ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം കാനഡ തെളിയിക്കുന്നതു വരെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഇതുവരെ യാതൊരുവിധത്തിലുള്ള തെളിവുകളും ഇന്ത്യയ്ക്കു കാനഡ കൈമാറിയിട്ടില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ പറഞ്ഞതായാണ് റിപ്പോർട്ട്. തെളിവുകൾ കൈമാറിയാൽ മാത്രമേ ഏതൊരു അന്വേഷണവുമായും സഹകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇപ്പോൾ ഇന്ത്യ സഹകരിക്കുന്നുണ്ടെന്ന കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യൻ ഹൈക്കമ്മിഷണറുടെ പ്രതികരണം. "കനേഡിയൻ അധികൃതരിൽനിന്ന് വ്യക്തമായ തെളിവുകൾ ഞങ്ങൾക്കു ലഭിക്കണം. അല്ലാത്തപക്ഷം സഹകരിക്കില്ല." സഞ്ജയ് കുമാർ വർമ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ ഓഫിസിലേക്ക് ഒട്ടാവയിൽനിന്ന് അപേക്ഷ എത്തിയതായി വർമ നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞവർഷം ജൂൺ 18നാണ് നിജ്ജാർ കൊല്ലപ്പെട്ടത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയിരുന്നു. ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം കാനഡ ഉന്നയിച്ചപ്പോൾ തന്നെ ഇന്ത്യ തെളിവ് ആവശ്യപ്പെട്ടിരുന്നു. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവരുടെ പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്ന് 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥരാണെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. അതിനുള്ള തെളിവുകൾ ലഭിച്ചതായും ട്രൂഡോ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനെ ഇന്ത്യ തള്ളിയിരുന്നു. ബന്ധം വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസം 41 നയതന്ത്രജ്ഞരെ കാനഡ ഇന്ത്യയിൽനിന്ന് പിൻവലിച്ചിരുന്നു. ചണ്ഡീഗഡ്, മുംബൈ, ബെംഗളൂരു കോൺസുലേറ്റുകളിലെ വിസ, കോൺസുലർ സേവനങ്ങളും കാനഡ നിർത്തിവച്ചിരുന്നു.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ കാനഡ ഇതുവരെ കൈമാറിയിട്ടില്ല. അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യമായ വിവരങ്ങളൊന്നും കാനഡ നൽകിയിട്ടില്ല. നയതന്ത്രജ്ഞർ തമ്മിലുള്ള സംഭാഷണങ്ങൾ ഒരിക്കലും തെളിവായി ഉപയോഗിക്കാൻ കഴിയില്ല. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് അവയ്ക്ക് സംരക്ഷണമുണ്ട്. അവ ചോർത്തുന്നത് നിയമവിരുദ്ധമാണ്.

സംഭാഷണങ്ങൾ എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും സഞ്ജയ് പറഞ്ഞു. നയതന്ത്ര ആശയവിനിമയത്തിലൂടെയേ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ സാധിക്കു. കൂടാതെ ഖാലിസ്ഥാൻ അനുകൂലികളെ നിയന്ത്രിക്കുന്നതിൽ കാനഡ താത്പര്യം കാണിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും സഞ്ജയ് കുമാർ വർമ നേരത്തെ വ്യക്തമാക്കിയിരുന്നു.