- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോശം പ്രവണതകളെക്കുറിച്ച് അന്വേഷിക്കാൻ യുകെ വിദ്യാഭ്യാസ വകുപ്പ്
ലണ്ടൻ: വിദേശ വിദ്യാർത്ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ നടക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ചില മോശം പ്രവണതകളെ കുറിച്ച് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പടെ പല വിദ്യാഭ്യാസ സ്ഥാലനങ്ങളിലും പ്രവേശനം ലഭിക്കുന്നതിനുള്ള മാനദണ്ഡത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് ഇളവുകൾ നൽകുന്നു എന്ന ആരോപണം ഉയർന്നതിനെ തുടർന്നാണിത്. സൺഡേ ടൈംസ് ആയിരുന്നു ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നത്.
പ്രസ്തുത റിപ്പോർട്ട് തന്നെ അസ്വസ്ഥനാക്കിയെന്നും,വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജന്റുമാരും പിന്തുടരുന്ന ഇത്തരം പ്രവണതകൾ അനുവദിക്കാൻ ആകില്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി റോബെർട്ട് ഹാൽഫോൺ ജനപ്രതിനിധി സഭയിൽ പറഞ്ഞു. അതേസമയം, നോൺ- ഡിഗ്രി കോഴ്സുകൾക്കുള്ള മാനദണ്ഡങ്ങളും മെയിൻസ്ട്രീം അണ്ടർഗ്രാഡ്വേറ്റ് കോഴ്സുകൾക്കുള്ള മാനദണ്ഡങ്ങളും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടുള്ള തെറ്റായ റിപ്പോർട്ടാണ് അതെന്നാണ് യൂണിവേഴ്സിറ്റി പ്രതിനിധികൾ ആരോപിക്കുന്നത്.
എന്നാൽ, സമാനമായ മാനദണ്ഡങ്ങളെയാണ് താരതമ്യം ചെയ്യുന്നത് എന്ന് ഉറ;പ്പാക്കുമെന്നാണ് ചോദ്യത്തിനുത്തരമായി മന്ത്രി സഭയിൽ പറഞ്ഞത്. വിദേശ വിദ്യാർത്ഥികളെ ശക്തമായി പിന്തുണയ്ക്കുമ്പോഴും, തദ്ദേശവാസികൾക്ക് ബാധകമായ മാനദണ്ഡങ്ങൾ അവർക്കു കൂടി ബാധകമാണെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. സൺഡെ ടൈംസിൽ റിപ്പോർട്ട് കണ്ടതിനു ശേഷം താൻ വൈസ് ചാൻസലർമാരുമായി കൂടിക്കാഴ്‌ച്ച നടത്തിയെന്നും ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണത്തിന് താൻ ഉത്തരവിട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
തദ്ദേശീയരായ വിദ്യാർത്ഥികളേക്കാൾ ഉയർന്ന നിരക്കിലുള്ള ഫീസാണ് വിദേശ വിദ്യാർത്ഥികൾ നൽകുന്നത്. അതുകൊണ്ടു തന്നെ ബ്രിട്ടനിലെ പ്രമുഖ സർവ്വകലാശാലകൾ പോലും വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഏജന്റുമാർക്ക് പണം നൽകുന്നതായി സൺഡേ ടൈസ് റിപ്പോർട്ട് ചെയ്തിരുന്നു.
മാത്രമല്ല, യു കെ യിൽ ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യതയിൽ കുറവ് യോഗ്യതകൾ ഉള്ളവർക്ക് പോലും പ്രവേശനം ലഭിക്കുന്നതായും അതിൽ ആരോപിച്ചിരുന്നു.