- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഎഎ: യുഎസിന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച അമേരിക്ക നടത്തിയ പ്രസ്താവനയിൽ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. സിഎഎ വിജ്ഞാപനത്തെകുറിച്ച് ആശങ്കയുണ്ടെന്നും വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നുമാണ് യു.എസ് വക്താവ് മാത്യു മില്ലർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അമേരിക്കയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്തുള്ളതും അനാവശ്യവുമാണെന്നും ഇന്ത്യ പ്രതികരിച്ചത്.
പൗരത്വ നിയമ ഭേദഗതി പൗരത്വം നൽകാനുള്ളതാണ്, എടുത്തു കളയാനുള്ളതല്ല. രാജ്യങ്ങളില്ലാത്തവരുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതും മനുഷ്യാവകാശത്തെ പിന്തുണയ്ക്കുന്നതുമാണു നിയമമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചും മേഖലയുടെ വിഭജനപൂർവ ചരിത്രത്തെക്കുറിച്ചും അറിവില്ലാതെയുള്ള പ്രതികരണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇന്ത്യയുടെ സൗഹൃദരാജ്യങ്ങൾ നടപടിയെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.
സിഎഎ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ ബാധിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിച്ച് യുഎസ് വിദേശകാര്യവക്താവ് മാത്യു മില്ലറാണ് അമേരിക്കയുടെ ആശങ്ക അറിയിച്ചത്. ഏതുതരത്തിലാണു നിയമം നടപ്പാക്കുന്നതെന്ന് യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് മില്ലർ പറഞ്ഞു. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും എല്ലാ സമുദായങ്ങൾക്കും നിയമപ്രകാരം തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളാണ്' മില്ലർ കൂട്ടിച്ചേർത്തു.
പൗരത്വ നിയമ വ്യവസ്ഥകൾ (സിഎഎ) നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ തിങ്കളാഴ്ചയാണ് വിജ്ഞാപനം ചെയ്തത്. 1955ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നു മുൻപ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളിൽപ്പെട്ടവർക്കു പൗരത്വാവകാശം നൽകുന്നതാണ് നിർദിഷ്ട നിയമം. നിയമത്തിനെതിരെ രാജ്യത്ത് വൻപ്രതിഷേധം നടക്കുന്നതിനിടെയാണ് അമേരിക്കയുടെ പ്രസ്താവന.
അതേസമയം സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. എന്നാൽ പൗരത്വ നിയമഭേദഗതി നിയമം കേന്ദ്രസർക്കാർ പിൻവലിക്കില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട്. സി.എ.എയുടെ കാര്യത്തിൽ സർക്കാരിന് ഒരു വിട്ടുവീഴ്ചയുമില്ല. രാജ്യത്തെ പൗരന്മാരുടെ അവകാശം ഉറപ്പുവരുത്തുന്നതാണ് സി.എ.എയെന്നും നിയമം മുസ്ലിം വിരുദ്ധമല്ലെന്നും വർത്താ ഏജൻസിയായ എ.എൻ.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞിരുന്നു.
1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിലാണ് 2019ൽ മോദി സർക്കാർ ഭേദഗതി വരുത്തിയത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31നോ അതിന് മുമ്പോ കുടിയേറിയ മുസ്ലിംകൾ അല്ലാത്ത അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് ഈ ഭേദഗതി. അതായത്, ഈ മൂന്നു രാജ്യങ്ങളിൽ നിന്നുമെത്തി രേഖപ്പെടുത്തപ്പെടാതെ ഇന്ത്യയിൽ കഴിഞ്ഞ ഹിന്ദു, സിഖ്, പാർസി, ബുദ്ധിസ്റ്റ്, ജൈന, ക്രിസ്ത്യൻ മതസ്ഥർക്ക് മാത്രം. നിലവിലെ നിയമങ്ങൾ അനുസരിച്ച് അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനാകില്ല.
എന്നാൽ പുതിയ ഭേദഗതി പ്രകാരം ഈ ആറ് വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരെ കുറിച്ചുള്ള നിർവചനത്തിൽ ഭേദഗതി വരുത്തി ആറ് വർഷത്തിനുള്ളിൽ ഫാസ്റ്റ് ട്രാക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് നിയമം. അനധികൃത താമസത്തിനു കേസുണ്ടെങ്കിൽ പൗരത്വം ലഭിക്കുന്നതോടെ അത് ഇല്ലാതാകും. കഴിഞ്ഞ 14 വർഷത്തിനിടയിൽ 11 കൊല്ലം ഇന്ത്യയിൽ താമസിച്ചതിന് രേഖയുള്ളവർക്ക് പൗരത്വം അനുവദിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇതാണ് പൗരത്വ ഭേദ?ഗതി നിയമത്തിലൂടെ മാറുന്നത്.