- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോസ്‌കോ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93ആയി
മോസ്‌കോ: റഷ്യയെ നടുക്കിയ മോസ്‌കോയിലെ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിൽ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93ആയി. റഷ്യയിൽ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്‌നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്‌പ്പ്. വെടിവയ്‌പ്പിന് പിന്നാലെ ഹാളിനകത്ത് സ്‌ഫോടനങ്ങളുണ്ടായി. പിന്നാലെ കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു.
വെടിവയ്പിനു പിന്നാലെ രണ്ട് തവണ സ്‌ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം വിലയിരുത്തുകയും ഐഎസ്‌കെ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു രംഗത്ത് വരികയും ചെയ്തിരുന്നു. സിറിയയിൽ ഉൾപ്പെടെ മധ്യപൂർവദേശത്ത് പുട്ടിൻ നടത്തുന്ന സൈനിക ഇടപെടലാണ് റഷ്യയ്ക്കുനേരെ തിരിയാൻ ഐഎസ്‌കെയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിന് പിന്നാലെ കെട്ടിടത്തിന് തീപിടിച്ചതോടെ ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ളവ എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്ത ആക്രമണത്തിൽ ശനിയാഴ്ച 11ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിടിയിലായവരിൽ നാല് പേർ ഭീകരവാദികളെന്നാണ് വിവരം.
വെടിവയ്പിന് പിന്നാലെ അക്രമികൾ ചെറുകാറിൽ പാഞ്ഞ് പോയെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഈ കാർ പിന്തുടർന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കാറിൽ നിന്ന് പിസ്റ്റൾ, മാഗസിൻ, റൈഫിളുകൾ എന്നിവയും താജിക്കിസ്ഥാന്റെ പാസ്‌പോർട്ടും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയതെന്നാണ് റിപ്പോർട്ട്.
ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലാണ് സംഗീത പരിപാടി നടന്നത്. വെടിവയ്പ് നടക്കുമ്പോൾ സംഭവസ്ഥലത്ത് ആറായിരത്തോളം പേർ ഉണ്ടായിരുന്നതായാണ് വിവരം.
റഷ്യയിൽ ഭീകര സംഘടനയായ ഐഎസ്്-കെ നടത്തിയ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. രണ്ട് വർഷമായി ഭീകര സംഘടന റഷ്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സമീപകാലത്ത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ഐഎസ് ശക്തമായ എതിർത്തിരുന്നതായി വിദഗ്ദ്ധർ പറഞ്ഞു. ഐഎസ്‌കെ കഴിഞ്ഞ രണ്ട് വർഷമായി റഷ്യയെ നോട്ടമിട്ടിരിക്കുകയാണ്. പുടിനെ നിരന്തരമായി വിമർശിക്കുന്നുവെന്ന് വാഷിങ്ടൺ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ സൗഫാൻ സെന്ററിലെ കോളിൻ ക്ലാർക്ക് പറഞ്ഞു.
മുസ്ലീങ്ങളെ സ്ഥിരമായി അടിച്ചമർത്തുന്ന പ്രവർത്തനങ്ങളിൽ റഷ്യ പങ്കാളിയാണെന്നാണ് ഐഎസ്‌കെ കരുതുന്നത്. അതുകൊണ്ടാണ് റഷ്യക്കെതിരെ ഐഎസ് ഭീകരാക്രമണം നടത്തിയതെന്ന് വാഷിങ്ടൺ ആസ്ഥാനമായുള്ള വിൽസൺ സെന്ററിലെ മൈക്കൽ കുഗൽമാൻ പറഞ്ഞു.
അക്രമണത്തിന് പിന്നിൽ ഐഎസ് ഖൊരാസൻ
പാക്കിസ്ഥാനും ഇറാനും അഫ്ഗാനിസ്ഥാനും മധ്യേഷ്യയും ഉൾപ്പെട്ട മേഖലയുടെ പഴയപേരാണു ഖൊരാസൻ. പാക്കിസ്ഥാൻ താലിബാനിൽനിന്നു പുറത്തുപോയ അസംതൃപ്തരായ ഒരു വിഭാഗം ചേർന്ന് 2014കളുടെ അവസാനത്തിലാണ് ഐഎസ് ഖൊരാസനു രൂപംനൽകുന്നത്. ഐഎസ് തലവൻ ബാഗ്ദാദിയോടു കൂറുപ്രഖ്യാപിച്ച ഇവർ ഐഎസിന്റെ അഫ്ഗാനിലെ ഉപവിഭാഗമായി പ്രവർത്തനം ശക്തിപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ കുനാർ, നംഗർഹാർ, നൂരിസ്താൻ എന്നിവിടങ്ങളിലായി ഇവർ വേരുറപ്പിച്ചു. ഐഎസിൽനിന്നും താലിബാനിൽനിന്നും നിരവധി പേരാണു സംഘടനയിലേക്ക് ആകൃഷ്ടരായി എത്തുന്നത്. ആയിരക്കണക്കിനു പോരാളികൾ ഇവർക്കുണ്ട്.
