- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിംബാബ് വേയിൽ നിന്നും അനധികൃതമായി ഫീസ് വാങ്ങി കെയറർമാരെ എത്തിച്ച യു കെയിലെ ഏജൻസിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത് ഗാർഡിയൻ ദിനപ്പത്രം; തിങ്ങിനിറഞ്ഞ മുറിയിൽ താമസിപ്പിച്ച് പീഡനം; ബ്രിട്ടനിൽ സംഭവിച്ചത്
ലണ്ടൻ: എൻ എച്ച് എസ് രോഗികൾക്ക് സേവനം നൽകുന്ന ഒരു കെയർ കമ്പനി, ആഫ്രിക്കയിൽ നിന്നും കെയറർമാരെ എത്തിക്കുന്നത് അവരിൽ നിന്നും ആയിരക്കണക്കിന് പൗണ്ട് വാങ്ങിയാണെന്ന് ഗാർഡിയൻ ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. വിസക്കായി നൂറിലധികം പൗണ്ട് മാത്രമെ ചെലവുള്ളു എന്ന സാഹചര്യത്തിലാണിതെന്നും പത്രം റിപ്പോർട്ടിൽ പറയുന്നു. ലീഡ്സിലും ബാത്തിലും പരിസര പ്രദേശങ്ങളിലുമായി സോഷ്യൽ കെയർ വർക്കർ ആയി ജോലി ലഭിക്കാൻ സിംബാബ്വേ പൗരന്മാരോട് ഗ്ലോറിവാഡ് ഹെൽത്ത് കെയർ ലിമിറ്റഡ് ചോദിച്ചത് ആയിരക്കണക്കിന് പൗണ്ടായിരുന്നു.
പണം നൽകി ജോലിക്ക് കയറിവർക്ക് നൽകിയത് വാഗ്ദാനം നൽകിയതിലും കുറഞ്ഞ തുകയായിരുന്നു എന്ന് മാത്രമല്ല, ഒരു മുറിക്കുള്ളിൽ ആളുകളെ കുത്തിനിറച്ച് താമസിപ്പിക്കുകയായിരുന്നു. പ്രതിഷേധമുയർത്തിയാലോ പരാതിപ്പെടാൻ ശ്രമിച്ചാലോ, അവർക്കെതിരെ ഹോം ഓഫീസിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു എന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഹോം ഓഫീസിൽ റിപ്പോർട്ട് ചെയ്താൽ നാടുകടത്തിയേക്കും എന്ന ഭയം മൂലം പലരും അടങ്ങിയൊതുങ്ങി എല്ലാം സഹിച്ചു കഴിയുകയാണ്.
തെക്കൻ ആഫ്രിക്കയിലെ ഒരു ഗ്രാമത്തിലുണ്ടായിരുന്ന വീട് വിറ്റിട്ടാണ് വിസക്കുള്ള ഫീസ് ആയി 6,500 പൗണ്ട് ൻൽകാൻ ആയതെന്ന് ഒരു വനിത പറയുന്നു. ഗ്ലോറിയ വാൻ ഡുനെം നടത്തുന്ന കമ്പനിയായിരുന്നു അവരെ യു കെയിൽ എത്തിച്ചത്. തനിക്കും ഒപ്പമുള്ളവർക്കും വാഗ്ദാനം ചെയ്തതിലും കുറവ് ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നും പലപ്പോഴും വിശപ്പടക്കാൻ ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരാറുണ്ടെന്നും അവർ പറയുന്നു.
തനിക്കുണ്ടായിരുന്നതെല്ലാം കമ്പനിക്കാർ പിടിച്ചു വാങ്ങി എന്ന് സിംബാബ്വേയിൽ നിന്നുള്ള കെയർ വർക്കർ വിന്നെറ്റ് എന്ന 40 കാരി പറയുന്നു. ധാരാളം പണം നൽകിയിട്ടും ദുരിതം മാത്രമാണ് ബാക്കി എന്ന് ഡർബാനിൽ താമസിക്കുന്ന ഇവർ പറയുന്നു. വിവ്ധ കെയർ ഹോമുകളിലായി ഉണ്ടായിരുന്ന 1,65,000 ഒഴിവുകൾ നികത്തുവാനായി കെയർ വർക്കർ ജോലിയും ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ 2022-ൽ സർക്കാർ ചേർത്തതിന് ശേഷമാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുള്ളത്. ഇമിഗ്രേഷൻ റൂട്ട് ചില സോഷ്യൽ കെയർ ഏജൻസികളും എംപ്ലോയ്മെന്റ് ഏജൻസികളും ദുരുപയോഗം ചെയ്യുമെന്ന ആശങ്ക അന്നേ ഉണ്ടായിരുന്നതാണ്.
വിന്നെറ്റിനെ ആഫ്രിക്കയിൽ നിന്നും നേരിട്ട് റിക്രൂട്ട് ചെയ്യുകയായിരുന്നു. ഫീസ് ആയി നൽകുന്ന തുകയിൽ വിസ, സ്പോൺസർഷിപ് സർട്ടിഫിക്കറ്റ്, രണ്ടു മാസത്തെ താമസം, പൂർണ്ണ സമയ ജോലി എന്നിവ ഉൾപ്പെട്ടിരുന്നു. ഇവർ ഏജൻസിക്ക് ബാങ്ക് വഴി നൽകിയ 5,500 പൗണ്ട് കൈമാറിയതിന്റെ തെളിവും തങ്ങളുടെ പക്കലുണ്ടെന്ന് ഗാർഡിയൻ പത്രം അവകാശപ്പെടുന്നു. എന്നാൽ, ബ്രിട്ടനിൽ എത്തിയപ്പോൾ, ധാരാളം പേർക്കൊപ്പം ഒരു മുറിയിൽ താമസിക്കാനായിരുന്നു ആവശ്യപ്പെട്ടത്. നിലത്ത് കിടക്ക വിരിച്ചായിരുന്നു കിടന്നത്. പ്രതിദിനം ലഭിച്ചിരുന്നത് 20 പൗണ്ട് മാത്രവും.
കെയർ വർക്കർ വിസയ്ക്ക് സർക്കാർ ഈടാക്കുന്ന ഫീസ് 551 പൗണ്ട് മാത്രമാണ്. ഫോറിൻ കെയർ വർക്കറെ യു കെയിലേക്ക് കൊണ്ടു വരുന്നതിനുള്ള സ്പോൺസർ ലൈസൻസ് ഫീസ് 536 പൗണ്ടും. ആ സ്ഥലത്താണ് 5500 പൗണ്ട് വരെ ഇവർ ചാർജ്ജ് ചെയ്തത്. 2020 ൽ ഗ്ലോറിയ വാൻ ഡുനെം സ്ഥാപിച്ചതാണ് ഗ്ലോറിയവ്ഡ് ഹെൽത്ത് കെയർ ലിമിറ്റഡ് എന്ന സ്ഥാപനം. കെയർ ക്വാളിറ്റി കമ്മീഷനിൽ ഈ സ്ഥാപനം റെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കമ്മീഷൻ രേഖകളിൽ കാണിക്കുന്നത് ഈ സ്ഥാപനം ഇനിയും മെച്ചപ്പെടാനുണ്ട് എന്ന അഭിപ്രായമാണ്.
മറുനാടന് മലയാളി ബ്യൂറോ