- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ വിദേശികളുമായി പ്രേമത്തിലേർപ്പെടാനുള്ള അവകാശം പണമുള്ളവർക്ക് മാത്രമെന്ന് മൂന്ന് കുട്ടികളുടെ അമ്മ; പരാമർശം ഫാമിലി സെറ്റിൽമെന്റ് വിസയ്ക്കുള്ള ശമ്പള പരിധി ഹോം ഓഫീസ് വർദ്ധിപ്പിക്കുന്നതിനാൽ; വാലന്റൈൻസ് ദിനത്തിൽ പരാതി നൽകിയത് രണ്ടര ലക്ഷം പേർ
ലണ്ടൻ: സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ തളിത്ത പ്രണയം സഫലമാക്കിയ പ്രധാനമന്ത്രി ഋഷി സുനകിന് ഈ വർഷത്തെ വാലന്റൈൻസ് ദിനത്തിൽ ലഭിച്ചത് നിരവധി പരാതികളാണ്. ഫാമിലി സെറ്റില്മെന്റ് വിസയ്ക്കുള്ള ശമ്പള പരിധി വർദ്ധിപ്പിക്കുന്നതിനെതിരെയാണ് നിരവധി പേർ പ്രണയദിനത്തിൽ പരാതി നൽകിയത്. ബ്രിട്ടനിലുള്ളവർക്ക് വിദേശികളെ പ്രണയിക്കുന്നതിനുള്ള അവകാശം പണമുള്ളവർക്ക് മാത്രമായി ഒതുക്കിയിരിക്കുന്നു എന്നാണ് മൂന്ന് മക്കളുടെ അമ്മയായ ഒരു വനിത എഴുതിയത്. പുതിയ നിയമം നിലവിൽ വരുന്നതോടെ തന്റെ കുടുംബം തകർന്നേക്കുമെന്നും അവർ പറയുന്നു.
പുതിയ നിയമം അനിശ്ചിതത്തിലാക്കിയ കുടുംബങ്ങൾ പ്രണയദിനത്തിൽ തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നൽകിയത്. 2,50,000 ൽ അധികം പേരാണ് ഇതിൽ ഒപ്പിട്ടിരിക്കുന്നത്. ബ്രിട്ടനിൽ കുടുംബവുമായി താമസിക്കുന്നതിനുള്ള വിസ ലഭിക്കുന്നതിന് ആവശ്യമായ കുറഞ്ഞ ശമ്പളം ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചതോടെ കുടുംബത്തെ പിരിഞ്ഞ് 1400 മൈലുകളോളം അകലെ താമസിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ഇറ്റാലിയിലെ സ്‌കോട്ട് സാറാ ഡഗ്ലസ്സ് എന്ന 42 കാരി.
ബ്രിട്ടീഷ് പൗരന്മാർക്ക് അവരുടെ വിദേശികളായ പങ്കാളികളെ കൂടെ താമസിപ്പിക്കുന്നതിന് മിനിമം വേതനം 18,600 പൗണ്ട് വേണം എന്നത് 38,700 പൗണ്ട് ആക്കി ഉയർത്തിക്കൊണ്ട് ഹോം സെക്രട്ടരി ജെയിംസ് ക്ലെവർലി പ്രഖ്യാപനം നടത്തിയിരുന്നു. ആദ്യം ഇത് 18,600 ൽ നിന്നും 29,000 പൗണ്ട് ആക്കി ഉയർത്തും എന്നും പ്രഖ്യാപനത്തിൽ പറഞ്ഞിരുന്നു. ബ്രിട്ടനിൽ ജോലി ചെയ്യുന്നവരിൽ പകുതിയോളം പേർക്ക് 29,000 പൗണ്ടിൽ കുറവാണ് ശമ്പളം എന്നും 70 ശതമാനം പേർക്ക് 38,700 പൗണ്ടിൽ കുറവാണെന്നും ഉള്ള കണക്കുകൾ വന്നിരുന്നു.
കുടുംബത്തിൽ നിന്നും ഏറെ അകലാതിരിക്കാൻ ഡഗ്ലസ് ഇപ്പോൾ സ്‌കോട്ട്ലാൻഡിലേക്ക് മാറിയിരിക്കുകയാണ്. അവരുടെ ഇറ്റാലിയൻ വംശജനായ ഭർത്താവും കുട്ടികളും ഒപ്പമുണ്ട്. ഒരു പാർട്ട് ടൈം ഇംഗ്ലീഷ് ടീച്ചർ എന്ന നിലയിൽ മാനദണ്ഡത്തിന് അനുസരിച്ചുള്ള ശമ്പളം തനിക്കില്ലാത്തതിനാൽ, ഭാവിയിൽ എന്ത് സംഭവിക്കും എന്ന് ആശങ്കപ്പെടുകയാണവർ. ഇപ്പോൾ അവർക്ക് മുന്നിലുള്ള വഴി ഒന്നുകിൽ ഒറ്റക്ക് താമസം തുടങ്ങുക. അല്ലെങ്കിൽ കുട്ടികളെ മാത്രം കൂടെക്കൂട്ടുകയും കൂടുതൽ ശമ്പളത്തിനായി ശ്രമിക്കുകയും ചെയ്യുക എന്നതാണ്.
തന്റെ ഭർത്താവ് ബ്രിട്ടീഷുകാരനായിരുന്നെങ്കിൽ, അദ്ദേഹത്തിന് ജോലിക്ക് പോകാനും തനിക്ക് കുടുംബം നോക്കാനും കഴിയുമായിരുന്നു എന്നും അവർ പറയുന്നു. ജനങ്ങളുടെ യഥാർത്ഥ അവസ്ഥ എന്തെന്നറിയാതെയാണ് സർക്കാർ നടപടികൾ കൈക്കൊള്ളുന്നതെന്ന് അവർ ആരോപിക്കുന്നു. ഇത് നിരവധി പേരുടെ കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. തീർത്തും ദുർഘടം പിടിച്ച ഒരു സാഹചര്യമാണിതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
തെക്കൻ സ്‌കോട്ട്ലാൻഡിൽ 38,700 പൗണ്ട് ശമ്പളം ലഭിക്കുക എന്നത് ദുഷ്‌കരമായ കാര്യമാണ്. കുറഞ്ഞ വേതനം ലഭിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സർക്കാർ വിവേചനം കാട്ടുകയാണെന്നും അവർ പറഞ്ഞു. ഒരു വിദേശിയെ പ്രണയിക്കുന്നതിനുള്ള അവകാശം പണക്കാർക്ക് മാത്രമാണോ എന്നാണ് വാലന്റൈൻസ് ദിനത്തിൽ ഹോം സെക്രട്ടറിയോട് ചോദിക്കാനുള്ളതെന്നും അവർ സ്റ്റാൻഡേർഡിനോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