- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2024ലെ ഇലക്ഷൻ പരമ്പരയിൽ ഭരണമാറ്റം ബ്രിട്ടനെ പ്രയാസപ്പെടുത്തുമോ?
ലണ്ടൻ: ഇന്ത്യയിലെ കോൺഗ്രസിന്റെ അവസ്ഥയിലേക്ക് നീങ്ങുകയാണ് ബ്രിട്ടനിൽ ഭരണകക്ഷിയായ കൺസർവേറ്റീവുകൾ. വിജയത്തെക്കുറിച്ച് ഒരു പ്രതീക്ഷയും ഇല്ലാത്ത സാഹചര്യത്തിൽ മുതിർന്ന നേതാക്കൾ അടക്കം തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറി നിൽക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകൾ വഴി ഭരണ തുടർച്ച ആസ്വദിച്ച ടോറികൾ അഞ്ചു പ്രധാനമന്ത്രിമാരിലൂടെ ഒടുവിൽ ചരിത്രം കാണാത്ത പരാജയം ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണ് എന്ന് സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബ്രക്സിറ്റും കോവിഡും യുക്രൈൻ യുദ്ധവും അകാരണമായ ജീവിത ഭാരം സമ്മാനിച്ച ബ്രിട്ടീഷ് ജീവിതത്തിൽ ജനങ്ങൾ ദുരിതകാലത്തിനു മറുപടിയായി ടോറികളെ ശിക്ഷിക്കാൻ ഒരുങ്ങുകയാണ്.
എതിർ ഘടകങ്ങൾ ഇല്ലാതിരുന്നിട്ടും ഗോർഡൻ ബ്രൗൺ പ്രധാനമന്ത്രി ആയിരുന്ന കാലത്തു ലേബർ ഭരണം ജനം മടുത്തതോടെയാണ് ഡേവിഡ് കാമറോണും ലിബറൽ ഡെമോക്രാറ്റുകളുടെ നിക് ക്ലെഗും ചേർന്ന സഖ്യ സർക്കാർ അധികാരത്തിൽ വന്നത്. പിന്നീട് കൺസർവേറ്റീവുകൾ ഒറ്റയ്ക്ക് ഭരണം പിടിച്ച ശേഷം തെരേസയും ബോറിസും ലിസ് ട്രസും ഋഷി സുനകും ഒക്കെയായി നേതൃത്വ പദവിയിൽ വന്നെങ്കിലും ഒന്നിന് പുറകെ ഒന്നായി എത്തിയ ദുരിതങ്ങൾ ടോറികളെ രാഷ്ട്രീയ സുനാമിയിൽ നിലംപരിശാക്കാൻ ഒരുങ്ങുകയാണ്.
ഞെട്ടിപ്പിക്കുന്ന തീരുമാനവുമായി തെരേസ, കൂടെ അനേകം നേതാക്കൾ
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി രാഷ്ട്രീയ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന തെരേസ മേ കഴിഞ്ഞ ദിവസമാണ് താൻ മത്സരത്തിൽ നിന്നും പിന്മാറുന്ന കാര്യം വ്യക്തമാക്കിയത്. മുൻ പ്രധാനമന്ത്രി മാറി നിൽക്കുന്നു എന്ന വാർത്ത ഇതിനകം തന്നെ ടോറികൾക്ക് കാര്യമായ നാശം നൽകിക്കഴിഞ്ഞു. തെരേസ മാത്രമല്ല മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ പേര് പറഞ്ഞു കേട്ട ബെൻ വാലസ് എന്നിവർ ഒക്കെ മത്സര രംഗത്ത് നിന്നും പിന്മാറുകയാണ്.
കഴിഞ്ഞ 27 വർഷമായി രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന തെരേസ മാറുന്നത് തന്റെ പ്രിയപ്പെട്ട മെയ്ഡൻ ഹെഡ് മണ്ഡലത്തിൽ നിന്നുമാണ്. രാഷ്ട്രീയത്തിലെ ആധുനിക ഉരുക്ക് ലേഡി എന്ന നിലയിൽ അവർ മികച്ച ഭരണം നടത്തിയെങ്കിലും കാര്യമായ പിന്തുണ കൂടെ ഉള്ളവരിൽ നിന്നും കിട്ടാതായതാണ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും താഴെ വീഴാൻ കാരണമായത്. ബ്രക്സിറ്റിൽ ഡേവിഡ് കാമറോൺ കാലിടറിയപ്പോൾ പൊങ്ങി വന്ന തെരേസക്ക് പിന്നീട് ബോറിസ് ജോൺസന്റെ കുതികാൽ വീട്ടിൽ പിടിച്ചു നിൽക്കാനായില്ല.
