ബെർലിൻ: കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ജർമനി. നവംബറിൽ ജർമൻ മന്ത്രിസഭ പുതിയ കഞ്ചാവ് നിയമത്തിന് അംഗീകാരം നൽകിയിരുന്നു.
ആരോഗ്യ സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധങ്ങൾ മറികടന്നാണ് ജർമനി തീരുമാനമെടുത്തിരിക്കുന്നത്. ജർമനിയുടെ ഭരണസഖ്യം മുന്നോട്ടുവച്ച പുതിയ നിയമപ്രകാരം പരിമിതമായ അളവിൽ കഞ്ചാവ് കൈവശം വയ്ക്കാനും കൃഷി ചെയ്യാനും അനുവദിക്കും.

18 വയസ്സിന് മുകളിൽ പ്രായമുള്ള ആർക്കും 25 ഗ്രാം ഉണക്ക കഞ്ചാവ് കൈയിൽ സൂക്ഷിക്കാനും മൂന്നുവരെ കഞ്ചാവ് ചെടികൾ വീട്ടിൽ വളർത്താനും പുതിയ നിയമത്തിൽ അനുമതി നൽകുന്നുണ്ട്. യൂറോപ്യൻ രാജ്യമായ നെതർലാൻഡ്‌സും മാർട്ടയും, ലക്‌സംബർഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ജർമനിയുടെ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജർമൻ പാർലമെന്റ് അംഗീകാരം നൽകിയത്.

ബ്ലാക്ക് മാർക്കറ്റിലൂടെ ലഭിക്കുന്ന മലിനമായ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തിലുണ്ടായ വർധവുണ്ട്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജർമൻ സർക്കാർ വ്യക്തമാക്കി. ജർമൻ കഞ്ചാവ് അസോസിയേഷൻ പറയുന്നത് പ്രകാരം ബ്ലാക്ക് മാർക്കറ്റിൽ ലഭിക്കുന്ന കഞ്ചാവിൽ ആരോഗ്യത്തിന് വലിയ രീതിയിൽ ഹാനികരമാകുന്ന വസ്തുക്കൾ കലർത്താറുണ്ട്.

അതേ സമയം കഞ്ചാവ് ഉപയോഗം നാഡീവ്യൂഹത്തിന്റെ വികാസത്തെ ബാധിക്കുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്. തുടർച്ചയായ ഉപയോഗം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും കാൻസറിനും കാരണമാകാം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ തകർക്കുമെന്നും വിദഗ്ദർ പറയുന്നു.

വളരെക്കാലമായി നെതർലാൻഡ്‌സിലും കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി നെതർലൻൻസിലെ ചില ഭാഗങ്ങളിൽ വിനോദസഞ്ചാരികൾക്ക് കഞ്ചാവ് വിൽക്കുന്നതിൽ നിരോധനമുണ്ട്.

പുതിയ നിയമത്തിന്റെ ഭാഗമായി ജുലൈ ഒന്നുമുതൽ ക്ലബുകളിൽ നിന്നും നിയമാനുസൃതമായി കഞ്ചാവ് വാങ്ങാൻ സാധിക്കും. 500 അംഗങ്ങളടങ്ങുന്ന കൂട്ടായ്മയിൽ ഒരാൾക്ക് ഒരുമാസം 50 ഗ്രാം കഞ്ചാവാകും നൽകുക.

ചാൻസലർ ഒലാഫ് ഷോൾസിന്റെ മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്‌പിഡി), ബിസിനസ് കേന്ദ്രീകൃത ഫ്രീ ഡെമോക്രാറ്റിക് പാർട്ടി, പരിസ്ഥിതിവാദി ഗ്രീൻസ് എന്നിവ ഉൾപ്പെടുന്ന ഭരണസഖ്യം മുന്നോട്ടുവച്ച നിയമനിർമ്മാണത്തിന് 407 പാർലമെന്റ് അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തിരുന്നു. ജർമൻ സഖ്യ സർക്കാരിന്റെ പിന്തുണയുള്ള ബില്ലിനെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ എതിർത്തിരുന്നു. ജർമൻ ജനതയിൽ 47% പേർ ബില്ലിനെ അനുകൂലിക്കുന്നുതായും 42% പേർ എതിർക്കുന്നതായും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു