ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. ഇസ്രയേലുമായി ബന്ധമുള്ളവയോ, ഇസ്രയേൽ തുറമുഖങ്ങളിലേക്ക് പോകുന്നവയോ ആയ കപ്പലുകളെയാണ് ആക്രമിക്കുന്നത്.
കഴിഞ്ഞാഴ്ച യുഎസ്-ബ്രിട്ടീഷ് സേനകൾ ഹൂതി കേന്ദ്രങ്ങളെ ലാക്കാക്കി ശക്തമായ വ്യോമ-നാവിക ആക്രമണങ്ങൾ നടത്തി തിരിച്ചടിച്ചിരുന്നു. യെമൻ തുറമുഖമായ ഏദന്‍ സമീപത്ത് കൂടി പോകുമ്പോഴാണ് യുഎസ് ചരക്കുകപ്പലിന് നേരേ ഹൂതികൾ തിങ്കളാഴ്ച മിസൈലുകൾ തൊടുത്തുവിട്ടത്. ഏദന്‍ 95 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായി ആയിരുന്നു മുകളിൽ നിന്ന് ചരക്ക് കപ്പലിലേക്കുള്ള ആക്രമണം. മൂന്നുമിസൈലുകൾ തൊടുത്തുവിട്ടെങ്കലും ഒരെണ്ണം മാത്രമാണ് കപ്പലിൽ പതിച്ചത്.
കപ്പലിൽ തീപ്പിടിത്തമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. തുടർന്നും സഞ്ചാര യോഗ്യമാണ്. ഇസ്രയേൽ ബന്ധമൊന്നുമില്ലാത്ത കപ്പലിനെ ആക്രമിച്ചത് കഴിഞ്ഞാഴ്ചത്തെ യുഎസ് ആക്രമണത്തിന് തിരിച്ചടിയായിട്ടാണെന്ന് കണക്കാക്കുന്നു. ഹൂതികളുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലിൽനിന്ന് വിട്ടുനിൽക്കാൻ അമേരിക്കൻ നാവികസേന ആവശ്യപ്പെട്ടിരുന്നു.
യെമൻ തലസ്ഥാനമായ സനയും, വടക്കൻ, പടിഞ്ഞാറൻ മേഖലയിലെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ ചെങ്കടലിലെ ആക്രമണം ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ നേതാവായ അബ്ഗേൽ മാലെക് അൽഹൂതി വ്യാഴാഴ്ച നടത്തിയ ടെലിവിഷൻ പ്രസംഗത്തിൽ യെമന്‍ നേരേയുള്ള ഏതു യുഎസ് ആക്രമണത്തിനും തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെക്കൻ ചെങ്കടലിൽ യുഎസ്എസ് ലബൂണിന് നേരേ ഹൂതികൾ തൊടുത്തു വിട്ട കപ്പൽ വേധ ക്രൂസ് മിസൈൽ അമേരിക്കൻ പോർ വിമാനം വെടിവച്ചിട്ടെന്ന് യുഎസ് സൈന്യം ഞായറാഴ്ച അറിയിച്ചിരുന്നു്..
ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധം നിർത്തണമെന്നാവശ്യപ്പെട്ടാണ് യമൻ ആസ്ഥാനമായുള്ള ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത്. യുദ്ധം തുടർന്നാൽ ഇസ്രയേൽ ബന്ധമുള്ള ഒരു കപ്പൽ പോലും ഇതുവഴി കടത്തിവിടില്ലെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ കമ്പനികളുടെ ഉടമസ്ഥതയിലുള്ള എല്ലാ കപ്പലുകളും പിടിച്ചെടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.
സ്വാൻ അറ്റ്ലാന്റിക്, എംഎസ്സി ക്ലാര എന്നീ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ നേരത്തെ ആക്രമണമുണ്ടായിരുന്നു. നവംബർ 19ന് ഗാലക്സി ലീഡർ എന്ന ചരക്ക് കപ്പൽ ഹൂതികൾ റാഞ്ചിയതാണ് ആദ്യസംഭവം. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടർക്കഥയായതോടെയാണ് ഈ നിർണായക കപ്പൽ പാതയിലൂടെയുള്ള സേവനം അവസാനിപ്പിക്കുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുന്നതെന്ന് കപ്പൽ കമ്പനികൾ അറിയിച്ചിരുന്നു.
യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെ യു.എസ്.-യു.കെ ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രണ്ടുദിവസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ആക്രമണം ന്യായീകരിക്കാനാവില്ലെന്ന് അന്റോണിയോ ഗുട്ടെറസ് പ്രസ്താവനയിൽ പറഞ്ഞു. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വ്യാഴാഴ്ച രാത്രിയാണ് യെമനിലെ പന്ത്രണ്ടോളം സൈനിക താവളങ്ങൾ യുഎസ്, ബ്രിട്ടീഷ് സൈന്യം ആക്രമിച്ചത്.