ഒടുവിൽ കാമറോൺ കാലിടറി വീണ ബ്രക്സിറ്റിൽ തന്നെ തെരേസയുടെയും ചോര ഒഴുകി. അധികാരത്തിന്റെ എല്ലിൻ കഷ്ണം എന്ന ഒരവസരത്തിനായി കാത്തുനിന്നിരുന്ന ബോറിസ് കളത്തിൽ ചാടിയിറങ്ങി പ്രധാനമന്ത്രി ആയി. ഭേദപ്പെട്ട ഭരണം നടത്തിയ ബോറിസ് സ്വന്തം കയ്യിലിരിപ്പിന്റെ ഫലമായാണ് ഒടുവിൽ പുറത്തു പോയത്. എങ്കിലും കോവിഡ് കാലത്തിൽ ജനങ്ങൾക്ക് ലഭിച്ച സഹായങ്ങൾ ഇന്നും രാഷ്ട്രീയ രംഗത്ത് ബോറിസിന് അനുകൂല ഘടകം തന്നെയാണ്.
എന്നാൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ നേരും നെറിയും അതേവിധം പാലിക്കാൻ കഴിയാതെ പോയ ബോറിസിന്റെ ഒരു തിരിച്ചു വരവ് ഏറെക്കുറെ അസംഭവ്യവും ആയി മാറിക്കഴിഞ്ഞു. കഴിഞ്ഞ മൂന്നു ഭരണ കാലയളവിലും ടോറി നേതാക്കൾ പരസ്പരം കാലുവാരുന്നതിലാണ് കൂടുതൽ ശ്രദ്ധ നൽകിയത്. ഇത്തരത്തിലാണ് ജൂനിയർ നേതാക്കൾ വരെ കേന്ദ്ര മന്ത്രിമാർ ആയി മാറിയതും.
ടോറികളുടെ വോട്ടുകൾ റീഫോം പാർട്ടി വരെ പിടിച്ചെടുക്കുമെന്ന് സർവ്വേകൾ
വളരെ വികാര നിർഭരമായ വാക്കുകളോടെയാണ് തെരേസ മേ രണ്ടു നാൾ മുൻപേ മെയ്ഡൻ ഹെഡിലെ ജനങ്ങളോട് രാഷ്ട്രീയ വനവാസം തേടുകയാണ് എന്ന് പ്രഖ്യാപിച്ചത്. എന്നാൽ തെരേസയുടെ പ്രഖ്യാപനം വന്നതോടെ ഏറെക്കുറെ 59 ചെറുതും വലുതുമായ ടോറി നേതാക്കൾ ഇതുവരെ തിരഞ്ഞെടുപ്പ് രംഗം വിടുന്ന കാര്യം പരിഗണിക്കുകയാണ്. ഇതിൽ 13 പേരോളം സീറ്റ് മാറുന്നതും മണ്ഡലം വിടുന്നതും പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇനിയും കൂടുതൽ നേതാക്കൾ മാറുമെന്ന സൂചനയും ശക്തമാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ട് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ടോറി നേതാക്കൾ മത്സര രംഗം വിടുന്ന ചിത്രമാണ് ഇപ്പോൾ വെസ്റ്റ് മിനിസ്റ്ററിന്റെ അകത്തളത്തിൽ നിന്നും പുറത്തു വരുന്നത്. പാർലമെന്റിൽ ടോറി അംഗ സംഖ്യയിൽ ആറിൽ ഒന്നിനും മത്സരിക്കാൻ താൽപര്യമില്ല. അതിനിടെ ടോറികൾക്കിടയിലെ കൊഴിഞ്ഞു പോക്ക് അവരുടെ തോൽവി ഉറപ്പ് വരുത്തിയതിന്റെ വ്യക്തമായ സൂചനയാണ് എന്ന് ലേബർ പ്രഖ്യാപനവും വന്നു കഴിഞ്ഞു.
ഭരണ രംഗത്ത് നേട്ടത്തിന് സ്ഥായിയായ നേതൃത്വം ആവശ്യമാണ് എന്ന മിനിമം കാര്യം മറന്നാണ് ടോറികൾ കൂടെക്കൂടെ പ്രധാനമന്ത്രിയേയും നേതാക്കളേയും മാറ്റിക്കൊണ്ടിരുന്നത്, മന്ത്രിമാർ വരുകയും പോകുകയും ചെയ്യുന്നത് അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളിൽ ശീലമായി മാറി. ഓരോ മന്ത്രിയും എത്തുമ്പോൾ എത്രകാലം എന്ന ചോദ്യം മാത്രമാണ് ബാക്കിയായത്. ഇതിന്റെ സ്വാഭാവിക തുടർച്ച മാത്രമാകും ഇത്തവണ തിരഞ്ഞെടുപ്പിന് ശേഷം ടോറികൾ കാണേണ്ടി വരുക. ഏതാനും ആഴ്ചകൾക്ക് മുൻപ് വരെ പഴയ കുടിയേറ്റ വിരുദ്ധ പാർട്ടിയായ യുകിപ് പേര് മാറ്റി റീഫോം ആയി വന്നപ്പോഴും സാധ്യതകൾ വളരെ പിന്നിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ അവരിലേക്ക് ടോറികളുടെ പരമ്പരാഗത വോട്ടുകൾ ഒഴുകിയെത്തും എന്ന സൂചനയാണ് ലഭിക്കുന്നത്.
