ന്യൂഡൽഹി: നന്ദി പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഖത്തറിലേക്ക്. ഒന്നര വർഷം ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിലാണു ഖത്തറിലെ ജയിലിൽ മരണത്തെ മുഖാമുഖം കണ്ട എട്ടു നാവികർക്കു മോചനം സാധ്യമായത്. 2022 ഓഗസ്റ്റ് 30നു ഖത്തറിലെ അൽ ദഹ്‌റ കമ്പനിയിൽ ഉദ്യോഗസ്ഥരായിരുന്ന എട്ട് ഇന്ത്യക്കാരെ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് അറസ്റ്റു ചെയ്തത്. ഇസ്രയേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. അസാധ്യമെന്ന് ഏവരും കരുതിയ നയതന്ത്ര വിജയമാണ് ഇന്ത്യ നേടിയത്.

ദുബായ് ഉച്ചകോടിക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച കേസിൽ വഴിത്തിരിവായി. ഖത്തർ അമീറിന്റെ മനസ്സ് അനുകൂലമായപ്പോൾ അനുകൂല തീരുമാനമെത്തി. ഈ സാഹചര്യത്തിലാണ് മോദി, ഖത്തറിലേക്ക് പോകുന്നത്. അമീറിനെ നേരിട്ട് കണ്ട് ഇന്ത്യയുടെ നന്ദി അറിയിക്കും. ഇന്ത്യാ-ഖത്തർ സൗഹൃദത്തിലെ നിർണ്ണായക ഏടായി ഇതു മാറും. ഫെബ്രുവരി 14നാകും കൂടിക്കാഴ്ച. യുഎഇയിലെ പുതിയ ക്ഷേത്രോദ്ഘാടനത്തിന് മോദി യുഎഇയിലേക്ക് പോകുന്നുണ്ട്. അവിടെ നിന്നും ഖത്തറിലേക്ക് നേരിട്ട് മോജി പോകും.

ഖത്തറുമായി നടത്തിവന്നിരുന്ന നയതന്ത്ര ഇടപെടലുകളെ തുടർന്നു കഴിഞ്ഞ ഡിസംബർ 28നു നാവികരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചിരുന്നു. നാവികരുടെ മോചനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചതിനൊപ്പം തുറുപ്പുച്ചീട്ടാക്കിയതു ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയായിരുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ പലതവണ ഡോവൽ ഖത്തർ സന്ദർശിച്ചതായാണു വിവരം. ഖത്തർ അധികാരികളുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ നിലപാട് വ്യക്തമാക്കിയത് അജിത് ഡോവലാണ്. മോദി വഴി അജിത് ഡോവൽ നടത്തിയ ഇടപെടലുകൾ ഇന്ത്യൻ നീക്കങ്ങൾ വേഗത്തിലാക്കി.

2022 ഓഗസ്റ്റ് 30നു ഖത്തറിലെ അൽ ദഹ്‌റ കമ്പനിയിൽ ഉദ്യോഗസ്ഥരായിരുന്ന എട്ട് ഇന്ത്യക്കാരെ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് അറസ്റ്റു ചെയ്തത്. ഇസ്രയേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തി. ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികനും മലയാളിയുമായ രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ ഇന്റലിജൻസ് ഏജൻസി അറസ്റ്റ് ചെയ്തത്.

കേസിൽ നാവിക സേനാംഗങ്ങൾ പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഖത്തർ അധികൃതർ അതു തള്ളി. നാവിക സേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ എത്തി. ഇതോടെ എല്ലാം മാറി മറിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇടപെടലുകൾ വിഷയത്തിൽ നിർണായകമായി.ഖത്തറിലെ ഇന്ത്യൻ ജനതയെ ബാധിക്കുന്ന വിഷയങ്ങളെല്ലാം സംസാരവിഷയമായെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മോദി പറഞ്ഞിരുന്നു. നാവികരെ മോചിപ്പിച്ചതിനു പിന്നാലെയുള്ള കേന്ദ്രസർക്കാരിന്റെ ആദ്യപ്രതികരണത്തിൽ ഖത്തർ അമീറിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മോദിയുടെ ഖത്തർ യാത്ര ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം വെളിപ്പെടുത്തിയത്.

ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ, തടവിലാക്കപ്പെട്ട നാവികരുമായി 2022 ഒക്ടോബർ മുതൽ സംസാരിച്ചിരുന്നു. നാവിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മോചനത്തിനു സർക്കാർ ഏറ്റവും വലിയ പ്രാധാന്യമാണ് നൽകുന്നതെന്നു ജയശങ്കർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. നാവികർക്ക് വധശിക്ഷ ലഭിച്ച കോടതിക്കു മുകളിൽ രണ്ടു കോടതികൾ കൂടിയുണ്ടായിരുന്നതും സഹായകമായി. മേൽ കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചു. രഹസ്യ സ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം പലപ്പോഴും വ്യക്തമാക്കിയിരുന്നുമില്ല.

സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിയതിന്റെ സന്തോഷം ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവച്ചു. മോചനത്തിനായുള്ള പ്രധാനമന്ത്രിയുടെ ഇടപെടലിലും അവർ തങ്ങളുടെ നന്ദി അറിയിച്ചു. ക്യാപ്റ്റൻ നവ്‌തേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബിരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ഠ്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, തിരുവനന്തപുരം സ്വദേശിയെന്നു കരുതുന്ന നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരായിരുന്നു ശിക്ഷ നേരിട്ടത്.

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഇറ്റാലിയൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള രഹസ്യസ്വഭാവമുള്ള മിഡ്ജെറ്റ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ദഹ്റ ഗ്ലോബൽ ടെക്‌നോളജീസിൽ പ്രവർത്തിക്കുന്നതിനിടെ 2022 ഓഗസ്റ്റിലാണ് എട്ട് ഉദ്യോഗസ്ഥരെ ഖത്തർ ഇന്റലിജൻസ് അറസ്റ്റ് ചെയ്യുന്നത്. സൈനികസേവനം നൽകുന്ന കമ്പനിയുടെ ഉടമയായ ഖത്തർ പൗരനും കേസിൽ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു. അപ്പീൽ സമർപ്പിച്ചതിന് ശേഷമാണ് കേസിന്റെ നാൾവഴിയിൽ ഏറ്റവും നിർണായകമെന്ന് കരുതുന്ന ചർച്ചയിലേക്ക് ഇന്ത്യ കടന്നത്. ദുബായിൽ നടന്ന കോപ്-28 ഉച്ചകോടിക്കിടെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.

ഇരുവരുടേയും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിസംബർ 27-ന് നാവികസേനാ ഉദ്യോഗസ്ഥർക്ക് വിധിച്ച വധശിക്ഷ ഇളവുചെയ്തുകൊണ്ട് ഖത്തർ കോടതിയുടെ വിധി പുറത്തുവന്നു. പ്രധാനമന്ത്രി ഖത്തർ ഭരണാധികാരിയുമായി നടത്തിയ ചർച്ചകളായിരിക്കാം ഇക്കാര്യത്തിൽ രാജ്യത്തിന് അനുകൂലമായൊരു നിലപാടിലേക്ക് ഖത്തറിനെയെത്തിച്ചതെന്നാണ് കരുതുന്നത്.