- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മഹ്മൂദ് ഖുറൈഷിക്കും 10 വർഷം തടവുശിക്ഷ
ഇസ്ലാമാബാദ്: സൈഫർ കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിക്കും പത്ത് വർഷം തടവുശിക്ഷ. തിങ്കളാഴ്ചയാണ് പാക് പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2022 ൽ മാർച്ചിൽ യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിൾ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.
അടുത്ത മാസം എട്ടിന് പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) അധ്യക്ഷൻ കൂടിയായ ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്. മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പത്തു വർഷം തടവുശിക്ഷ വിധിച്ചു.
വാഷിങ്ടനിലെ പാക്ക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണവിവരമുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ കേസിൽ ഇമ്രാൻ (71) ഖുറേഷി (67) എന്നിവർ അറസ്റ്റിലായത്. ജയിലിൽവച്ചാണ് വിചാരണ പൂർത്തിയായത്.
2023 ഡിസംബറിൽ അദിയാല ജില്ലാ ജയിലിൽ കേസിന്റെ പുനർവിചാരണ ആരംഭിച്ചിരുന്നു. ഡിസംബർ 13 ന് ഇമ്രാൻ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ് ഇരുവരും. ഇവർക്കു വേണ്ടി ഹാജരാകേണ്ട മുൻ അഭിഭാഷകർ കോടതിയിൽ കൃത്യമായി എത്തിച്ചേരാത്തതിനാൽ പുതിയ അഭിഭാഷകരെ കേസിൽ നിയമിച്ചിരുന്നു. പ്രോസിക്യൂഷനോടൊപ്പം പ്രതിഭാഗവും സർക്കാരിന്റെ പക്ഷത്താണെന്ന് ആരോപിച്ച ഇമ്രാൻ ഖാൻ വിചാരണയെ 'തമാശ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
വിധി പ്രസ്താവനയെ തുടർന്ന് ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ തെഹരീക്-എ- ഇൻസാഫ് (പിടിഐ) ഇരുനേതാക്കൾക്കും പിന്തുണയുമായി എക്സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തി. പാക്കിസ്ഥാൻ ഇമ്രാൻ ഖാനും ഷാ മെഹ്മൂദ് ഖുറൈഷിയക്കും ഒപ്പമാണെന്നും ഈ വിധി അപ്പീൽ കോടതി തള്ളുമെന്നും പിടിഐ പ്രതികരിച്ചു.
ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പിടിഐയുടെ പ്രമുഖനേതാക്കൾക്കെതിരെ ഗൗരവമായ നടപടി ഉണ്ടായിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി തേടി ഇമ്രാൻ ഖാൻ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും അത് തള്ളിയിരുന്നു. 2022 ഏപ്രിലാണ് അവിശ്വാസപ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ഇമ്രാനെ അറസ്റ്റ് ചെയ്തത്. തുടർന്ന് അറ്റോക്ക് ജില്ലാ ജയിലിൽ പാർപ്പിക്കുകയും ചെയ്തു. ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി താൽക്കാലികമായി നിർത്തിവെച്ചെങ്കിലും സൈഫർ കേസിൽ അറസ്റ്റു ചെയ്തു.