ലണ്ടൻ: നിരോധിക്കപ്പെട്ട ഭീകര സംഘടനായ ഐസിസിൽ ചേർന്ന ബന്ധുവിന് ഭക്ഷണം വാങ്ങാനുള്ള പണം നൽകിയതിന്റെ പേരിൽ, ഐസിസിന് ധനസഹായം നൽകി എന്ന കുറ്റം ആരോപിച്ച് എൻ എച്ച് എസ് നഴ്സിനെയും അവരുടെ മകളെയും ജയിലിലടച്ച് ബ്രിട്ടൻ. സൈക്യാട്രിൂക് നഴ്സ് ആയ 53 കാരി സ്റ്റെല്ല ഒയെല്ലയും അവരുടെ മകൾ, 32 കാരിയായ വനേസ അറ്റിമും അണ് മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടത്.

ഒയെല്ലയുടെ സഹോദരനും അറ്റിമിന്റെ അമ്മാവനുമായ ജോസഫ് ഒഗാബയ്ക്ക് 1800 പൗണ്ടിലധികം നൽകി സഹായിച്ചു എന്നതാണ് അവരുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. 2014- ൽ ബ്രിട്ടൻ വിട്ട് ഐസിസിൽ ചേരാൻ പോയ ആളാണ് ജോസഫ് ഒഗാബ. ഇപ്പോൾ ജയിലിൽ അടക്കെപ്പെട്ടിരിക്കുന്ന അമ്മയ്ക്കും മകൾക്കും, പുറത്തിറങ്ങണമെങ്കിൽ ചുരുങ്ങിയത് 18 മാസക്കാലമെങ്കിലും അതിനുള്ളിൽ കഴിയേണ്ടതായി വരും.

ഈ കുടുംബത്തിന് സംഭവിച്ച വിധിയിൽ അവരുടെ സുഹൃത്തുക്കളും അയൽക്കാരുമൊക്കെ അസ്വസ്ഥരാണ്. അവരെ ജയിലിലടച്ചു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ഒരു കുടുംബ സുഹൃത്ത് പറഞ്ഞത്. ആശയപരമായ ഐക്യം കൊണ്ടല്ല മറിച്ച് വൈകാരിക ബന്ധം കൊണ്ടാണ് അവർ പണം നൽകി സഹായിച്ചതെന്ന് ജഡ്ജ് പോലും പറഞ്ഞതായും അവർ പറയുന്നു. തനിക്ക് പണം അയച്ചു തന്നില്ലെങ്കിൽ താൻ പട്ടിണി കിടന്ന് മരിക്കുമെന്ന് നിരവധി എഴുത്തുകൾ അയച്ചതിന് പിന്നാലെയായിരുന്നു അവർ പണം നൽകി സഹായിക്കാൻ ഒരുങ്ങിയത് എന്ന് പറയപ്പെടുന്നു.

അമ്മയും മകളും ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ ആയിരുന്നില്ലെന്ന് അയൽക്കാരും സാക്ഷ്യപ്പെടുത്തുന്നു. അവർ സഹായിച്ചത് സഹോദരനെയും അമ്മാവനെയും ആയിരുന്നു. അത്യധികം ആത്മീയ ചിന്തയുള്ള ഒരു കുടുംബമായിരുന്നു അവരുടേതെന്നും അയൽക്കാർ പറയുന്നു. അങ്ങനെയുള്ളവർക്ക് ഒരിക്കലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാകില്ല എന്നും അവർ ഉറപ്പിച്ചു പറയുന്നു.

എൻ എച്ച് എസ്സിലെ മുൻ സഹപ്രവർത്തകർക്കും ഒയെല്ലയെ കുറിച്ച് നല്ല അഭിപ്രായം മാത്രമേയുള്ളു. അവർ സ്ഥിരമായി പോകുന്ന പാരിഷിലെ പുരോഹിതനും ഒയെല്ലക്ക് നൽകുന്നത് നല്ല സർട്ടിഫിക്കറ്റ് മാത്രമാണ്. അതുപോലെ അറ്റിം കോമൺവെൽത്ത്റ്റ് യൂത്ത് ലീഡേഴ്സ് ൻഫോറം പ്രതിനിധിയുമായിരുന്നു. മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതമായിരുന്നു ഇരുവർക്കുമെന്നും അയൽക്കാർ പറയുന്നു.

ജോസഫ് ഒരിക്കലും സിറിയയിലേക്ക് പോകരുതായിരുന്നു എന്ന് പറയുമ്പോഴും അതിന്റെ പേരിൽ സഹൊദരനെ ഉപേക്ഷിക്കാൻ ഒയെല്ലക്ക് കഴിയില്ലായിരുന്നു എന്നും സുഹൃത്തുക്കൾ പറയുന്നു. ഇനിയും പലരും ഇത്തരം സാഹചര്യങ്ങളുടെ സമ്മർദ്ദം പേറി ജീവിക്കുന്നവരുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഒരു റോമൻ കാത്തലിക് ആയി ജീവിച്ച ജോസഫ് ഒഗാബ 2004 നും 2006 നും ഇടയിൽ ഒരു ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്തായിരുന്നു ഇസ്ലാമതത്തിലേക്ക് മാറിയത്. തുടർന്ന് അയാൾ തീവ്രവാദത്തിൽ ആകൃഷ്ടനാവുകയായിരുന്നു.