നിലവിലെ സാധ്യതകളിൽ ടോറികളേക്കാൾ ഇരട്ടി വോട്ടു വാങ്ങി ലേബർ ഭരണം പിടിച്ചെടുക്കും എന്നാണ് വ്യക്തമാകുന്നത്. എന്നാൽ കറുത്ത കുതിരകളാകുക റീഫോം പാർട്ടി തന്നെയാകും. അവർ മൂന്നാം സ്ഥാനത്തേക്കുള്ള വോട്ടാണ് പിടിക്കുക. അവർക്കും പിന്നിലായി മാത്രമാണ് മുൻ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റുകൾ എത്തുക. ഗ്രീൻ പാർട്ടിയും സ്‌കോട്ടിഷ് നാഷണൽ പാർട്ടിയും ഒക്കെ തകർച്ച കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാണ് ഇടം പിടിക്കുന്നത്.
ഇന്ത്യ പോലും ബ്രിട്ടനുമായി അകൽച്ച കാട്ടുന്ന കാലം, ഭരണമാറ്റം ബ്രിട്ടന് പ്രയാസമാകുമോ?
അതിനിടെ ലോകമെങ്ങും ഇലക്ഷൻ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രധാന വർഷം കൂടി ആയി മാറുകയാണ് 2024. അമേരിക്കയും ഇന്ത്യയും യുകെയും മാത്രമല്ല ആഫ്രിക്കയും യൂറോപ്പിൽ യുദ്ധം നാശം നൽകിയ യുക്രൈനും അടക്കം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ലോകത്തെ റീ ഷേപ്പ് ചെയ്യുന്ന വർഷമാകും 2024 എന്നും വിലയിരുത്തലുകൾ വന്നു കഴിഞ്ഞു. ഇക്കാരണത്താൽ ലോകമെങ്ങും നേതൃത്വമാറ്റം പ്രതീക്ഷിക്കുന്നതിനാൽ നയങ്ങളും കൂട്ടുകെട്ടുകളും ഒക്കെ പ്രധാനവുമാണ്.
ഇപ്പോൾ ഇന്ത്യ വരെ ബ്രിട്ടനുമായി കരാറുകളിൽ ഏർപ്പെടാൻ മടിക്കുകയാണ്. ഒരു ഭരണമാറ്റം ഉണ്ടായാൽ മാറി വരുന്ന സർക്കാരുകളുടെ നയം പ്രധാനമാണ് എന്നതും ഈ അകൽച്ചക്കു കാരണമാണ്. ചർച്ചകളും നയങ്ങളും ഒക്കെ ഒന്ന് മുതൽ തുടങ്ങണം എന്നതിനാൽ മാന്ദ്യത്തിലേക്ക് നീങ്ങുന്ന ബ്രിട്ടന് ഭരണമാറ്റം വലിയ വേദനയോടെ മാത്രമേ കണ്ടുനിൽക്കാൻ കഴിയൂ. ഒരു പക്ഷെ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പുതിയ സർക്കാരിന് തുടക്ക കാലം പ്രതീക്ഷ പോലെ മികവ് കാട്ടാൻ ആയെന്നും വരില്ല.
യുദ്ധവും കുടിയേറ്റവും സാമ്പത്തിക പ്രതിസന്ധിയും ഒക്കെ ലോകത്തെ ഭരണ കൂടങ്ങളെ തകർത്തെറിയാൻ കാത്തുനിൽക്കുകയാണ്. ആഫ്രിക്കയിൽ നിന്നുള്ള യൂറോപ്പിലേക്കുള്ള കുടിയേറ്റം പല രാജ്യങ്ങൾക്കും. പോർച്ചുഗലും ബ്രസീലും ക്രൊയേഷ്യയും ഒക്കെ തിരഞ്ഞെടുപ്പിന് കാത്തു നിൽക്കുമ്പോൾ ഓരോ രാജ്യത്തെയും തിരഞ്ഞെടുപ്പ് ഫലങ്ങളും നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ തിരഞ്ഞെടുപ്പിനെ ലോകം സാകൂതം നോക്കുന്നത്.
ഇന്ത്യയിൽ ഭരണ തുടർച്ചയാകും എന്ന സാഹചര്യവും സർക്കാരിന് വിരുദ്ധമായ ഘടകങ്ങൾ കുറവാണ് എന്ന നേട്ടവും മാറുന്ന ലോകത്തെ സമ്പത്ത് ഇന്ത്യയിൽ കൂടുതൽ എത്താനും കാരണമാകും. ഇക്കാരണത്താൽ തന്നെയാണ് ലോകമെങ്ങും വരൾച്ച മുരടിപ്പ് കാത്തിരിക്കുമ്പോൾ ഇന്ത്യ എട്ടു ശതമാനം വളർച്ചയിലേക്ക് കുതിക്കുന്നു എന്ന വാർത്തകൾ എത്തുന്നത്.