- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ക്രിസ്ത്യൻ സഭകളും പള്ളികളും വ്യാജ അഭയാർത്ഥിത്വ അപേക്ഷകളെ പിന്തുണയ്ക്കുന്നത് വിമർശനത്തിൽ
ലണ്ടൻ: ബ്രിട്ടണിലെ ക്ലാഫാമിൽ വെച്ച് ഒരു അമ്മയുടെയും രണ്ട് പെൺമക്കളുടെയും മേൽ ആസിഡ് ഒഴിച്ച് ആക്രമിച്ച അഫ്ഗാൻ വംശജനായ അബ്ദുൾ ഷുക്കൂർ എസേദിക്കായുള്ള തിരച്ചിൽ ശക്തമാക്കുന്നതിനിടെ, അയാളെ കണ്ടെത്താൻ കഴിയുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20,000 പൗണ്ടിന്റെ ഇനാമും പ്രഖ്യാപിച്ചു. ഇയാളെ കുറിച്ച് അറിയുന്നവർ വിവരങ്ങൾ പൊലീസിന് കൈമാറാൻ സന്നദ്ധത കാണിക്കണമെന്നും പൊലീസ് അറിയിച്ചു. ഇയാൾക്ക് പരിചയമുള്ള ഒരു സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. അവർ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ബുധനാഴ്ച്ച വൈകിട്ട് 7:25 ൽ നടന്ന ആക്രമത്തിൽ, കനത്ത നാശം വരുത്തുന്ന ഒരു രാസവസ്തുവാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വിവരം. ഇനിയൊരു സാധാരണ ജീവിതം സാധ്യമല്ലാത്തവിധം ഗുരുതരമായ പരിക്കുകൾ ഏൽപിക്കാൻ കഴിവുള്ള ഗാഢമായ ലിക്വിഡ് സോഡിയം ഹൈഫ്രോക്സൈഡോ അല്ലെങ്കിൽ ലിക്വിഡ് സോഡിയം കാർബൊണേറ്റോ ആകാം അതെന്ന നിഗമനത്തിലാണ് പൊലീസ്. ഇരകളുടെ ശരീരത്തിൽനിന്നും ലഭിച്ച ദ്രാവകാവശിഷ്ടങ്ങളുടെ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ, എസാദിക്ക് ആദ്യം അപേക്ഷിച്ചപ്പോൾ അഭയാർത്ഥിത്വം നൽകിയിരുന്നില്ലെന്നുള്ള വിവരം പുറത്തു വന്നിരുന്നു. പിന്നീട് വീണ്ടും അപേക്ഷിച്ചപ്പോഴാണത്രെ ഇയാൾക്ക് ബ്രിട്ടനിൽ തുടരാനുള്ള അനുമതി ലഭിച്ചത്. ഈ റിപ്പോർട്ട് കുടിയേറ്റ ചർച്ചകൾക്ക് പുതിയ മാനം നൽകിയിട്ടുണ്ട്. ബ്രിട്ടനിലെ ക്രിസ്തീയ സഭകൾ അനധികൃതമായ അഭയാർത്ഥിത്വ അപേക്ഷകളെ പിന്തുണയ്ക്കുന്നു എന്ന ആരോപണവുമായി രണ്ട് മുൻ ഹോം സെക്രട്ടറിമാർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
കൺസർവേറ്റീവ് പാർട്ടി നേതാക്കളായ രണ്ട് മുൻ ഹോം സെക്രട്ടറിമാരും സൺഡേ ടെലെഗ്രാഫ് പത്രത്തോട് സംസാരിക്കവെയാണ് ഈ ആരോപണം ഉന്നയിച്ചത്. ക്ലാഫാമിലെ അക്രമി അബ്ദുൾ എസെദിയുടെ കഥ പുറത്തു വന്ന പശ്ചാത്തലത്തിലായിരുന്നു മുൻ ഹോം സെക്രട്ടറിമാരായ സുവെല്ല ബ്രേവർമാനും, പ്രീതി പട്ടേലും ആരോപണങ്ങളുമായി രംഗത്തെത്തിയത്. 35 കാരനായ അബ്ദുൾ എസെദിയുടെ അഭയാർത്ഥിത്വത്തിനുള്ള ആദ്യ അപേക്ഷ തള്ളിയതായും പിന്നീട് ക്രിസ്തുമതം സ്വീകരിച്ചതിനു ശേഷം നൽകിയ അപേക്ഷ സ്വീകരിക്കപ്പെട്ടതായും വാർത്തകൾ ഉണ്ടായിരുന്നു.
