- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു കെയിലെത്തിയ ഫാം ജോലിക്കാരുടെയും ജീവിതം സാമ്പത്തിക പ്രതിസന്ധിയിൽ
ലണ്ടൻ: വിളവെടുപ്പ് കാലത്ത് മാത്രം ബ്രിട്ടനിൽ പഴവർഗ്ഗങ്ങൾ പറിക്കുന്ന ജോലിക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ വിസയ്ക്കുള്ള ചാർജ്ജും വർദ്ധിപ്പിച്ചു. താത്ക്കാലിക ജോലിക്കായി എത്തി, വിളവെടുപ്പ് കാലം കഴിഞ്ഞാൽ തിരിച്ചു പോകുന്നവർക്കുള്ള വിസയുടെ ഫീസ് 5,500 പൗണ്ട്(അഞ്ചര ലക്ഷത്തോളം രൂപ) ആയി ഉയർത്തിയിരിക്കുകയാണ്. മധ്യ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് ഈ തൊഴിലിനായി കൂടുതൽ ആളുകൾ ബ്രിട്ടനിൽ എത്തുന്നത്. സർക്കാരിന്റെ സീസണൽ വർക്കർ സ്‌കീം വഴി ഈ തൊഴിൽ ലഭിക്കാൻ ഇവർക്ക് ശരാശരി 1,231 പൗണ്ട്(ഒന്നര ലക്ഷത്തിന് അടുത്ത് രൂപ) ഇടനിലക്കാർക്ക് നൽകേണ്ടതായും വരുന്നുണ്ട്.
കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, നേപ്പാൾ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഈ തൊഴിലിനായി കൂടുതൽ പേർ എത്തുന്നത്. അവരിൽ പലരും വന്ന്‌പ്പോൾ ഉള്ളതിനേക്കാൾ മോശമായ സാമ്പത്തിക പരിസ്ഥിതിയുമായാണ് തിരികെ പോകുന്നതും. ഇവരുടെ പ്രശ്‌നങ്ങളെകുറിച്ച് പഠനം നടത്തിയ ഗവേഷകരോട്, പഠനത്തിൽ പങ്കെടുത്ത തൊഴിലാളികളിൽ 72 ശതമാനം പേർ പറഞ്ഞത് യു കെയിലേക്ക് വരുന്നതിനുള്ള ചെലവ് കണ്ടെത്താനായി വായ്പ എടുത്തിട്ടുണ്ട് എന്നാണ്.
കസാക്കിസ്ഥാനിൽ നിന്നുള്ള അമിന എന്ന സ്ത്രീ പറഞ്ഞത്, കസാക്കിസ്ഥാനിൽ നിന്നും വന്ന പലരും അവരുടെ ആസ്തികളും മറ്റും വിറ്റാണ് യു കെയിലേക്ക് വരുന്നതിനുള്ള ചെലവ് കണ്ടെത്തിയത് എന്നാണ്. ഇവിടെ തൊഴിൽ ചെയ്ത് കൂടുതൽ പണം സമ്പാദിക്കാം എന്ന ആഗ്രഹവുമായിട്ടാണ് അവർ വരുന്നതെന്നും അമിന പറഞ്ഞു. അതുകൊണ്ടു തന്നെ പലരും, സ്വന്തം നാട്ടിലുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് വന്നിരിക്കുന്നത്.
ടിക്ടോക്, ടെലെഗ്രാം, ഇൻസ്റ്റാഗ്രാം വീഡിയോകളിൽ വരുന്ന പരസ്യങ്ങളിൽ നൽകുന്നത് മോഹന വാഗ്ദാനങ്ങളാണ്. എല്ലാം സുരക്ഷിതവും സുന്ദരവുമായി തോന്നും. എന്നാൽ ഇവിടെ എത്തിയാലുള്ള അനുഭവം നേരെ മറിച്ചുമായിരിക്കും. വൻ ചതിയാണ് ഇവിടെ നടക്കുന്നതെന്നും അവർ പറഞ്ഞു വയ്ക്കുന്നു.
ആറു മാസക്കാലത്തെ വിസയിൽ എല്ലാവർഷവും 45,000 വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവാദം നൽകുന്നതാണ് സീസണൽ വർക്കർ പദ്ധതി. കഴിഞ്ഞ വർഷം ഇത്തരത്തിൽ യു കെയിൽ എത്തിയ കുടിയേറ്റക്കാരെ പരസ്യമായി അവഹേളിച്ചതായും, വാഗ്ദാനം ചെയ്ത വേതനം പൂർണ്ണമായി നൽകാതിരുന്നതായും ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസവും ഇൻഡിപെൻഡന്റ് പത്രവും യോജിച്ച് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മാത്രമല്ല, പരിതാപകരമായ സാഹചര്യത്തിൽ ജീവിക്കുവാൻ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു.
83 കുടിയേറ്റക്കാരുമായും 2022 ജൂണിനും ഒക്ടോബറിനും ഇടയിൽ സീസണൽ വർക്കർ വിസ റൂട്ടിൽ യു കെയിൽ എത്തിയ 399 പേരുമായും സംസാരിച്ച് തയ്യാറാക്കിയതാണ് ഫോക്കസ് ഓൺ ലേബർ എക്‌സ്‌പ്ലോയിറ്റേഷൻ (ഫ്‌ളെക്‌സ്) ന്റെ പുതിയ റിപ്പോർട്ട്. അതിൽ പങ്കെടുത്തവരിൽ അഞ്ചിൽ രണ്ടു പേരും പറഞ്ഞത് തങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിലായിരുന്നു തങ്ങൾ ഒപ്പിട്ട കരാർ എന്നായിരുന്നു. ഇവിടേക്ക് വരുന്നതിന് മുൻപായി സത്യം തുറന്നു പറയുന്നതാണ് നല്ലതെന്ന് യുക്രെയിനിൽ നിന്നുള്ള 49 കാരിയായ ഒരു വനിത തൊഴിലാളി പറയുന്നു. അതല്ലെങ്കിൽ, ഇവിടേക്ക് ജോലിക്ക് വരാൻ ആളുകൾ മടിക്കുന്ന കാലം വരും എന്നും അവർ പറയുന്നു.
പലരും, ജോലിക്ക് വരുകയും, കുറച്ചുനാൾ ജോലി ചെയ്തതിനു ശേഷം എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയുമാണ്. പലർക്കും തൊഴിൽ ലഭിക്കുന്നതിനായി ഏജന്റുമാർക്ക് പണം നൽകേണ്ടതായി വന്നിട്ടുണ്ട്. ഈ പദ്ധതിയിൽ എത്തിയവരിൽ ഏറിയ പങ്കും വഞ്ചിക്കപ്പെടുക എന്നതുൾപ്പടെ, തടയാൻ കഴിയുന്ന അപകട സാധ്യതകളിലാണെന്ന് ഫ്‌ളെക്‌സ് റിസർച്ച് മാനേജർ ഒളിവർ ഫിഷർ പറയുന്നു. വഞ്ചിക്കപ്പെടാൻ ഇടയാക്കുന്ന പിഴവുകൾ ഈ നിയമത്തിൽ നിന്നും നീക്കംചെയ്യണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെടുന്നു.