- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തിന്റെ നിർവചനം : ഭരണഘടനാ ഭേദഗതിയെ എതിർത്ത് ഐറിഷ് ജനത
വിവാഹമാണ് ഒരു കുടുംബത്തിന്റെ അടിസ്ഥാനശിലയെന്ന പാരമ്പര്യമായി മനുഷ്യർ മുറുകെ പിടിക്കുന്ന വിശ്വാസത്തെ തള്ളിക്കളയാൻ ഐറിഷ് ജനത തയ്യാറല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ 67.7 ശതമാനം ഐറിഷുകാർ വോട്ട് ചെയ്തിരിക്കുന്നു. ഈ ഭേദഗതി കൊണ്ടുവരുന്നതുമായി അഭിപ്രായം അറിയുന്നതിന് നടത്തിയ റഫറണ്ടത്തിലാണ് ഈ എതിർപ്പ് പ്രകടമായത്.
ഈ നിർദ്ദേശം നടപ്പിലായിരുന്നു എങ്കിൽ, വിവാഹം കഴിക്കാതെ ദീർഘനാളായി ഒരുമിച്ച് താമസിക്കുന്ന കോ-ഹാബിറ്റിങ് പോലുള്ള രീതികൾക്ക് കുടുംബം എന്ന പദവി ലഭിക്കുമായിരുന്നു. എന്നാൽ, 67.7 ശതമാനം ആളുകളാണ് ഈ നിർദ്ദേശത്തെ എതിർത്തിരിക്കുന്നത്. അതുപോലെ, വീട്ടിൽ അമ്മയുടെ ചുമതലയെ സംബന്ധിക്കുന്ന ഒരു വാചകത്തിൽ ചില തിരുത്തലുകൾ വരുത്തുവാനുള്ള നിർദ്ദേശത്തെയും പൊതുജനങ്ങൾ എതിർത്തു. ഈ നിർദ്ദേശത്തെ എതിർത്തത് 73 ശതമാനം പേരാണ്.
സമ്മതിദായകർ സർക്കാരിന് രണ്ട് പ്രഹരങ്ങളാണ് നൽകിയിരിക്കുന്നത് എന്നായിരുന്നു റഫറണ്ടത്തിന്റെ ഫലം പുറത്തുവന്നപ്പോൾ ഐറിഷ് പ്രധാനമന്ത്രി ലിയോ വരാഡ്കർ പ്രതികരിച്ചത്. അന്താരാഷ്ട്ര വനിത ദിനത്തിലാണ് റഫറണ്ടത്തിന്റെ ഫലം പുറത്തു വന്നതെന്നും, സ്ത്രീത്വവുമായി ബന്ധപ്പെട്ട, പഴഞ്ചനായതും ലിംഗഭേദം സൂചിപ്പിക്കുന്നതുമായ ചില വാക്കുകൾ നീക്കം ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള റഫറണ്ടം ഒരു സമഗ്ര പരാജയമായി എന്നും അദ്ദേഹം സമ്മതിച്ചു.
റെഫറണ്ടത്തെ കുറിച്ചുള്ള അഭിപ്രായ സർവ്വേകളിലെല്ലാം തന്നെ അതിനെ പിന്തുണയ്ക്കുന്നവർക്കായിരുന്നു മുൻതൂക്കം പ്രവചിച്ചിരുന്നത്. എന്നാൽ, യഥാർത്ഥ റഫറണ്ടം എത്തിയപ്പോൾ അന്ന് വരെ തീരുമാനമെടുക്കാതിരുന്നവർ ഒരുമിച്ച് റെഫറണ്ടത്തിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ ഈ ഭേദഗതിയെ അനുകൂലിച്ചിരുന്നവരാണ്. അവരും റഫറണ്ടത്തിന്റെ ഫലം അറിഞ്ഞ് ഞെട്ടലിലാണ്.
ഐറിഷ് ജനതയുടെ കാതലായ തത്ത്വം അനുസരിച്ച് ഒരു ദേശീയ റഫറണ്ടത്തിൽ കൂടി മാത്രമെ ഭരണഘടനാ ഭേദഗതികൾ വരുത്താൻ കഴിയു. റഫറണ്ടം പരാജയപ്പെട്ടതോടെ ഇനി ഈ ഭേദഗതികൾ നടപ്പിലാക്കുവാൻ സാധിക്കുകയില്ല. വെറും 44.36 ശതമാനം ജനങ്ങൾ മാത്രമാണ് റെഫറണ്ടത്തിൽ പങ്കെടുത്തത് എന്നത് മറ്റൊരു വിചിത്രമായ കാര്യമാണ്. 2018-ൽ ഗർഭഛിദ്രം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട റഫറണ്ടത്തിൽ 64 ശതമാനം പേർ പങ്കെടുത്തിരുന്നു.