- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺപടയ്ക്ക് മുന്നിൽ ഋഷിക്ക് കാലിടറുമോ?
പെന്നി മോർഡാന്റിന്റെ കത്ത് മുതൽ ലിസ് ട്രസ്സിന്റെ വിരുന്നു സത്ക്കാരങ്ങൾ വരെ നിരവധി നീക്കങ്ങളാണ് പ്രധാനമന്ത്രി ഋഷി സുനകിനെ തത്സ്ഥാനത്തു നിന്നും നീക്കാനായി നടക്കുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. അതേസമയം കെമി ബെയ്ഡ്നോക്ക്, പ്രീതി പട്ടേൽ എന്നിവരും അവരുടെ പിന്തുണ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണത്രെ. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിനായി തയ്യാറെടുക്കുകയാണെന്ന വാർത്ത ദൃഢമായി നിഷേധിക്കാൻ കെമി ബെയ്ഡ്നോക്കിന് കഴിയാത്തത് പാർട്ടി വൃത്തങ്ങളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അത്തരം ചർച്ചകൾ പാർട്ടിയെ അസ്ഥിരപ്പെടുത്തുമെന്ന് ഭൂരിഭാഗം എം പിമാരും ഭയക്കുന്നു.
അതേസമയം, ഋഷി സുനക്, തന്റെ പദ്ധതികളുമായി മുൻപോട്ട് പോവുകയാണ്. അടുത്ത പൊതു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിക്കാൻ സാധ്യതയുള്ള ടോറി നേതാക്കൾക്ക് പെന്നി മോർഡാന്റ് കത്തുകൾ അയയ്ക്കുന്നതായി ചില ടോറി വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാവിയിൽ നേതൃസ്ഥാനത്തേക്ക് ഒരു മത്സരം വരാൻ ഇടയുണ്ടെന്ന അനുമാനത്തിലാണത്രെ ഈ നടപടി.
അതിനിടയിൽ ലിസ് ട്രസ്സും പ്രീതി പട്ടേലും സ്ഥാനാർത്ഥികൾക്കായി വിരുന്നുകൾ ഒരുക്കുന്നതായും ഐ ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. ഭാവിയിൽ നേതൃസ്ഥാനത്തേക്ക് മത്സരം ഉണ്ടായാൽ പിന്തുണ വർദ്ധിപ്പിക്കാനുള്ള ശ്രമമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ വിരുന്നുകളെ കാണുന്നത്. അതിനിടയിൽ, താൻ മത്സരിക്കുന്നതിന് ശ്രമിക്കുന്നു എന്ന വാർത്ത നിഷേധിച്ചുകൊണ്ട് ബെയ്ഡ്നോക്ക് ഈയാഴ്ച്ച ആദ്യം രംഗത്തെത്തിയിരുന്നു. എവിൾ പ്ലോട്ടേഴ്സ് എന്ന ഒരു വാട്ട്സ്അപ് ഗ്രൂപ്പിൽ അവരും അടുത്ത അനുയായി ആയ മൈക്കൽ ഗോവും ഉണ്ട് എന്ന വാർത്ത പുറത്തുവന്നതോടെയായിരുന്നു നിഷേധവുമായി ബെയ്ഡ്നോക്ക് രംഗത്തെത്തിയത്.
നേരത്തെ ബോറിസ് ജോൺസനെ അട്ടിമറിക്കാൻ നേതൃത്വം നൽകിയവരിൽ പ്രമുഖൻ ഗോവ് ആയിരുന്നു എന്ന് നാദിൻ ഡോറീസ് ആരോപിച്ചിരുന്നു. ആ സംഭവം പരാമർശിച്ച് ഒരു ഹാസ്യാനുകരണം എന്ന നിലയിലാണ് ഗ്രൂപ്പിന് പ്രസ്തുത പേര് നൽകിയതെന്നാണ് ബെയ്ഡോനോക്കുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ബെയ്ഡോനോക്ക് ഉന്നത സ്ഥാനത്തിന് നോട്ടമിട്ടിരിക്കുകയാണെന്ന സംസാരം ഇപ്പോഴും വെസ്റ്റ്മിനിസ്റ്ററിൽ സജീവമാണ്.
അടുത്തകാലത്ത് ബെയ്ഡ്നോക്ക് മാധ്യമങ്ങളിൽ നടത്തിയ പ്രകടനങ്ങൾ അവരെ കൺസർവേറ്റീവ് പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരി ആക്കിയിട്ടുണ്ട്. പാർട്ടി വെബ്സൈറ്റിൽ, ഋഷിക്ക് പകരമായി പരിഗണിക്കപ്പെടുന്ന മോർഡന്റിനേക്കാൾ 15 പോയിന്റ് മുൻപിലാണ് ബെയ്ഡ്നോക്ക്. വാതുവെപ്പുകാർക്കും ബെയ്ഡ്നോക്കിൽ തന്നെയാണ് ഏറെ പ്രതീക്ഷ.
അതേസമയം, ഒരു പ്രധാനമന്ത്രിക്ക് കേവലം മാധ്യമങ്ങളിലെ പ്രതിച്ഛായയ്ക്ക് അപ്പുറം വേറെ പലതും വേണമെന്നാണ് എതിരാളികളുടെ പ്രതികരണം.