ഗുവാഹത്തി: മ്യാന്മറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ നൂറുകണക്കിനു മ്യാന്മർ സൈനികർ അഭയം തേടി ഇന്ത്യൻ അതിർത്തിയിലേക്ക്. മിസോറാമിലെ ബൻദുക്‌ബൻക ഗ്രാമത്തിലേക്ക് ആണ് 276 അംഗ മ്യാന്മർ സൈന്യം എത്തിയത്. തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് സൈനികർ അതിർത്തി കടന്നിട്ടുള്ളത്. അതേ സമയം നുഴഞ്ഞുകയറ്റം തടയാൻ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി അതിർത്തിയിൽ സുരക്ഷ വേലി ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

മ്യാന്മറിൽനിന്ന് ആളുകൾ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്നതു തടയുന്നതിന് ഇന്ത്യ - മ്യാന്മർ അതിർത്തി വേലികെട്ടി അടയ്ക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ബംഗ്ലാദേശുമായുള്ള അതിർത്തി വേലികെട്ടി അടച്ചതുപോലെ ഇന്ത്യ - മ്യാന്മർ അതിർത്തിയും വേലികെട്ടി അടയ്ക്കുമെന്ന് അമിത് ഷാ അറിയിച്ചു. ഗുവാഹത്തിയിലെ അസം പൊലീസ് കമാൻഡോസിന്റെ പാസിങ് ഔട്ട് പരേഡിലാണ് അമിത് ഷായുടെ പ്രതികരണം. 1643 കിലോമീറ്റർ അതിർത്തിയാണ് മ്യാന്മറുമായി ഇന്ത്യ പങ്കിടുന്നത്. മിസോറം, മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് മ്യാന്മറുമായി അതിർത്തിയുള്ളത്.

"ബംഗ്ലാദേശുമായുള്ള അതിർത്തി വേലി കെട്ടി അടച്ചതുപോലെ മ്യാന്മറുമായുള്ള അതിർത്തി അടയ്ക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചു. മ്യാന്മറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്‌മെന്റ് റെയിം കരാറിനെക്കുറിച്ചും (രണ്ട് രാജ്യങ്ങളിലേക്കും തടസങ്ങളില്ലാതെ പോകുന്നതിനുള്ള കരാർ) നരേന്ദ്ര മോദി സർക്കാർ പുനരാലോചന നടത്തുന്നുണ്ട്. ഇന്ത്യയിലേക്കു സ്വതന്ത്രമായി കടക്കാൻ കഴിയുന്ന സാഹചര്യത്തിന് ഉടൻ മാറ്റം വരുത്തും."അമിത് ഷാ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് മറ്റ് രാജ്യത്തേക്ക് പ്രവേശിക്കാൻ ഉടൻ വിസ ആവശ്യമായി വരും.

അനധികൃത കുടിയേറ്റം തടയുന്നതിനായി ഇന്ത്യ-മ്യാന്മർ അതിർത്തിയിലെ സ്വതന്ത്ര സഞ്ചാരം സർക്കാർ നിർത്തണമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആവശ്യപ്പെട്ടിരുന്നു. മ്യാന്മറുമായുള്ള അതിർത്തിയിൽ വേലികെട്ടാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മണിപ്പൂർ, മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഇന്ത്യയും മ്യാന്മറും 1,643 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാന്മർ സൈനികരാണ് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതെന്നാണ് കണക്ക്. മിസോറാമിലെ ലൗങ്ത്‌ലായ് ജില്ലയിലേക്കാണ് സൈനികർ അഭയാർഥികളായി എത്തിയത്. പടിഞ്ഞാറൻ മ്യാന്മറിലെ സംസ്ഥാനമായ റാഖൈനിലെ സൈനിക ക്യാമ്പുകൾ വിഘടനവാദികളായ അരാക്കൻ ആർമി (എ.എ) പിടിച്ചെടുത്തതോടെയാണ് സൈനികർ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.

ഇന്ത്യക്കും മ്യാന്മറിനും ബംഗ്ലാദേശിനും ഇടയിൽ വരുന്ന സ്ഥലമാണ് ബൻദുക്‌ബൻക. ലോങ്ട്ലായ് ജില്ലയിലാണ് ബൻദുക്‌ബൻക ഗ്രാമം. 2021 ൽ ഉണ്ടായ സൈനിക അട്ടിമറിക്ക് ശേഷം മ്യാന്മറിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നൂറുകണക്കിന് സൈനികരാണ് മിസോറാമിലേക്ക് കടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സൈനികരെ ബൻദുക്‌ബൻകയ്ക്ക് സമീപമുള്ള പർവയിലെ അസം റൈഫിൾസിന്റെ ക്യാമ്പിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. സായുധ ഗ്രൂപ്പായ അരാകൻ ആർമി (എഎ) സൈനിക ക്യാമ്പ് കീഴടക്കിയതോടെയാണ് മ്യാന്മർ സൈന്യം ഇന്ത്യയിലേക്ക് കടന്നത്.

അതിർത്തി സംസ്ഥാനമായ മിസോറമിലേക്കാണ് മ്യാന്മർ സൈനികരുടെ കുടിയേറ്റം സംബന്ധിച്ച് മിസോറം സർക്കാർ കേന്ദ്രസർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ചു. മ്യാന്മർ സൈനികരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പടിഞ്ഞാറൻ മ്യാന്മർ സംസ്ഥാനമായ റാഖൈനിലെ വംശീയ സായുധ സംഘമായ അരാകൻ ആർമി (എഎ) പ്രവർത്തകൾ പട്ടാള ക്യാംപുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് അവർ മിസോറമിലെ ലോങ്ട്‌ലായ് ജില്ലയിലേക്ക് എത്തുകയായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈനികർക്ക് അസം റൈഫിൾസ് ക്യാംപിൽ അഭയം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഷില്ലോങ്ങിൽ നടന്ന വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിനിടെ മിസോറം മുഖ്യമന്ത്രി ലാൽഡുഹോമയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ അടിയന്തര ചർച്ച നടന്നു. സംസ്ഥാനത്ത് അഭയം പ്രാപിച്ച മ്യാന്മർ സൈനികരെ വേഗത്തിൽ തിരിച്ചയക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. പ്ലീനറി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.

"മ്യാന്മറിൽനിന്ന് ആളുകൾ നമ്മുടെ രാജ്യത്തേക്ക് അഭയം തേടി എത്തുകയാണ്. മാനുഷിക പരിഗണനയുടെ പേരിൽ ഞങ്ങൾ അവരെ സഹായിക്കുന്നുണ്ട്. മ്യാന്മറിലെ പട്ടാളക്കാർ അഭയം തേടി വരുന്നത് തുടരുകയാണ്. കുറച്ചുപേരെ ഞങ്ങൾ വിമാനമാർഗം തിരിച്ചയച്ചിരുന്നു. 450ഓളം സൈനികരെ തിരിച്ചയച്ചു." മുഖ്യമന്ത്രി ലാൽഡുഹോമ പറഞ്ഞു.

359 സൈനികരെ മ്യാന്മറിൽ നിന്ന് പിൻവലിച്ചതായും റിപ്പോർട്ടുണ്ട്. 104 സൈനികരെ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ വഴി മണിപ്പൂരിലെ മൊറെയിലേക്ക് മാറ്റി. ഐസ്വാളിനടുത്തുള്ള ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് മ്യാന്മർ വ്യോമസേനയുടെ കാർഗോ, ട്രാൻസ്‌പോർട്ട് വിമാനങ്ങൾ വഴി ഈ മാസം ആദ്യം 255 സൈനികരെ തിരികെ മ്യാന്മറിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. മ്യാന്മറിൽ നിന്ന് എത്തിയ സൈനികരെ ഐസ്വാളിലേക്ക് എത്തിക്കും. അവിടെ നിന്ന് മ്യാന്മർ വ്യോമസേനയുടെ വിമാനത്തിൽ തുറമുഖ നഗരമായ സിറ്റ്‌വെയിലേക്ക് കൊണ്ടുപോകുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

ഒക്ടോബറിൽ മൂന്ന് വംശീയ ന്യൂനപക്ഷ സേനകൾ ഏകോപിപ്പിച്ച ആക്രമണം നടത്തുകയും ചില പട്ടണങ്ങളും സൈനിക പോസ്റ്റുകളും പിടിച്ചെടുക്കുകയും സൈനികരെ പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തതിന് ശേഷം 2021 ലെ അട്ടിമറിയിൽ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ പരീക്ഷണമാണ് മ്യാന്മറിലെ ജനറൽമാർ നേരിടുന്നത്.