യാതൊരു ദാക്ഷിണ്യവുമില്ലാത്ത അതിക്രൂരമായ ആക്രമണങ്ങളാണ് ഐഎസ്-കെയുടെ രീതി. കാബൂളിലെ ഷിയാ വിഭാഗക്കാർ കൂടുതലുള്ള പ്രദേശത്തെ ആശുപത്രിയിലെ പ്രസവ വാർഡിൽ നടത്തിയ ആക്രമണം ലോകമനഃസാക്ഷിയെ ഞെട്ടിച്ചതാണ്. ഗർഭിണികളടക്കം 16 പേരാണ് അന്നു കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും അകത്തും പുറത്തും ആരാധനാലയങ്ങളിലും പൊതുവിടങ്ങളിലുമായി ഇവർ നടത്തിയ സ്‌ഫോടനങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.
താലിബാനും യുഎസ് സൈന്യവും തമ്മിൽ സംഘർഷം നിലനിന്നിരുന്നതിനാൽ അഫ്ഗാൻ പ്രദേശങ്ങൾ കയ്യടക്കുക ഇവർക്ക് എളുപ്പമായിരുന്നില്ല. ഒടുവിൽ താലിബാൻ അഫ്ഗാനിൽ അധികാരത്തിലേറിയതോടെയാണ് ഇവർക്ക് വീണ്ടും ആക്രമണം ശക്തമാക്കുന്നത്. 2021ൽ കാബൂളിലെ രാജ്യാന്തര വിമാനത്താവളത്തിൽ ഇവർ നടത്തിയ ചാവേറാക്രമണത്തിൽ 13 യുഎസ് സൈനികർക്കും 170 സാധാരണക്കാർക്കുമാണു ജീവൻ നഷ്ടപ്പെട്ടത്. കാബൂളിലെ റഷ്യൻ എംബസിയിൽ 2022 സെപ്റ്റംബറിൽ നടത്തിയ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ് തീവ്രവാദികൾ ഏറ്റെടുത്തിരുന്നു. കാബൂൾ വിമാനത്താവളത്തിലെ ആക്രമണത്തോടെ ഇവർ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടി.
താലിബാന്റെയും ഐഎസ്‌കെയുടെയും പൊതുശത്രു യുഎസ് ആണെങ്കിലും അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസ് പിൻവാങ്ങിയതോടെ താലിബാനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഐഎസ്‌കെ. താലിബാനെ അട്ടിമറിച്ചു തങ്ങൾ വിഭാവനം ചെയ്ത ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. വിദേശ നയതന്ത്രജ്ഞരെയും നിക്ഷേപകരെയും ഐഎസ്‌കെയുടെ ആക്രമണത്തിൽനിന്ന് രക്ഷിക്കുന്നതിനു വേണ്ടിയും വിദേശ അംഗീകാരത്തിനു വേണ്ടിയും നിക്ഷേപകരെ ആകർഷിക്കുന്നതിനു വേണ്ടിയും താലിബാനും ശ്രമങ്ങൾ തുടരുകയാണ്. അക്രമാസക്തമായ റെയ്ഡുകളിലൂടെ അവരും ഐഎസ്‌കെ തീവ്രവാദികളെ ലക്ഷ്യമാക്കിക്കഴിഞ്ഞു.
റഷ്യയോട് പ്രതികാരം
കഴിഞ്ഞ രണ്ടുവർഷമായി റഷ്യ ഐഎസ്‌കെയുടെ നോട്ടപ്പുള്ളിയാണെന്നു നിരീക്ഷകർ പറയുന്നു. പുട്ടിനെ തുടർച്ചയായി ഇവർ എതിർത്തിരുന്നതിന്റെ തെളിവുകളാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മുസ്ലിംകളെ അടിച്ചമർത്തുന്ന പ്രവർത്തനങ്ങളിലെ പങ്കാളിയായാണ് ഐഎസ്‌കെ റഷ്യയെ കാണുന്നതെന്നു വാഷിങ്ടൺ ആസ്ഥാനമായുള്ള വിൽസൺ സെന്ററിലെ മൈക്കൽ കുഗൽമാൻ പറഞ്ഞു.
