ഇസ്ലാമാബാദ് : പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് ഇമ്രാൻ ഖാന് അനുകൂലമെന്ന് റിപ്പോർട്ട് വരുമ്പോൾ ഇനിയെന്ത് എന്ന ചോദ്യം പ്രസക്തം. വോട്ടെണ്ണൽ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും ആദ്യ ലീഡ് സൂചനകൾ ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫിന് അനുകൂലമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. 266 സീറ്റിൽ 154 ഇടത്തും വ്യക്തമായ ലീഡ് നേടിയെന്ന് ഇമ്രാൻ ഖാനും പാർട്ടിയും അവകാശപ്പെട്ടു.

പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികൾ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഔദ്യോഗിക ഫലം ഏറെ വൈകിയേക്കും. രാജ്യത്തെ ഇന്റർനെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചിട്ടുണ്ട്. 'ജനവിധി എതിരാളികൾ അംഗീകരിക്കണം' എതിരാളികളും സൈന്യവും ചേർന്ന് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് പിടിഐ ആരോപിച്ചു. രാജ്യത്തിന്ഓറെ പലഭാഗങ്ങളിലും പിടിഐ അനുയായികൾ ആഹ്ലാദ പ്രകടനം തുടങ്ങി. ആഹ്ലാദങ്ങൾക്കിടയിലും സൈനിക നേതൃത്വത്തിന്റെ ഇടപടെലിനെ പിടിഐ ആശങ്കയോടെയാണ് കാണുന്നത്.

പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പ് അവസാനിച്ച് 11 മണിക്കൂറിലേറെ പിന്നിട്ടിട്ടും ഒരു സീറ്റിൽ പോലും ഔദ്യോ?ഗിക ഫല പ്രഖ്യാപനം നടത്താതെ തിരഞ്ഞെടുപ്പ് കമ്മിഷനും ആശങ്ക പരത്തുന്നുണ്ട്. ഇമ്രാൻ ഖാന്റെ തെഹരീകെ ഇൻസാഫ് പാർട്ടിയിലെ മിക്കവരും ലീഡ് ചെയ്യുന്ന കാര്യം പ്രാദേശിക ടിവി ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു. അട്ടിമറി ഭയക്കുന്ന ഇമ്രാൻ ഖാൻ എല്ലാവരും ശാന്തരായിരുന്നു ജാഗ്രത പുലർത്തണമെന്ന് ജയിലിൽ നിന്ന് അനുയായികൾക്ക് നിർദ്ദേശം നൽകി. ഇതിനിടെ ഇമ്രാൻ അനുകൂലികളായ സ്ഥാനാർത്ഥികളെ അറസ്റ്റ് ചെയ്ത് ജയിലലാക്കുന്നതായുള്ള വിവരങ്ങളും പുറത്തുവിന്നു.

പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് പാർട്ടി അധികാരത്തിലേറുമെന്നാണ് പ്രതീക്ഷക്കപ്പെട്ടിരുന്നതെങ്കിലും പട്ടാളം പിന്തുണയ്ക്കുന്ന അവർക്ക് വലിയ തിരിച്ചടിയാണ് വോട്ടെടുപ്പിൽ ലഭിച്ചതെന്നാണ് സൂചന. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ വിലക്ക് ഉള്ളതിനാൽ സ്വതന്ത്രർ ആയാണ് പിടിഐ സ്ഥാനാർത്ഥികൾ മത്സരിച്ചത്. മത്സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്പിണ്ടി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇമ്രാനൊപ്പം ജയിലിൽ കഴിയുന്ന ഭാര്യ ബുഷ്റ ബീവിക്ക് വോട്ടു ചെയ്യാൻ കഴിഞ്ഞില്ല. അക്രമം തടയാനെന്ന പേരിൽ രാജ്യത്താകെ ഇന്റെനെറ്റ്, മൊബൈൽ സേവനങ്ങൾ തടഞ്ഞിരിക്കുകയാണ്. ഭീകര സംഘങ്ങൾ കടന്നുകയറുന്നത് ഒഴിവാക്കാൻ അഫ്ഘാൻ, ഇറാൻ അതിർത്തികൾ തത്കാലത്തേക്ക് അടച്ചു. ഇങ്ങനെ അതിരൂക്ഷമായ സാഹചര്യമാണ് പാക്കിസ്ഥാനിലുള്ളത്.

ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിലേക്ക് ഇന്നലെ രാവിലെ എട്ടു മുതൽ ആണ് വോട്ടെടുപ്പ് തുടങ്ങിയത്. വ്യാപക അക്രമങ്ങളും 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണവും ഉണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. എന്നാൽ അട്ടിമറിക്ക് വേണ്ടിയാണ് ഇതെന്ന് ഇമ്രാന്റെ പാർട്ടി ആശങ്കപ്പെടുന്നു. പല രാഷ്ട്രീയ പാർട്ടികളുടെയും ജനാധിപത്യ അവകാശങ്ങൾ തടയപ്പെടുന്നു എന്ന വാർത്തകളിൽ യുഎൻ മനുഷ്യാവകാശ സമിതി ആശങ്ക രേഖപ്പെടുത്തി.

ഒരിക്കൽ പാക്കിസ്ഥാൻ പട്ടാളത്തിന് ഇമ്രാൻ ഖാൻ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ ഇന്ന് റാവൽപിണ്ടി അഡ്യാല ജയിലിലെ വെറും 804-ാം നമ്പർ തടവുകാരൻ മാത്രമാണ് അവർക്കദ്ദേഹം. നവാസ് ഷെരീഫിനെ കസേരയിൽനിന്നു പുറത്താക്കി 2018ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിലേക്ക് ഇമ്രാനെയെത്തിച്ച അതേ പട്ടാളം തന്നെ നൂറ്റി എഴുപതോളം കേസുകളുടെ പേരിൽ ഇമ്രാനെ ജയിലിലാക്കി.

ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ), മറ്റൊരു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (പിഎംഎൽഎൻ) എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാന പാർട്ടികൾ. പിടിഐ സ്ഥാനാർത്ഥികൾക്ക് പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് മത്സരിക്കുന്നത്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനായ ബിലാവൽ ഭൂട്ടോ സർദാരിയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും മത്സരരംഗത്തുണ്ട്. വോട്ടെടുപ്പ് ദിനത്തിൽ നടന്ന 51ലേറെ ഭീകരാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 10 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 137,000 സുരക്ഷ ഉദ്യോ?ഗസ്ഥരാണ് 6,000 പോളിങ് സ്റ്റേഷനുകളിൽ സുരക്ഷയൊരുക്കിയത്.