വാഷിങ്ടൺ: വടക്കൻ ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്കുണ്ടായ വ്യോമാക്രമണത്തിന് ഇറാന്റെ ശക്തികേന്ദ്രങ്ങളിൽ കനത്ത തിരിച്ചടി നൽകി അമേരിക്ക. ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള (ഐ.ആർ.ജി.സി.) ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങൾക്കുനേരെയാണ് യു.എസ്. പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം.

കഴിഞ്ഞ ഞായറാഴ്ചയാണ് ജോർദാനിലെ യു.എസ്. സൈനിക താവളത്തിനു നേർക്ക് ഡ്രോൺ ആക്രമണമുണ്ടായത്. മൂന്ന് അമേരിക്കൻ സൈനികർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്നാണ് യു.എസ്. ആരോപണം.

ഇതിന് തിരിച്ചടി നൽകാൻ ഇറാന്റെ ഭൗമാതിർത്തിക്കുള്ളിൽ അമേരിക്ക ആക്രമണം നടത്തിയില്ല. പകരം ഇറാഖിലെയും സിറിയയിലെയും ഐ.ആർ.ജി.സിയുമായി ബന്ധമുള്ള 85-ൽ അധികം കേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണം നടത്തിയത്. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്ക വ്യക്തമാക്കി.

കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റോക്കറ്റുകൾ, മിസൈലുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക്‌സ്, യുദ്ധോപകരണ വിതരണ ശൃംഖല സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ലക്ഷ്യങ്ങമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു എസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണം തുടരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

സിറിയയിലെ നാല് സ്ഥലങ്ങളിലും ഇറാഖിലെ മൂന്ന് സ്ഥലങ്ങളിലുമായുള്ള വിവിധ കേന്ദ്രങ്ങളുമാണ് അമേരിക്ക ആക്രമിച്ചത്. എന്നാൽ എതിരാളികളുടെ ആയുധങ്ങൾ തകർക്കാൻ കഴിഞ്ഞെന്നും സ്‌ട്രൈക്കുകൾ വിജയകരമായിരുന്നുവെന്ന് തോന്നുന്നുവെന്നും ജോയിന്റ് സ്റ്റാഫ് ഡയറക്ടർ യുഎസ് ലെഫ്റ്റനന്റ് ജനറൽ ഡഗ്ലസ് സിംസ് പറഞ്ഞു.

വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിൽ ആക്രമണം നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലോ ലോകത്ത് മറ്റ് എവിടെയെങ്കിലുമോ യു.എസ്. സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങളെ മുറിവേൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും ഇത് അറിഞ്ഞിരിക്കണം, ഞങ്ങൾ പ്രതികരിക്കും- ബൈഡൻ എക്സിൽ കുറിച്ചു.

കഴിഞ്ഞ ഒക്ടോബറിൽ ഇസ്രയേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യു എസ് സൈനികർക്കെതിരായ ആദ്യ മാരകമായ ആക്രമണമായിരുന്നു ഞായറാഴ്ച ജോർദാനിൽ നടന്നത്. മൂന്ന് സൈനികർ കൊല്ലപ്പെട്ടതിന് പുറമെ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ബൈഡനും പെന്റഗൺ നേതാക്കളും ഡെലവെയറിലെ ഡോവർ എയർഫോഴ്‌സ് ബേസിൽ പങ്കെടുത്തിരുന്നു.

ഐആർജിസിക്കും അതുമായി ബന്ധപ്പെട്ടവർക്കുമെതിരെ കൂടുതൽ നടപടിക്ക് ബൈഡൻ നിർദ്ദേശം നൽകിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇത് തങ്ങളുടെ പ്രതികരണത്തിന്റെ തുടക്കമാണ് എന്നും ഓസ്റ്റിൻ പറഞ്ഞു. എന്നാൽ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ടെഹ്‌റാനും യുദ്ധം ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും പെന്റഗൺ പറഞ്ഞു.

"ഞങ്ങൾ മിഡിൽ ഈസ്റ്റിലോ മറ്റെവിടെയെങ്കിലുമോ സംഘർഷം തേടുന്നില്ല, പക്ഷേ അമേരിക്കൻ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ ഞാനും പ്രസിഡന്റും വെച്ചുപൊറുപ്പിക്കില്ല," ഓസ്റ്റിൻ പറഞ്ഞു. യു എസിന് ഇറാഖിൽ ഏകദേശം 2500 സൈനികരും സിറിയയിൽ 900 സൈനികരും ഉണ്ട്. മാരകമായ ഇസ്രയേലി ആക്രമണങ്ങൾ കാരണം സിറിയയിൽ മുതിർന്ന ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഐആർജിസി അടുത്തിടെ കുറച്ചിരുന്നു.

ഇസ്രയേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ 160-ലധികം തവണ യുഎസ് സൈനികർ ആക്രമിക്കപ്പെട്ടു. അതേസമയം ആക്രമണങ്ങൾ ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യം കൂടുതൽ സങ്കീർണ്ണമാക്കും. ഇറാഖ് അതിർത്തി പ്രദേശത്താണ് ആക്രമണം നടന്നതെന്നും മേഖലയിൽ അസ്ഥിരതയ്ക്ക് തിരികൊളുത്തിയേക്കുമെന്നും ഇറാഖ് സൈന്യം മുന്നറിയിപ്പ് നൽകി.

എന്നാൽ ആക്രമണത്തെക്കുറിച്ച് ഇറാഖ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. ഇറാഖിലെ യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ ആരംഭിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാൻ ബാഗ്ദാദും വാഷിങ്ടണും സമ്മതിച്ച പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ.