കംപാല: മാലദ്വീപിൽനിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നതിൽ വിശദമായ ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറും. ഉഗാണ്ടയിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള കൂടിക്കാഴ്ചയിലായിരുന്നു ചർച്ച.

സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പരിഹാരം കണ്ടെത്താൻ ഇന്ത്യ പരിശ്രമിക്കുകയാണെന്നും ഇരുകൂട്ടർക്കും അംഗീകരിക്കാനാകുന്ന ഒരു പരിഹാരം കണ്ടെത്താനാണ് ശ്രമമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിലാണ് പ്രതികരണം.

ഇരുകൂട്ടർക്കും പ്രയോജനകരമായ ഒരു പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനമെന്ന് എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഈ മാസം 14-ന് കോർ ഗ്രൂപ്പ് യോഗം നടന്നു. രണ്ടാം കോർ ഗ്രൂപ്പ് യോഗം നടക്കാനിരിക്കുകയാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. ചർച്ചകൾ എന്തു ഫലമുണ്ടാക്കുമെന്ന കാര്യം മുൻകൂട്ടി പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

''ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ കാണാനായതിൽ സന്തോഷം. നിലവിൽ മാലദ്വീപിൽ നടത്തുന്ന വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിലും സാർക്ക്, ചേരിചേരാ പ്രസ്ഥാനം എന്നിവയിൽ സഹകരണം തുടരുന്നതിലും ചർച്ചകൾ നടത്തി. ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കും'' മൂസ സമീർ എക്‌സിൽ കുറിച്ചു.

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായുള്ള അസ്വാരസ്യത്തിന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളിലെയും മന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തുള്ള 88 ഇന്ത്യൻ സൈനികരെ മാർച്ച് 15ന് മുൻപ് പിൻവലിക്കണമെന്നാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടത്. ഇന്ത്യ നൽകിയ രണ്ട് ഹെലികോപ്റ്ററുകളും ഒരു ചെറുവിമാനവും മാലദ്വീപ് ഉപയോഗിക്കുന്നുണ്ട്.

മാർച്ച് 15-ന് ഉള്ളിൽ ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്നാണ് മാലദ്വീപ് സർക്കാർ ആവശ്യപ്പെട്ടിരുന്നത്. മാലദ്വീപിന് ഇന്ത്യ നൽകിയ രണ്ട് നൂതന ലൈറ്റ് ഹെലികോപ്റ്ററുകളുടെയും (എഎൽഎച്ച്) ഒരു ഡോർണിയർ വിമാനത്തിന്റെയും പ്രവർത്തനത്തിന് ഈ ഉദ്യോഗസ്ഥർ അത്യന്താപേക്ഷിതമാണ്. പ്രധാനമായും മാനുഷിക സഹായത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമാണ് ഇവ ഉപയോഗിക്കുന്നത്.

ടൂറിസത്തെച്ചൊല്ലിയാണ് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. അഞ്ചുദിവസം നീണ്ട ചൈനാ സന്ദർശനത്തിനുപിന്നാലെയാണ് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന നിലപാട് മാലദ്വീപ് കടുപ്പിച്ചത്. തിരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു അധികാരത്തിൽ എത്തിയത്. ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവുകൂടിയാണ് മൊയ്‌സു.