രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: അടുത്തിടെയായി ബ്രിട്ടണിലെ കമ്പനി ഹൗസ് രേഖകളിലെ വിശദാംശങ്ങൾ ഹാരി രാജകുമാരൻ തിരുത്തിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. താമസിക്കുന്ന രാജ്യം എന്ന കോളത്തിലാണ് പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ ഇത് യുണൈറ്റഡ് കിങ്ഡം ആയിരുന്നെങ്കിൽ ഇപ്പോൾ അത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ആയിട്ടുണ്ട്. കമ്പനീസ് ഹൗസിൽ ഫയൽ ചെയ്ത രേഖകൾ പ്രകാരം പ്രിൻസ് ഹെന്റി ചാൾസ് ആൽബർട്ട് ഡേവിഡ്, ഡ്യൂക്ക് ഓഫ് സസക്സ് താമസിക്കുന്നത് അമേരിക്കയിലാണ്.
ഈ രേഖകളിലെ ഹാരിയുടെ പൂർണ്ണ നാമവും മുകളിൽ സൂചിപ്പിച്ചതു പോലെയാണ്. നേരത്തെ ഈ രേഖകളിൽ താൻ താമസിക്കുന്ന രാജ്യമായി ഹാരി പറഞ്ഞിരുന്നത് ബ്രിടൻ ആയിരുന്നു. ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടാൻ അമേരിക്കൻ ഭരണകൂടത്തിനു മേൽ കടുത്ത സമ്മർദ്ദം ഉയരുന്നതിനിടയിലാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്. നിലവിലെ ഭരണകൂടം ഒരു കാരണവശാലും ഹാരിയെ നാടുകടത്തുകയില്ല എന്ന് ലണ്ടനിലെ അമേരിക്കൻ അംബാസിഡർ പ്രസ്താവിച്ചതിന് തൊട്ടു പുറകെയാണ് ഹാരിയുടെ വിസയുടെ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യത്തിന് ശക്തിയേറിയത്.
ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഹെറിറ്റേജ് ഫൗണ്ടേഷൻ കമ്പനീസ് ഹൗസിന്റെ രേഖകളുടെ പകർപ്പുകൾ തങ്ങളുടെ കേസിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഹാരിയുടെ പരിസ്ഥിതി സൗഹാർദ്ദ ട്രാവൽ കമ്പനിയായ ട്രാവലിസ്റ്റുമായി ബന്ധപ്പെട്ടായിരുന്നു പുതിയ വിശദാംശങ്ങൾ കമ്പനീസ് ഹൗസിൽ ഹാജരാക്കിയിട്ടുള്ളത്. ഇതോടെ, ബ്രിട്ടനിലെ കൗൺസിലർ ഓഫ് സ്റ്റേറ്റ് പദവിയിൽ തുടരാനുള്ള ഹാരിയുടെ അവകാശവും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ പദവി വഹിക്കാൻ, വ്യക്തി ബ്രിടനിൽ സ്ഥിരതാമാസം ആയിരിക്കണമെന്ന് നിബന്ധനയുണ്ട്.
ഹാരി താമസിച്ചിരുന്ന ഫ്രോഗ്മോർ കോട്ടേജ് ഒഴിയുവാൻ ചാൾസ് രാജാവ് ആവശ്യപ്പെട്ടതോടെ ഹാരിക്ക് യു കെയിൽ ഒരു സ്ഥിര താമസ സ്ഥലവും ഇല്ലാതെ ആയിട്ടുണ്ട്. നിലവിൽ, ഹാരിയുടെ കൗൺസിലർ ഓഫ് സ്റ്റേറ്റ് പദവിയുമായി ബന്ധപ്പെട്ട് സങ്കീർണ്ണതകൾ ഏറെയാണ്. രാജാവിന്റെ രണ്ടാമത്തെ മകൻ രാജകുടുംബ ചുമതലകളിൽ നിന്നും വിട്ടു നിൽക്കുന്നതിനെ ന്യായീകരിക്കാൻ നിലവിൽ നിയമങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. കൗൺസിലർ ഓഫ് സ്റ്റേറ്റ് പട്ടികയിൽ ആൻ രാജകുമാരിയെയും എഡ്വേർഡ് രാജകുമാരനെയും ചേർക്കണമെന്ന് 2022- ൽ രാജാവ് പാർലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഹാരിയെയും ആൻഡ്രൂ രാജകുമാരനെയും ആ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ രാജാവ് തുനിഞ്ഞില്ല. കുടുംബ ബന്ധങ്ങളിൽ സംഘർഷം ഉറഞ്ഞുകൂടുന്നത് ഒഴിവാക്കുവാനായിരുന്നു അത്. എന്നാൽ, അടുത്ത കാലത്ത് രാജാവിന് കാൻസർ സ്ഥിരീകരിക്കപ്പെട്ടതോടെ ഈ പ്രശ്നവും അടിയന്തിര സ്വഭാവമുള്ളതായി മാറിയിരിക്കുകയാണ്. അതിനിടയിൽ, ബ്രിട്ടനിലെത്തുമ്പോൾ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഹാരി ഹൈക്കോടതിൽ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. ഇതിൽ നിയമനടപടികൾക്കായി ഹോം ഓഫീസ് ചെലവാക്കിയ തുക ഹാരി നൽകണമെന്നും വിധി ഉണ്ടായി.
ഇതിനെല്ലാം പുറമെയാണ് ഹാരിയുടെ വിസയുടെ വിശദാംശങ്ങൾ വെളിപ്പെറ്റുത്തണമെന്ന് ആവശ്യപ്പെട്ട് ഹെരിറ്റേജ് ഫൗണ്ടേഷൻ നൽകിയ കേസ്. തന്റെ ഓർമ്മക്കുറിപ്പുകളിൽ കൊക്കെയ്ൻ ഉപയോഗിച്ചു എന്ന് ഹാരി അവകാശപ്പെട്ടതിന് തൊട്ടു പുറകെയായിരുന്നു ഫൗണ്ടേഷൻ കേസ് നൽകിയത്. അമേരിക്കൻ നിയമങ്ങൾ അനുസരിച്ച് കൊക്കെയ്ൻ ഉപയോഗിച്ചു എന്നത് വിസ അപേക്ഷ തള്ളുന്നതിനുള്ള ഒരു കാരണമാണ്.