ലണ്ടൻ: തന്റെ ഭാര്യാ പിതാവും ഭാര്യാ മാതാവും ഫലസ്തീനിൽ കുടുങ്ങിയ സമയത്ത് യു എന്നിന്റെ ഗസ്സ ഏയ്ഡ് ഏജൻസിക്ക് 2.5 ലക്ഷം പൗണ്ട് പൊതു ഖജനാവിൽ നിന്നും അനുവദിച്ച സ്‌കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫിന്റെ നടപടി വിവാദത്തിൽ.

എന്നാൽ വിവാദത്തിൽ ഇസ്ലാമോഫോബിയ കണ്ടെത്തുകയാണ് ഫസ്റ്റ് മിനിസ്റ്റർ. യൂണിസെഫിന് പരമാവധി 2 ലക്ഷം പൗണ്ട് സംഭാവന നൽകാമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതിന്റെ തുടർന്ന് യു എൻ ആർ ഡബ്ല്യൂ എ ക്ക് 2.5 ലക്ഷം പൗണ്ട് നൽകാൻ യൂസഫ് മുൻകൈ എടുക്കുകയായിരുന്നു. എഡിൻബർഗിൽ വെച്ച് യു എൻ ആർ ഡബ്ല്യൂ എ പ്രതിനിധികളെ കാണുന്നതിന് മുൻപായിട്ടായിരുന്നു ഈ നീക്കം.

അതേസമയത്ത്, ഹംസ യൂസഫിന്റെ സ്‌കോട്ട്ലാൻഡ്കാരിയായ ഭാര്യാ മാതാവും, ഫലസ്തീനിയനായ ഭാര്യ പിതാവും ഗസ്സ് നഗരത്തിനടുത്തുള്ള ഒരു പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. യു എൻ ആർ ഡബ്ല്യൂ എ ക്ക് സംഭാവന ലഭിച്ച കാര്യം പ്രഖ്യാപിച്ച ഉടനെ ഇവർക്ക് ഈജിപ്തിലേക്ക് സുരക്ഷിതമായ വഴിയൊരുക്കിയിരുന്നു. എന്നാൽ ഇതും സംഭാവനയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് ഹംസ യൂസഫ് നിഷേധിക്കുകയാണ്.

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഒരു വിഭാഗം മാധ്യമങ്ങൾ തന്നെ തീവ്രവാദവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് എക്സ് പ്ലാറ്റ്ഫോമിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു. ഹമാസ് അനുകൂലികൾക്ക് യു എൻ ആർ ഡബ്ല്യൂ എ സഹായം നൽകുന്നു എന്ന് ഇസ്രയേൽ ആരോപിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ ആരോപണത്തിന് ഇസ്രയേൽ മതിയായ തെളിവുകൾ നൽകിയിട്ടില്ല. എന്നാ, ഈ ആരോപണം വന്നതോടെ ജനുവരിയിൽ 16 രാജ്യങ്ങൾ യു എൻ ആർ ഡബ്ല്യൂ എ ക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കി.

പൊതുമുതൽ ഉപയോഗിച്ച് താൻ തന്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിച്ചു എന്നത് തീവ്രവലതുപക്ഷത്തിന്റെ ഗൂഢാലോചനയിൽ രൂപം കൊണ്ട ആരോപണമാണെന്നാണ് യൂസഫ് പറയുന്നത്. ഇത്തരമൊരു ആരോപണം ദി ടെലെഗ്രാഫ് പത്രത്തിലായിരുന്നു ആദ്യമായി വന്നത്. ഒരു വൻ ദുരന്തത്തെ അഭിമുഖീകരിക്കുന്ന ഗസ്സയെ സഹായിക്കാൻ മറ്റ് പല പാശ്ചാത്യ രാജ്യങ്ങളും ചെയ്തതുപോലെ സ്‌കോട്ട്ലാൻഡും യു എൻ ആർ ഡബ്ല്യൂ എ ക്ക് സംഭാവന നൽകി എന്നുമാത്രമേയുള്ളു എന്നും അദ്ദേഹം എക്സിൽ കുറിച്ചു.

യഥാർത്ഥ ആവശ്യക്കാരനിൽ സഹായം എത്തും എന്നതാണ് യു എൻ ആർ ഡബ്ല്യൂ എ വഴി സംഭാവന നൽകുന്നതുകൊണ്ടുള്ള പ്രയോജനം എന്നും അതുകൊണ്ടാണ് നിരവധി ഭരണകൂടങ്ങൾ അപ്രകാരം ചെയ്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഹമാസ് ഭീകരർ ഇസ്രയേൽ അതിർത്തിയിൽ ദുരന്തം വിതക്കുന്നതിന് മുൻപായി ഒക്ടോബർ ആദ്യവാരത്തിലായിരുന്നു യൂസഫിന്റെ ഭാര്യാമാതാവ് എലിസബത്തും, ഭാര്യാപിതാവ് മേഗെഡ് എൽ നാക്ലയും ഫലസ്തീനിലേക്ക് പോയത്. ഒക്ടോബർ 7 ന് ആയിരുന്നു ഭീകരർ 1,200 ഓളം ഇസ്രയേലികളെ കൊന്നത്.