ലണ്ടൻ: സഖ്യരാജ്യങ്ങളിൽ നിന്നുള്ള 90,000 സൈനികരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിശീലന പ്രകടനം നാറ്റോ പ്രഖ്യാപിച്ചു. ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന പരിശീലന പ്രകടനം മൂന്നാം ലോകമഹായുദ്ധത്തിനുള്ള മുന്നോടിയാണെന്ന ആശങ്ക ശക്തമായിട്ടുണ്ട്. റഷ്യ പോലെ ശക്തരായ ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനുള്ള കഴിവ് പരീക്ഷിക്കുന്ന പ്രകടനത്തിൽ ബ്രിട്ടനിൽ നിന്നുള്ള 20,000 സൈനികരും പങ്കെടുക്കും.

അടുത്ത മാസം ആരംഭിക്കുന്ന, സ്റ്റെഡ്ഫാസ്റ്റ് ഡിഫൻഡർ എന്ന് വിളിക്കപ്പെടുന്ന പരിശീലന പ്രകടനം മെയ്‌ അവസാനം വരെ നീണ്ടു നിൽക്കും. നാറ്റോയുടെ മുഴുവൻ 31 അംഗങ്ങളും നാറ്റോയിൽ ചേരാൻ കാത്തിരിക്കുന്ന സ്വീഡനും ഈ പ്രകടനത്തിൽ പങ്കെടുക്കും. അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിരോധ തലവന്മാർ നടത്തിയ രണ്ടു ദിവസം നീണ്ട യോഗത്തിന് ശേഷം, നാറ്റോ സുപ്രീം അലൈഡ് കമാൻഡർ ജനറൽ ക്രിസ്റ്റഫർ കാവോലിയാണ് ഇക്കാര്യം ബ്രസ്സൽസിൽ അറിയിച്ചത്.

യൂറോ അറ്റ്ലാന്റിക് മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിൽ വടക്കെ അമേരിക്കയിൽ നിന്നുള്ള സൈനികരെ കൂടി വിന്യസിക്കുമെന്നും കവോലി അറിയിച്ചു. അംഗ രാഷ്ട്രങ്ങളെ എല്ലാം തന്നെ എതിരാളികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ബാദ്ധ്യസ്ഥമായ നാറ്റോ സഖ്യത്തിന്റെ ഏറ്റവും പുതിയ ശക്തി പ്രകടനമായാണ് ഇതിനെ കാണുന്നത്.

ബ്രിട്ടന്റെ 20,000 സൈനികർക്കൊപ്പം റോയൽ നേവിയുടെ രണ്ട് പുതിയ വിമാന വാഹിനി കപ്പലുകളും എട്ട് യുദ്ധക്കപ്പലുകളും ഇതിൽ പങ്കെടുക്കും. റോയൽ എയർ ഫോഴ്സിന്റെ എഫ് - 5 യുദ്ധവിമാനങ്ങളും ഇതിൽ പങ്കെടുക്കും. ഇക്കാര്യം ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ഗ്രാന്റ് ഷാപ്സും സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ഒരു ലോകമഹായുദ്ധത്തിലെക്ക് നയിച്ചേക്കും എന്ന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരിശീലന പ്രകടനം എന്നത് ഇതിന്റെ പ്രാധാന്യം ഏറേ വർദ്ധിപ്പിക്കുന്നു.

എന്നാൽ, പ്രാഥമികമായും, റഷ്യയിൽ നിന്നുള്ള ഒരു ആക്രമണം ഉണ്ടാകുന്ന സാഹചര്യമാണ് നാറ്റോ പ്രതീക്ഷിക്കുന്നത്. അതിനെ മുൻകൂട്ടി കണ്ടുകൊണ്ടാന് ഈ പ്രകടനം എന്ന് വിലയിരുത്തപ്പെടുന്നു. പാശ്ചാത്യ സഖ്യത്തെ പടിപടിയായി ഒരു ലോകമഹായുദ്ധത്തിലേക്ക് കൊണ്ടുവരാൻ പുടിൻ തയ്യാറാക്കിയത് എന്ന് പറയപ്പെടുന്ന ഒരു പദ്ധതിയുടെ വിശദാംശങ്ങൾ ഈയാഴ്‌ച്ച ആദ്യം പുറത്തായിരുന്നു.

സംഘർഷത്തിലേക്കുള്ള പാത എന്ന് പേരിട്ട രഹസ്യ രേഖകളിൽ, സംഘർഷം ക്രമമായി മൂർച്ഛിപ്പിഛ്ക് 2025 ൽ ക്ലൈമാക്സിൽ എത്തിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്.