മോസ്‌കോ: യുക്രെയിൻ യുദ്ധത്തിൽ പരാജയമടഞ്ഞ്, പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ നൽകേണ്ടസാഹചര്യം വന്നാൽ ലണ്ടൻ, വാഷിങ്ടൺ, ബെർലിൻ കീവ് നഗരങ്ങൾക്ക് നേരെ ആണവ മിസൈലുകൾ തൊടുത്തുവിടുമെന്ന് റഷ്യ ഭീഷണി മുഴക്കിയിരിക്കുന്നു.

2008 മുതൽ 2012 വരെ റഷ്യൻ പ്രസിഡണ്ടായിരുന്ന, പുടിന്റെ ഉറ്റ അനുയായി കൂടിയായ ഡിമെത്രി മെഡ്വെഡേവ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം 1991 ൽ റഷ്യയ്ക്കുണ്ടായിരുന്ന അതിർത്തികളിലേക്ക് ചുരുങ്ങേണ്ടി വന്നാൽ പ്രതികാരം ചെയ്യുമെന്നാണ് മെഡ്വെഡെവ് ഭീഷണി മുഴക്കിയിരിക്കുന്നത്.

അത്തരമൊരു സാഹചര്യം വന്നാൽ അത് ഒരു ലോക മഹായുദ്ധത്തിൽ കലാശിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. സകല സന്നാഹങ്ങളുമായി പാശ്ചാത്യ ശക്തികളെ ആക്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേൽപ്പറഞ്ഞ നഗരങ്ങൾ കൂടാതെ, തങ്ങളുടെ ആണവായുധ പരിധിയിലുള്ള മറ്റ് പല മനോഹര സ്ഥലങ്ങളും ആക്രമത്തിനിരയാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള തങ്ങളുടെ മാതൃരാജ്യം അപ്രത്യക്ഷമാകുമെന്ന ഘട്ടം വന്നാൽ, ഇത് ചെയ്യാൻ തങ്ങൾക്ക് ധൈര്യമുണ്ടെന്നും മിഡ്വെഡേവ് കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകളായി റഷ്യൻ ജനത നടത്തിയ ത്യാഗങ്ങൾ വിലമതിക്കപ്പെടാതെ പോകില്ലെന്നും മുൻ പ്രസിഡണ്ട് പറയുന്നു. റഷ്യയുടെ ഭാഗമാണെന്ന് പുടിൻ ചിന്തിക്കുന്ന പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകാൻ യുക്രെയിനും പാശ്ചാത്യ ശക്തികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യയുടെ സെക്യുരിറ്റി കൗൺസിലിന്റെ ഡെപ്യുട്ടി തലവൻ കൂടിയായ മെഡ്വെഡോവിനാണ് യുക്രെയിൻ യുദ്ധത്തിന്റെ നിയന്ത്രണമുള്ളത്. യുദ്ധത്തിൽ റഷ്യ ജയിക്കുന്നത് ലോകത്തിന് താങ്ങാൻ ആകുന്നില്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗ്രാന്റ് ഷാപ്സും ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസും കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിടിച്ചെടുത്ത ഭാഗങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം വന്നാലോ ലോക ഭൂപടത്തിൽ റഷ്യ ഇല്ലാതെയായാലോ ഒരു വൻ ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്നും മിഡ്വേഡേവ് മുന്നറിയിപ്പ് നൽകുന്നു.