എന്നാൽ, അയാൾ എന്തിനാണ് മതം മാറിയതെന്നോ, അത്തരമൊരു ഉപദേശം അയാൾക്ക് നൽകിയത് ആരാണെന്നോ, ഇക്കാര്യത്തിൽ ആരൊക്കെ അയാളെ സഹായിച്ചു എന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ബ്രിട്ടനിലെ സഭകൾ വലിയ തോതിൽ തന്നെ വ്യാജ അഭയാർത്ഥി അപേക്ഷകൾക്ക് സൗകര്യമൊരുക്കുന്നതായി താൻ ക്യാബിനറ്റിൽ ഉണ്ടായിരുന്ന കാലത്ത് മനസ്സിലാക്കിയതാണ് എന്നായിരുന്നു ബ്രേവർമാൻ പറഞ്ഞത്. ആഴ്ചയിൽ ഒരിക്കൽ കുർബാന കൂടുക, പള്ളിയിലെ വികാരിയുമായി അടുത്തബന്ധം സ്ഥാപിക്കുക. പിന്നെ മാമോദീസ മുങ്ങുന്നതിനുള്ള തീയതി ഡയറിയിൽ കുറിപ്പിക്കുക. ഇതോടെ അഭയാർത്ഥിത്വം കൂടുതൽ സുഗമമായി എന്ന് അവർ പറയുന്നു.
പിന്നീട് ആ വ്യക്തി ഒരു ക്രിസ്തുമത വിശ്വാസിയാണ്. ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് ഭരണം നടക്കുന്ന ആ വ്യക്തിയുടെ നാട്ടിൽ തിരിച്ചെത്തിയാൽ വധശിക്ഷ വരെ ലഭിച്ചേക്കാം. അഭയാർത്ഥിത്വം ലഭിക്കാൻ മറ്റ് കാരണങ്ങൾ അന്വേഷിക്കേണ്ടതില്ലല്ലോ എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. മുൻ ഹോം സെക്രട്ടറി പ്രീതി പട്ടേലും ഈ ആരോപണത്തെ പിൻതാങ്ങുകയാണ്. ലിവർപൂൾ വിമൻസ് ഹോസ്പിറ്റൽ ബോംബർ എമാദ് ജാമിൽ അൽ സ്വീൽമീനിനെയാണ് ഉദാഹരണമായി അവർ എടുത്തു കാണിക്കുന്നത്.
2017- ൽ ലിവർപൂൾ കത്തീഡ്രലിൽ വെച്ച് ക്രിസ്തുമതത്തിലേക്ക് ഔദ്യോഗികമായി പരിവർത്തനം ചെയ്യപ്പെട്ട വ്യക്തിയാണ് അയാൾ. പിന്നീട് 2021 - കാർ ബോംബ് സ്ഫോടനത്തിലെ മുഖ്യ പ്രതിയായി. ഇക്കാര്യത്തിൽ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം ഒരു പ്രധാന ഘടകമാണെന്നതിൽ തർക്കമില്ല എന്ന് ചൂണ്ടിക്കാണിച്ച പ്രീതി പട്ടേൽ, കുടിയേറ്റവുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങൾ കൊണ്ടു വരുന്നതിനെ പലപ്പോഴും മത നേതാക്കൾ എതിർക്കുന്നത് തികച്ചും യാദൃശ്ചികമല്ലെന്നും പറഞ്ഞു.