- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ
ലണ്ടൻ: റഷ്യയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിനിടയിൽ പിടിയിലായ ഭീകരൻ എന്ന് സംശയിക്കപ്പെടുന്ന സെയ്യ്ദ്ക്രമി മുറോദാലി രാജാബാലിസോഡയുടെ വീഡിയോ ക്ല്പീംഗ് പുറത്തു വന്നു. അയാളുടെ ചെവിയുടെ ഒരു ഭാഗം മുറിച്ചെടുത്ത് അയാളെ അത് തിന്നാൻ നിർബന്ധിക്കുന്നതാണ് വീഡിയോ. തിന്നാൻ തയ്യാറായില്ലെങ്കിൽ വായ കുത്തി തുറന്ന് അതിലേക്ക് ചെവിയുടെ കഷണം കുത്തി കയറ്റുമെന്ന് ഗാർഡ് ഭീഷണിപ്പെടുത്തുന്നുമുണ്ട്. ഡെയ്ലി മെയിൽ ആണ് ഈ ഭീകര ദൃശ്യം പുറത്തു വിട്ടിരിക്കുന്നത്.
നിമിഷങ്ങൾക്കകം ഇയാൾ ചോര വാർന്നൊലിക്കുന്ന ശിരസ്സുമായി നിലത്ത് കിടക്കുന്നത് കാണാം. മറ്റൊരു വീഡിയോയിൽ ഷംസിദ്ദീൻ ഫൈദുനി എന്ന ഭീകരൻ വായിൽ പതയൊലിപ്പിച്ച് നഗ്നനായി നിലത്ത് കിടക്കുന്നതും കാണാം. ഇയാളുടെ ജനനേന്ദ്രിയത്തിൽ ഒരു മിലിറ്ററി റേഡിയോ ഘടിപ്പിച്ച് ഇയാൾക്ക് വൈദ്യൂതാഘാതം ഏൽപ്പിച്ചതാണ് ഇയാൾ പതയും നുരയും ഒലിപ്പിച്ച് താഴേ വീഴാൻ ഇടയാക്കിയത്. റഷ്യൻ സൈന്യത്തിന്റെ ഏറെ പ്രിയംകരമായ ഒരു ശിക്ഷാ വിധിയാണ് ഈ വൈദ്യൂതാഘാതമേൽപ്പിക്കൽ എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന നാലുപേരെയും പിന്നീട് മോസ്കോയിലെ ഒരു കോടതിയിൽ ഹാജരാക്കിയപ്പോൾ, കടുത്ത മർദ്ദനത്തിന് വിധേയരായി എന്ന് തെളിയിക്കുന്ന പരിക്കുകളൂം മുറിവുകളും ഇവരുടെ ദേഹത്ത് ആകെയുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം അവർ അനുഭവിക്കാൻ പോകുന്നതിന്റെ ഒരു ചെറിയ സൂചന മാത്രമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശിക്ഷ വിധിച്ച്, റഷ്യൻ ജയിലുകളിൽ എത്തിയാലായിരിക്കും യഥാർത്ഥ പീഡനം ആരംഭിക്കുക.
ലൈംഗിക പീഡനം തന്നെയാണ് റഷ്യൻ ജയിലുകളിലെ ഏറ്റവും വലിയ ശിക്ഷ. ജയിൽ ജീവനക്കാരും, മറ്റ് ചില ജയിൽ പുള്ളികളും ഇവരെ മാറിമാറി ലൈംഗികമായി പീഡിപ്പിക്കും. അടുത്തകാലത്ത്, ഇത്തരത്തിലുള്ള പീഡനങ്ങളുടെ ചില ദൃശ്യങ്ങൾ ജയിൽ വിമോചിതരായ ചിലർ പുറത്ത് വിട്ടിരുന്നു. കൈകാലുകൾ കൂട്ടികെട്ടി നിലത്ത് കിടത്തിയായിരിക്കും ഇരകളെ ലൈംഗികമായി പീഡിപ്പിക്കുക് എന്ന് ഈ വീഡിയോകൾക്ക് ഒപ്പം നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.
റഷ്യൻ ജയിലുകളിൽ, തടവുപുള്ളികളെ ലൈംഗികമായി പീഡിപ്പിക്കാൻ മാത്രമായി ഒരു പറ്റം ആളുകൾ ഉണ്ടത്രെ. ജയിൽ ആശുപത്രികളിൽ കെയറർമാർ ആയും മറ്റുമായിരിക്കും പുറമെ ഇവർ കാണപ്പെടുക. എന്നാൽ, ജയിലിനകത്തെ ക്രിമിനൽ സംഘത്തിന്റെ ഭാഗമായ ഇവരുടെ പ്രധാന ജോലി സംഘത്തിൽ ഉൾപ്പെടാത്ത ജയിൽ പുള്ളികളെ ലൈംഗികമായി പീഡിപ്പിക്കുക എന്നതാണത്രെ. ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ എഫ് എസ് ഐ എൻ, എഫ് എസ് ബി എന്നീ രഹസ്യാന്വേഷണ സംഘങ്ങൾക്ക് കൈമാറും. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ അവരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായി ഈ ദൃശ്യങ്ങൾ ഉപയോഗിക്കും.
ലൈംഗിക പീഡനത്തിനു പുറമെ, തടവുകാരെ എന്നും മർദ്ദിക്കുക എന്നത് ഗാർഡുകളുടെ ഒരു സ്ഥിരം ജോലിയാണ്. റഷ്യയിലെ എല്ലാ ജയിലുകളിലും ഈ പതിവുകൾ ഉണ്ട്. കൈകൾ പുറകിൽ കെട്ടി, കുനിച്ച് നിർത്തി മുതുകിൽ ആയിരിക്കും അടിക്കുക. ഇതിനായി പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥന്മാരും ഉണ്ടത്രെ. റബ്ബർ വടികൾ ആയിരിക്കും പ്രധാനമായും ഉപയോഗിക്കുക. ശരീരത്തിൽ പരിക്കുകൾ ഉണ്ടാകാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. എന്നാൽ, ചില മർമ്മ ഭാഗങ്ങളിൽ ഇതിന്റെ മർദ്ദനം ഏൽക്കുന്നത് ഒരു പക്ഷെ ഭാവി ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിച്ചെന്നു വരാം.
ചില സമയങ്ങളിൽ ഇരകളുടെ ബോധം പോകുന്നത് വരെ മർദ്ദനം തുടരും. ബോധം മറഞ്ഞാൽ ഇരകളെ തൂക്കി അവരവരുടെ സെല്ലുകളിലേക്ക് വലിച്ചെറിയുകയാണ് പതിവ്. മർദ്ദനത്തിനിടെ തടവുകാരൻ മരണപ്പെട്ടാൽ, ആന്തരികാവയവങ്ങൾ എല്ലാം നീക്കം ചെയ്തതിന് ശേഷം മാത്രമായിരിക്കും മൃത ശരീരം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുക. ഇത്തരം പീഡനങ്ങൾ ജയിലുകൾക്ക് അകത്ത് മാത്രമല്ല പുറത്തും നടക്കുന്നുണ്ടെന്ന് ഒരു റിപ്പോർട്ട് അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. യുക്രെയിനിന്റെ റഷ്യൻ അധിനിവേശ പ്രദേശങ്ങളിലുള്ള യുക്രെയിൻ വംശജർ സമാനമായ പീഡനങ്ങൾ അനുഭവിക്കുകയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.