- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
ന്യൂഡൽഹി: ദക്ഷിണ ചൈന കടലിൽ ചൈന തുടരുന്ന ആക്രമണോത്സുകമായ നടപടികൾക്കെതിരെ ഫിലിപ്പീൻസ് പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെ ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. മനിലയിൽ വെച്ച് ഫിലിപ്പീൻസ് വിദേശകാര്യ സെക്രട്ടറി എന്റിക് മനാലോയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ദക്ഷിണ ചൈനാക്കടലിൽ ചൈന ഫിലിപ്പീൻസ് സംഘർഷം തുടരുന്നതിനിടെയാണ് ഫിലിപ്പീൻസിന് ഇന്ത്യ പിന്തുണ അറിയിച്ചത്. സമീപകാലത്തായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ സുരക്ഷാപ്രതിരോധ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം വളർന്നിരുന്നു. ഇന്ത്യയും റഷ്യയും ചേർന്ന് നിർമ്മിച്ച ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യ ഉപഭോക്താവ് ഫിലിപ്പീൻസ് ആയിരുന്നു.
സമുദ്ര നിയമങ്ങളെ കുറിച്ചുള്ള യുഎന്നിന്റെ ഉടമ്പടി പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൈനയുടെ പേരെടുത്ത് പറയാതെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കി. സമുദ്ര ഭരണഘടനയെന്നാണ് യുഎൻ സമുദ്രനിയമങ്ങളെ ജയശങ്കർ വിശേഷിപ്പിച്ചത്. ദേശീയ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള ഫിലിപ്പീൻസിന്റെ ശ്രമങ്ങൾക്കുള്ള പിന്തുണ ഊട്ടിയുറപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഫിലിപ്പീൻസിലെ ദേശീയ സുരക്ഷാ ഉപദേശകൻ എഡ്യുറാഡോ അനോ, പ്രതിരോധ സെക്രട്ടറി ഗിൽബെർട്ട് തിയോഡൊറോ, പ്രസിഡന്റ് ഫെർഡിനാൻഡ് ബോങ്‌ബോങ് മാർകോസ് എന്നിവരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. ഫിലിപ്പീൻസിന്റെ നിയമാനുസൃത സമുദ്ര പ്രവർത്തനങ്ങൾക്കെതിരെ ചൈന നടത്തുന്ന അപകടകരമായ പ്രവർത്തനങ്ങളെ യുഎസും അപലപിച്ചിരുന്നു.
അതേ സമയം ഇന്ത്യയുടെ നിലപാടിൽ ചൈന അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടുരാജ്യങ്ങൾക്കിടയിലുള്ള സമുദ്രാതിർത്തി പ്രശ്‌നങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാനുള്ള അധികാരമില്ലെന്ന് ചൈനീസ് വക്താവ് ലിൻ ജിയാൻ പറഞ്ഞു.
ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിൽ (South China Sea) ഇന്ത്യയുടെയും ഫിലിപ്പീൻസിന്റെയും നേതൃത്വത്തിൽ നാവികാഭ്യാസം നടത്തുന്നതിനെതിരെ (Naval training) ചൈന നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യയും ഫിലിപ്പീൻസും (India and Philippines) തമ്മിലുള്ള പ്രതിരോധ സഹകരണം മൂന്നാം ലോക രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്കും പ്രാദേശിക സമാധാനത്തിനും ഹാനികരമാകരുതെന്നാണ് ചൈന മുന്നറിയിപ്പ് നൽകിയത്.
സൈനിക അഭ്യാസങ്ങളുമായി ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണം മറ്റു രാജ്യങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമോ എന്ന ആശങ്കയുണ്ടെന്നും ചൈനീസ് വക്താവ് പറഞ്ഞു. ഈ സൈനിക അഭ്യാസങ്ങൾ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഹാനികരമാകരുതെന്നാണ് ചൈനയുടെ ആഗ്രഹമെന്നും ചൈനീസ് വക്താവ് പറഞ്ഞു.
ചൈന- ഫിലിപ്പീൻസ് തർക്കം
മറ്റു രാജ്യങ്ങളുമായി ഫിലിപ്പീൻസ് നടത്തുന്ന സൈനിക സഹകരണങ്ങൾക്കെതിരെ ചൈന പലപ്പോഴും അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഫിലിപ്പീൻസിന്റെയും ചൈനയുടെയും നാവികസേനകൾ തമ്മിൽ വർക്ക് നടക്കുന്ന ദക്ഷിണ ചൈനാ കടലിന്റെ ഭാഗങ്ങളിൽ ഇരു രാജ്യങ്ങളും തങ്ങളുടെ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈന കടലിൽ ഇരു നാവികസേനകളും പലതവണ മുഖാമുഖം വന്നിട്ടുമുണ്ട്. ഈ ഭാഗങ്ങളുടെ നിയന്ത്രണം ബീജിങ് അവകാശപ്പെട്ടതിനെത്തുടർന്ന് ഫിലിപ്പീൻസിന്റെയും ചൈനയുടെയും നാവിക കപ്പലുകൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. തക്കപ്രദേശങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദവുമായി മനിലയും രംഗത്തെത്തിയിരുന്നു.
തങ്ങളുടെ കപ്പലുകളെ ആക്രമിക്കാൻ ചൈനീസ് കപ്പലുകൾ ജലപീരങ്കി ഉപയോഗിച്ചതായി ഫിലിപ്പീൻസ് നാവികസേന ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഫിലിപ്പീൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണെ, തായ്വാൻ എന്നീ രാജ്യങ്ങളും ഈ പ്രദേശങ്ങൾക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തുണ്ട്.