ഷിക്കാഗോ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്‌പ്പ്. ഷിക്കാഗോയ്ക്ക് സമീപം മൂന്ന് സ്ഥലത്തുണ്ടായ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേർസ് റോഡിലെ 2200 ബ്ലോക്കിലാണു സംഭവം. റോമിയോ നാൻസ് എന്നയാളാണു പ്രതി. കൊലപാതകത്തിനു പിന്നാലെ ഇയാൾ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

കൊലപാതകങ്ങൾ നടന്ന സ്ഥലത്തിനടുത്തു തന്നെയാണു പ്രതി താമസിച്ചിരുന്നത്. സംഭവത്തിനു പിന്നാലെ സ്ഥലത്തുനിന്നു ചുവപ്പ് വാഹനത്തിൽ കടന്നുകളഞ്ഞ ഇയാളുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നു പൊലീസ് മുന്നറിയിപ്പു നൽകി. നാൻസിനെക്കുറിച്ചു വിവരം ലഭിക്കുന്നവർ വിവരം കൈമാറണമെന്നും നിർദേശമുണ്ട്. അതീവ ജാഗ്രതയിലാണ് പ്രദേശം.

ഷിക്കാഗോ നഗരത്തിൽ നിന്ന് മാറി പ്രാന്തപ്രദേശങ്ങളിലാണ് വെടിവെയ്പുണ്ടായതെന്ന് ഇല്ലിനോയ്‌സ് അഥോറിറ്റി അറിയിച്ചു. വെടിവെയ്പിനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും കൊലപാതകങ്ങൾക്ക് പിന്നിലുള്ള കാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വെടിവെപ്പ് നടത്തിയാൾക്ക് ഇരകളെ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എഫ്ബിഐ ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ ലോക്കൽ പൊലീസ് പ്രതിക്ക് വേണ്ടി വ്യാപക തിരച്ചിൽ നടത്തുകയാണ്. വെടിവയ്‌പ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും, ഇരകൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് കരുതുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.

കേസിലെ പ്രതിയെ 23 കാരനായ റോമിയോ നാൻസ് ആണെന്ന് തിരിച്ചറിഞ്ഞു, അയാൾ ആയുധധാരിയും അപകടകാരിയുമായി കണക്കാക്കണമെന്ന് അധികാരികൾ ഊന്നിപ്പറയുന്നു. പ്രതിയുടെ ചിത്രം പുറത്തു വിട്ടിട്ടുണ്ട്.