സിറിയയുടെ ബഷാർ അൽ അസദിന്റെ ഭരണകൂടത്തെ സഹായിക്കാനായി റഷ്യ സൈന്യത്തെ അയച്ചിട്ടുണ്ട്. അസദിനെ ഭരണത്തിൽനിലനിർത്തുന്നതിനും മേഖലയിൽ റഷ്യൻ സ്വാധീനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കം. സിറിയയിൽ ഐഎസിനു നേർക്കു നടത്തുന്ന ആക്രമണങ്ങളും റഷ്യയിലുണ്ടായ ആക്രമണത്തിനു പിന്നിലുണ്ട്. മധ്യപൂർവ ദേശത്തു കളിച്ചാൽ അതിന്റെ ഫലം നാട്ടിൽക്കിട്ടുമെന്ന മുന്നറിയിപ്പാണ് അതുവഴി റഷ്യയ്ക്ക് നൽകുന്നതെന്നാണ് വിലയിരുത്തൽ.
മുംസ്ലിംകളെ അടിച്ചമർത്തുന്ന രാജ്യമായാണ് ഐഎസ്‌കെ റഷ്യയെ വിലയിരുത്തുന്നത്. റഷ്യ താലിബാനുമായി ബന്ധം സ്ഥാപിക്കുന്നത് ഐഎസ്‌കെയ്ക്ക് താൽപര്യമില്ല. പാശ്ചാത്യ ലോകം ഉപരോധങ്ങൾ കൊണ്ട് ബുദ്ധിമുട്ടിക്കുമ്പോൾ അഫ്ഗാനിസ്ഥാന് പുതിയ വ്യാപാര റൂട്ടുകൾ തുറന്നുകൊടുക്കുന്നത് റഷ്യയാണ്.
റഷ്യയിൽ 200 ലക്ഷത്തോളം മുസ്ലിംകളുണ്ട്. ചെച്നിയ ഉൾപ്പെടുന്ന നോർത്ത് കൗകസ് മേഖലയിലാണ് ഇവർ കൂടുതലും കഴിയുന്നത്. സോവിയറ്റ് യൂണിയന്റെ കാലശേഷം ഇതുവരെ രണ്ടു യുദ്ധമാണ് മേഖലയിൽ ഉണ്ടായിരിക്കുന്നത്. മേഖലയിൽ ഐഎസിനോട് ആഭിമുഖ്യമുള്ള ഭീകരവാദ സംഘങ്ങളുടെ പ്രവർത്തനമുണ്ട്. മുസ്ലിം വിഭാഗക്കാർക്ക് തൊഴിൽ നൽകാതിരിക്കുക, വിദ്യാഭ്യാസം നൽകാതിരിക്കുക, വീട് അനുവദിക്കാതിരിക്കുക തുടങ്ങിയവ റഷ്യയിൽ ഉണ്ടെന്ന് രാജ്യാന്തര സന്നദ്ധ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ പോലുള്ളവ വെളിപ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകൾ നിർവഹിക്കുന്നതിൽനിന്ന് വിലക്കുക, മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യുക, നിരീക്ഷണം നടത്തുക മേഖലയിൽ അക്രമം നടത്തുക തുടങ്ങിയവയും റഷ്യ നടത്താറുണ്ട്.
ഭീകരവാദം അടിച്ചമർത്താനെന്ന പേരിൽ നിരവധി കാഠിന്യമേറിയ നടപടികളാണ് റഷ്യ ക്രൈമിയയിൽ നടത്തുന്നത്. പ്രത്യേക സ്ഥലങ്ങളിലല്ലാതെ മതപരമായ ചടങ്ങുകൾ നടത്താനോ പ്രസംഗം നടത്താനോ അനുവാദമില്ല. ക്രൈമിയൻ പള്ളികളിലെ വെള്ളിയാഴ്ച നമസ്‌കാരങ്ങൾ റഷ്യൻ സൈനികർ തടസ്സപ്പെടുത്തുന്നുവെന്നും ആംനെസ്റ്റി ഇന്റർനാഷനലിന്റെ റിപ്പോർട്ടിൽ പറയുന്നു. പാരമ്പര്യ ഇസ്ലാമിന്റെ ഭാഗമല്ല ഹിജാബ് എന്ന പുട്ടിന്റെ പരാമർശവും ഇതിനൊപ്പം വായിക്കണം. സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നത് ആദ്യം നിരോധിച്ചത് 2012ൽ റഷ്യയിലെ സ്റ്റാവ്റോപോൾ മേഖലയിലാണ്.