ലണ്ടൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ശക്തി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ചൈന മേഖലയിലെ ചെറു രാജ്യങ്ങളെ പാട്ടിലാക്കാനാണ് നോക്കുന്നത്. മാലിദ്വീപിൽ നിന്നും ഇന്ത്യൻ സ്വാധീനം പൂർണ്ണമായും നീക്കം ചെയ്യാനുള്ള ശ്രമം ഇപ്പോൾ ആ ദ്വീപ് രാഷ്ട്രത്തിന് തന്നെ കടുത്ത ഭീഷണിയായിരിക്കുകയാണ്. പ്രസിഡണ്ടിനെതിരെ ഇംപീച്ച്മെന്റ് അടക്കമുള്ള നടപടികൾ തുടരുമ്പോൾ, ഇന്ത്യൻ സമുദ്രത്തിലെ മറ്റൊരു രാജ്യം കൂടി ചൈനയുടെ സ്വാധീനം വിളിച്ചോതുന്നു.

തങ്ങളുടെ രാജ്യത്തെ ബ്രിട്ടീഷ് ദ്വീപുകൾ എന്ന് വിളിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മൗറീഷ്യസ് എന്ന കൊച്ചു രാജ്യത്തിലെ പുതിയ നിയമമാണ് ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഈ നിയമം ലംഘിക്കുന്നവർക്ക് 10 വർഷം വരെ തടവു ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. മാത്രമല്ല, ചൈനയുമായി ആഭിമുഖ്യം പുലർത്തുന്ന മൗറീഷ്യസ് ഭരണകൂടം, ഡീഗോ ഗാർഷ്യയിലെ ആംഗ്ലോ- അമേരിക്കൻ വ്യോമ കേന്ദ്രം ഉൾപ്പെടുന്ന ഷാഗോസ് ദ്വീപ് സമൂഹത്തിന് മേലും അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്.

ഈ അവകാശവാദം നിയമവിധേയമാക്കുന്നതിനായിട്ടാണ് ഷാഗോസ് ദ്വീപ് സമൂഹത്തെ ബ്രിട്ടീഷ് ദ്വീപുകൾ എന്ന് പരാമർശിക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ കുപിതരായ ബ്രിട്ടീഷ് ഭരണകൂടം മൗറീഷ്യസിന് നൽകിയിരുന്ന 3.3 മില്യൻ പൗണ്ടിന്റെ ധനസഹായം റദ്ദാക്കുകയും ചെയ്തു. ഈ കരാള നിയമം മന്ത്രിമാർക്കും എം പിമാർക്കും കടുത്ത വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്നതായി പോളിസി എക്സ്ചേഞ്ച് എന്ന സെന്റർ- റൈറ്റ് തിങ്ക് ടാങ്ക് മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മഹാസമുദ്രത്തിൽ പിടിമുറുക്കാനാണ് ചൈനയുടെ നീക്കം. ഇതിന് വേണ്ടിയാണ് മൗറീഷ്യസിനെ മറയാക്കുന്നത്.

ഹോങ്കോംഗിൽ ചൈന കൊണ്ടു വന്ന അടിച്ചമർത്താൻ ഉപയോഗിക്കുന്ന നിയമങ്ങൾക്ക് സമാനമായ നിയമമായിട്ടാണ് മുൻ ബ്രിട്ടീഷ് അറ്റോർണി ജനറൽ സർ റോബർട്ട് ബക്ക്ലാൻഡ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു തരത്തിലുള്ള ഭീഷണിയെ അന്താരാഷ്ട്ര നയത്തിന്റെ കുപ്പായം പുതപ്പിച്ചു കൊണ്ടു വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഷാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് കൈമാറുന്നത് അവിടത്തെ തദ്ദേശവാസികളുടെ താത്പര്യത്തിന് വിപരീതമായിട്ടായിരിക്കും എന്നും അദ്ദേഹം ചൂണ്ടോയിക്കാണിച്ചു.

മാത്രമല്ല, പരിസ്ഥിതി അടിസ്ഥാനമാക്കി നോക്കിയാലും, ഒരു പ്രധാന മേഖലയുടെ സുരക്ഷ എന്ന നിലയിൽ നോക്കിയാലും ഇപ്പോൾ ഈ ദ്വീപുസമൂഹം മൗറീഷ്യസിന് കൈമാറുന്നത് ഉചിതമായ നടപടി ആയിരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ഷാഗോസ് ദ്വീപുകളെ കുറിച്ചുള്ള ഭാവി ചർച്ചകൾ അവസാനിപ്പിക്കുന്നതിനുള്ള ഒരു കുറുക്കുവഴിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെ ബ്രിട്ടൻ കടുത്ത സമ്മർദ്ദം പ്രയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

ഡീഗോ ഗാർഷ്യയുടെ നിയന്ത്രണം കൈയിൽ വെച്ച്, ദ്വീപു സമൂഹത്തിലെ മറ്റു ദ്വീപുകൾ മൗറീഷ്യസിന് കൈമാറുന്ന കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അത്തരത്തിലുള്ള ചർച്ചകൾ ഈ മാസം വിദേശകാര്യ സെക്രട്ടറി ലോർഡ് കാമറൂൺ റദ്ദാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചർച്ചയുടെ ഫലം എന്തായാലും, മേഖലയിലെ അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഒരു തീരുമാനം ഒന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിൽ പറഞ്ഞിരുന്നു.

ധനസഹായം നിർത്തലാക്കുന്നതിനൊപ്പം മൗറീഷ്യസിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ തിരികെ വിളിക്കണം എന്ന ആവശ്യത്തിനും ശക്തിയേറുന്നുണ്ട്. മൗറീഷ്യസിന്റെ നീക്കത്തിനെതിരെ ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ, ഇപ്പോൾ ബ്രിട്ടന്റെ അധികാരപരിധിയിലുള്ള ചില മേഖലകളിൽ അവകാശവാദം ഉന്നയിക്കുന്ന മറ്റു ചില രാഷ്ട്രങ്ങൾ അവസരം മുതലെടുക്കുമെന്ന മുന്നറിയിപ്പും രാഷ്ട്രീയ നിരീക്ഷകർ നൽകുന്നു.